സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലേറി മനുഷ്യര്‍ ബഹിരാകാശനിലയത്തിലേക്ക്... SpaceX
‍‍ഡ്രാഗണ്‍ പേടകം. കടപ്പാട്: SpaceX
ബഹിരാകാശമേഖലയില്‍ ഒരു സ്വകാര്യസ്ഥാപനം. റോക്കറ്റുകളും മറ്റും നിര്‍മ്മിച്ച് മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനും മറ്റു ഗ്രഹങ്ങളില്‍ എത്തിക്കാനും ഉള്ള ഒരു സ്ഥാപനം. അങ്ങനെയൊന്ന് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അധികമാരുടെയും മനസ്സില്‍പ്പോലും ഇല്ലായിരുന്നു. അവിടേക്കാണ് ഇലോണ്‍ മസ്ക് എന്ന മനുഷ്യന്‍ കടന്നുചെല്ലുന്നത്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ ഒരു ഭ്രാന്തനെപ്പോലെ സഞ്ചരിക്കുന്ന ഇലോണ്‍ ബഹിരാകാശമേഖലയില്‍ കൈവച്ചിട്ട് അധികകാലം ആയിട്ടില്ല. സ്പേസ് എക്സ് എന്ന തന്റെ ബഹിരാകാശക്കമ്പനിയുമായി അദ്ദേഹം ഏറെ മുന്നോട്ടുപോയി. ഇന്ന് നാസയുടെ പല പ്രൊജക്റ്റുകളിലും സ്പേസ് എക്സ് പങ്കാളിയാണ്.


ഇലോണ്‍ മസ്ക് ഇതാ വീണ്ടും ചരിത്രമെഴുതുന്നു. കഴിഞ്ഞ കുറച്ചുകാലമായി നാസപോലും കൈവയ്ക്കാത്ത മേഖലയില്‍ സ്പേസ് എക്സ് കടന്നുകയറുന്നു.  ബഹിരാകാശനിലയത്തിലേക്ക് ആസ്ട്രനോട്ടുകളെ എത്തിക്കാന്‍ പോവുകയാണ് സ്പേസ് എക്സ്.
സ്പേസ് എക്സ് വികസിപ്പിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റിലേറിയാണ് യാത്രികര്‍ ബഹിരാകാശത്തേക്കു കുതിക്കുക. വ്യാഴാഴ്ച അതിരാവിലെ ഇന്ത്യന്‍സമയം രണ്ടു മണിയോടെയാണ് വിക്ഷേപണം.

നാസ പണ്ട് സ്പേസ് ഷട്ടിലുകള്‍ ഉപയോഗിച്ചാണ് തങ്ങളുടെ യാത്രികരെ ബഹിരാകാശനിലയത്തില്‍ എത്തിച്ചിരുന്നത്. ചലഞ്ചര്‍, കൊളംബിയ എന്നീ സ്പേസ് ഷട്ടില്‍ ദുരന്തങ്ങളെത്തുടര്‍ന്ന് സ്പേസ് ഷട്ടിലുകള്‍ പിന്നീട് അധികകാലം ഉപയോഗിച്ചില്ല. 2011ലായിരുന്നു സ്പേസ് ഷട്ടിലിന്റെ അവസാനത്തെ പറക്കല്‍. പിന്നീട് നാസ റഷ്യയുടെ സഹായത്തോടെയാണ് യാത്രികരെ നിലയത്തില്‍ എത്തിച്ചിരുന്നത്. 2011നുശേഷം സോയൂസ് പേടകത്തില്‍ അനേകം അമേരിക്കക്കാര്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എത്തിയിട്ടുണ്ട്.
അമേരിക്കയുടെ മണ്ണില്‍നിന്ന് വീണ്ടും ആസ്ട്രനോട്ടുകള്‍ ബഹിരാകാശനിലയത്തിലേക്ക് എത്താന്‍ പോവുകയാണ്. പക്ഷേ ഇത്തവണ നാസയുടെ റോക്കറ്റിലല്ല. മറിച്ച് സ്പേസ് എക്സ് എന്ന സ്വകാര്യകമ്പനിയുടെ റോക്കറ്റിലാണ് യാത്ര എന്നു മാത്രം!
ഫാല്‍ക്കണ്‍ റോക്കറ്റിന്റെ വിക്ഷേപണം. രേഖാചിത്രം. കടപ്പാട്: SpaceX


2012 മുതല്‍ സ്പേസ് എക്സിന്റെ റോക്കറ്റിലും പേടകത്തിലുമായി നാസയ്ക്കുവേണ്ടി ചരക്കുകള്‍ നിലയത്തിലെത്തിക്കാന്‍ സ്പേസ് എക്സിനു കഴിഞ്ഞിട്ടണ്ട്. അതിനായി ഉപയോഗിച്ച ഡ്രാഗണ്‍ എന്ന പേടകത്തിന്റെ പരിഷ്കരിച്ച രൂപമാണ് മനുഷ്യരെ ബഹിരാകാശനിലയത്തിലെത്തിക്കാന്‍ ഉപയോഗിക്കുന്നത്. ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഡ്രാഗണ്‍ പേടകം ഘടിപ്പിച്ചിരിക്കുന്നത്. റോക്കറ്റ് നിശ്ചിത ഉയരത്തില്‍ എത്തിയാല്‍ ഡ്രാഗണ്‍ പേടകം അതില്‍നിന്ന് വേര്‍പെട്ട് സ്വന്തമായി യാത്രയാവും.
റോക്കറ്റ് തിരികെ ഭൂമിയിലേക്ക് പോരും. കടലില്‍ കിടക്കുന്ന കപ്പലില്‍ ഈ റോക്കറ്റ് തിരികെ വന്നിറങ്ങും.

യാത്രികര്‍ - കടപ്പാട്: SpaceX
Robert Behnken, Douglas Hurley എന്നീ യാത്രികരെ വഹിച്ചുകൊണ്ടാവും സ്പേസ് എക്സിന്റെ റോക്കറ്റ് കുതിക്കുക. സ്പേസ് എക്സ് ഡെമോ -2  മിഷന്‍ എന്നാണ് ഈ ദൗത്യത്തിനു പേരിട്ടിരിക്കുന്നത്. എന്തായാലും എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വ്യാഴാഴ്ച അതിരാവിലെയുള്ള വിക്ഷേപണത്തിനായി.

---നവനീത്....

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു