ചൊവ്വയിലെ പ്രണയ ചിഹ്നങ്ങള്‍

ചൊവ്വയില്‍ ചെന്നാലും പ്രണയിക്കാന്‍ അവസരമുണ്ട്. ചൊവ്വ തന്നെ അത് നമുക്കായി ഒരുക്കിവച്ചിട്ടുണ്ട്. അത്തരം ചില അടയാളങ്ങളും രസകമായ കാര്യങ്ങളും

ചൊവ്വയുടെ ചിരി! 

കടപ്പാട്: NASA/JPL-Caltech/MSSS
 ചിത്രം കണ്ടിട്ട് എന്തു തോന്നുന്നു. ആരോ വരച്ചുവച്ച ഒരു സ്മൈലി പോലെയുണ്ടോ?
ചൊവ്വയ്ക്കു ചുറ്റും കറങ്ങി ചൊവ്വയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ഒരു പേടകമുണ്ട്. പേര് Mars Reconnaissance Orbiter. MRO എന്നു ചുരുക്കിവിളിക്കും. 2006ല് ചൊവ്വയിലെത്തിയ ഈ പേടകം പകര്ത്തിയ ചിത്രമാണിത്. ഒരു ക്രേറ്ററാണിത്. 2008 ജനുവരിയിലാണ് 3 കിലോമീറ്ററോളം വലിപ്പമുള്ള ഈ
ക്രേറ്ററിന്റെ ചിത്രം MRO പകര്ത്തുന്നത്. വലന്റൈന്ദിനത്തില് ആര്ക്കെങ്കിലും ഒരു ചിരി സമ്മാനിക്കണമെങ്കില് ഈ ചിത്രം അയച്ചുകൊടുത്തോളൂ! 





ഹൃദയം!

ചിത്രത്തിനു കടപ്പാട്: NASA/JPL-Caltech/MSSS

പ്രണയമുണ്ടേല്‍ ആ പ്രണയം ഭൂമിയില്‍ മാത്രമല്ല, അങ്ങ് ചൊവ്വയില്‍വരെ എത്തും. സംശയമുണ്ടേല്‍ ഈ ചിത്രം നോക്കൂ. പ്രണയഭരിതമായ ഈ ഹൃദയം അങ്ങ് ചൊവ്വയിലാണ്. അതും രണ്ടുകിലോമീറ്ററോളം വലിപ്പമുള്ളത്. ചൊവ്വയ്ക്കു ചുറ്റും ഉപഗ്രഹമായി കറങ്ങിനടക്കുന്ന Mars Reconnaissance Orbiter 2008 ഫെബ്രുവരി 26ന് പകര്‍ത്തിയ ചിത്രമാണിത്. പണ്ടു പണ്ട് ഇവിടെ ചൊവ്വയ്ക്കടയില്‍ വെള്ളമുണ്ടായിരുന്നത്രേ. ആ വെള്ളം പെട്ടെന്ന് പുറത്തുവന്നതോ മറ്റോ ആണ് ഈ മേഖലയില്‍ ഇത്തരം ചില ഉപരിതലസവിശേഷതകള്‍ ഉണ്ടാകാന്‍ കാരണം എന്നു കരുതുന്നു. Hydaspis Chaos എന്നു വിളിക്കുന്ന മേഖലയിലാണ് ഹൃദയാകൃതിയില്‍ ചൊവ്വയുടെ ഉപരിതലം ഉള്ളത്.
ചൊവ്വയില്‍നിന്നൊരു പ്രണയോപഹാരം എന്ന പേരില്‍ ആര്‍ക്കു വേണമെങ്കിലും ഈ ചിത്രം അയച്ചുകൊടുത്തോളൂ. പിന്നീടുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാനും നാസയും ഉത്തരവാദി ആയിരിക്കുന്നതല്ല എന്നു മാത്രം!



ചിത്രത്തിനു കടപ്പാട് : NASA/JPL-Caltech/MSSS
കാലമേറെക്കഴിഞ്ഞാലും പ്രണയത്തിന്റെ അടയാളം ബാക്കിനില്‍ക്കും, അതങ്ങ് ചൊവ്വയിലാണെങ്കില്‍പ്പോലും. ചൊവ്വയിലെ Kasei Valles എന്ന പ്രദേശത്താണ് ഈ അടയാളം. ചൊവ്വയെക്കുറിച്ചു പഠിക്കാന്‍ 1997ല്‍ ചൊവ്വയുടെ ഉപഗ്രഹമായി മാറിയ ഒരു പേടകമുണ്ട്. പേര് Mars Global Surveyor. നാസ വിക്ഷേപിച്ച ഈ ഉപഗ്രഹം 2006വരെ ചൊവ്വയ്ക്കു ചുറ്റും കറങ്ങി നിരവധി വിവരങ്ങള്‍ നമുക്കായി തന്നിരുന്നു. അതിനിടയില്‍ 2004 സെപ്തംബറിലാണ് പേടകം ഈ ചിത്രം പകര്‍ത്തുന്നത്.
380 മീറ്റര്‍ വലിപ്പമുള്ള ഒരു ചെറിയ കുഴിയാണിത്. ഇത് രൂപപ്പെട്ട കാലത്ത് കുറെക്കൂടി മനോഹരമായി ഇത് കാണാമായിരുന്നു എന്നു കരുതുന്നു. പിന്നീട് ചൊവ്വയിലെ കാറ്റ് ഇതിന്റെ അരികുകളെ പറത്തിക്കൊണ്ടുപോയി. പ്രണയത്തിനു മരണമില്ല എന്നു പറഞ്ഞ് കാലമേറെക്കഴിഞ്ഞിട്ടും ആ ഹൃദയാകൃതി ഇപ്പോഴും അവിടെ നിലനില്‍ക്കുന്നു. ചൊവ്വ കല്യാണംമുടക്കിയെന്ന അന്ധവിശ്വാസം ഇനിയെങ്കിലും നമുക്ക് ഒഴിവാക്കാം. ഇത്രയും പ്രണയഭരിതയായ ചൊവ്വയെ ഇനിയും കല്യാണംമുടക്കിയെന്നു വിളിക്കരുതേ!

ചൊവ്വയില്‍ മറ്റൊരു ഹൃദയചിഹ്നം!

ചിത്രത്തിനു കടപ്പാട് : NASA/JPL-Caltech/MSSS
എത്ര മനോഹരമായ ഒരു അടയാളമാണിത്. 1997ല്‍ ചൊവ്വയുടെ ഉപഗ്രഹമായി മാറിയ Mars Global Surveyor പകര്‍ത്തിയ ചിത്രം. ഏതാണ്ട് ഒരു കിലോമീറ്ററോളം വലിപ്പമുണ്ട് ഈ അടയാളത്തിന്. ഒരു കാലത്ത് ഏറെ സജീവമായിരുന്നു എന്നു കരുതുന്ന ചൊവ്വയിലെ പ്രകൃതിപ്രതിഭാസങ്ങളാവണം ഇത്തരമൊരു 'കുഴി' രൂപപ്പെടാനുള്ള കാരണം. 2004 ഏപ്രിലിലാണ് മാര്‍സ് ഗ്ലോബല്‍ സര്‍വെയര്‍ ഈ ചിത്രം പകര്‍ത്തുന്നത്.

---നവനീത്...

#കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു













Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു