സൂര്യൻ കാരണം ഉപഗ്രഹങ്ങൾ താഴേക്കു വീഴുന്നതെങ്ങനെ? (വി എസ് എസി സിയുടെ പുതിയ കണ്ടെത്തൽ!)
1859 സെപ്റ്റംബർ 1. ഇംഗ്ലീഷ് വാനനിരീക്ഷകൻ റിച്ചാർഡ് കാരിങ്ടൺ തന്റെ വാനനിരീക്ഷണാലയത്തിൽ സൂര്യനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സൺസ്പോട്ടുകൾ ഉള്ള സമയമാണ്. പെട്ടെന്നാണ് അദ്ദേഹം അതു ശ്രദ്ധിക്കുന്നത്. സൺസ്പോട്ടുകൾക്ക് ഇടയിൽനിന്ന് ശക്തി കൂടിയ ഒരു പ്രകാശം പുറത്തുവരുന്നു. കൗതുകത്തോടെ അദ്ദേഹം ആ നിരീക്ഷണം തുടർന്നു. പക്ഷേ ശരിക്കുമുള്ള കൗതുകം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മണിക്കൂറുകൾ കഴിഞ്ഞതോടെ ഭൂമിയുടെ പല ഭാഗത്തും വിചിത്രമായ പല കാര്യങ്ങളും സംഭവിക്കാൻ തുടങ്ങി. ധ്രുവപ്രദേശങ്ങളിൽ മാത്രം കാണാറുള്ള അറോറകൾ ഭൂമധ്യരേഖയോട് അടുത്തുള്ള പ്രദേശങ്ങളിൽപ്പോലും ദൃശ്യമായി. കരീബിയൻ ദ്വീപുകളിലും ഹവായിയിലും ഉള്ളവർ ആ വർണ്ണവിസ്മയം നേരിട്ടുകണ്ടു.
പക്ഷേ ആ വർണ്ണവിസ്മയങ്ങളുടെ മനോഹാരികതയ്ക്ക് അപ്പുറം മറ്റൊരു ദുരന്തം ഭൂമിയെ കാത്തുകിടക്കുന്നുണ്ടായിരുന്നു. അക്കാലത്ത് ആശയവിനിമയത്തിനായി ലോകമെമ്പാടും ഉള്ളത് ടെലഗ്രാഫ് ലൈനുകളാണ്. ഇതിൽ മിക്കവയും പണിമുടക്കി. പലയിടത്തും തീപ്പൊരികളുണ്ടായി. ചിലർക്ക് ഷോക്കേറ്റു. ബാറ്ററികൾ ഊരി മാറ്റിയിട്ടും ഈ ബുദ്ധിമുട്ടുകൾ തുടർന്നു. സൂര്യനിൽനിന്നുണ്ടായ അതിശക്തമായ കൊറോണൽ മാസ് ഇജക്ഷനും (CME) തുടർന്നുണ്ടായ കാന്തികക്കൊടുങ്കാറ്റുമായിരുന്നു വില്ലത്തരം കാണിച്ചത്. ടെലഗ്രാഫ് ലൈനുകളിൽ വൈദ്യുതിയുണ്ടാക്കാൻ ഈ സൗരക്കാറ്റിനായതായിരുന്നു കാരണം! ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ കാന്തികക്കൊടുങ്കാറ്റായ അത് പിന്നീട് ‘കാരിംങ്ടൺ സംഭവം’ എന്നാണ് അറിയപ്പെട്ടത്.
കാലം കുറെക്കഴിഞ്ഞു. 1989 മാർച്ചുമാസം കാനഡയിലെ ക്യൂബെക്ക് പ്രവിശ്യയിൽ തണുപ്പുകാലമായിരുന്നു. സൂര്യനിൽനിന്നുള്ള അതിശക്തമായ ഒരു കാന്തികക്കൊടുങ്കാറ്റ് അപ്പോഴാണ് ഭൂമിയിലെത്തിയത്. ആ പ്രവിശ്യയിലെ പവർ ഗ്രിഡുകൾ പൂർണ്ണമായും തകർന്നു. ആ കൊടുംതണുപ്പിൽ അറുപതു ലക്ഷത്തോളം പേരാണ് ഒൻപതു മണിക്കൂറുകളോളം വൈദ്യുതിയില്ലാതെ ഇരുട്ടിൽക്കഴിഞ്ഞത്.
ഈയടുത്തകാലത്തു നടന്ന മറ്റൊരു സമാനസംഭവം ബാധിച്ചത് ഉപഗ്രഹങ്ങളെയാണ് . 2022 ഫെബ്രുവരിയിൽ ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സ് 49 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. വിക്ഷേപണം വിജയകരമായിരുന്നെങ്കിലും, ദിവസങ്ങൾക്കകം അതിൽ 40 ഉപഗ്രഹങ്ങളും ഭൂമിയുടെ അന്തരീക്ഷത്തിലേക്കുതന്നെ തിരികെ വീണ് കത്തിനശിച്ചു. കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടമാണ് അന്നുണ്ടായത്. ഇതിനു കാരണമായതും സൂര്യനിൽ നിന്നുണ്ടായ കൊറോണൽ മാസ് ഇജക്ഷൻ ഭൂമിയിൽ വന്നിടിച്ചതിനെത്തുടർന്നുണ്ടായ കാന്തികക്കൊടുങ്കാറ്റായിരുന്നു.
ചുരുക്കത്തിൽ ഭൂമിയെ എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്ന ഒരു പ്രശ്നം എപ്പോഴും നമുക്കു മുകളിലുണ്ട്. നമ്മെ നിലനിർത്തുന്ന അതേ സൂര്യൻ! അതുകൊണ്ടുതന്നെ നിരന്തരം സൂര്യനെയും സൗരപ്രതിഭാസങ്ങളെയും നിരീക്ഷിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഒത്തിരി വർഷങ്ങളായി നമ്മൾ സൂര്യനെ നിരീക്ഷിക്കാൻ തുടങ്ങിയിട്ട്. സയന്റിസ്റ്റുകൾ നിരന്തരം ഇതിനെക്കുറിച്ചു പഠിക്കുന്നുമുണ്ട്. ഇതിലൂടെ ഒരു കാര്യം നമുക്ക് വ്യക്തമായിരുന്നു. സൂര്യന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന കറുത്ത പാടുകളായ സൗരകളങ്കങ്ങൾ അഥവാ സൺസ്പോട്ടുകൾ എന്ന പ്രതിഭാസം കൂടുന്ന കാലത്താണ് ഇത്തരം സൂര്യനിലെ മറ്റു പ്രതിഭാസങ്ങളും കൂടാറുള്ളത്. സൂര്യന്റെ കാന്തികക്ഷേത്രം വല്ലാതെ ചുറ്റിപ്പിണയുകയും ശക്തമാവുകയും ചെയ്യുന്ന ഇടങ്ങളാണിവ. സൂര്യന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സൺസ്പോട്ട് ഉള്ള ഭാഗത്ത് താപനില അല്പം കുറവുമായിരിക്കും.
എന്തായാലും 11 വർഷത്തെ ഇടവേളയിൽ സൗരകളങ്കങ്ങളുടെ എണ്ണം വല്ലാതെ കൂടാറുണ്ട്. സോളാർ സൈക്കിൾ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിൽ സൂര്യൻ ഏറ്റവും സജീവമായിരിക്കുന്ന അവസ്ഥയാണ് സോളാർ മാക്സിമം (Solar Maximum). ഏറ്റവും ശാന്തമായിരിക്കുന്ന അവസ്ഥ സോളാർ മിനിമവും (Solar Minimum).
സൺസ്പോട്ടുകളുടെ എണ്ണം നോക്കിയാണ് ശാസ്ത്രജ്ഞർ സൗരചക്രത്തിന്റെ ശക്തി അളക്കുന്നത്. ഇവയുടെ എണ്ണം കൂടുമ്പോൾ സോളാർ മാക്സിമം അടുക്കുന്നുവെന്ന് മനസ്സിലാക്കാം. സോളാർ മാക്സിമം സമയത്ത് അതിശക്തമായ സൗരജ്വാലകളും (Solar flares) കൊറോണൽ മാസ് ഇജക്ഷനുകളും (CME) ഉണ്ടാകും. കോടിക്കണക്കിന് ടൺ പ്ലാസ്മ സൂര്യനിൽ നിന്നും പുറന്തള്ളുന്ന പ്രതിഭാസമാണ് CME. സ്വതന്ത്ര ഇലക്ട്രോണുകളും പ്രോട്ടോണുകളും അടങ്ങിയ അയോണൈസ്ഡ് വാതകക്കൂട്ടമാണിത്. സൂര്യനിൽനിന്ന് നിരന്തരം സൗരക്കാറ്റ് എന്നറിയപ്പെടുന്ന പ്രതിഭാസം പുറത്തേക്കു വരുന്നുണ്ട്. സൂര്യനുള്ള കാലത്തോളം ഇത് ഭൂമിയിലും എത്തും. ഇത്തരം പ്ലാസ്മ പ്രവാഹങ്ങൾക്ക് ചാർജും അവരുടേതായ കാന്തികമണ്ഡലവും ഉണ്ടാകും. ഇവ ഭൂമിയുടെ കാന്തികക്ഷേത്രത്തിൽ വന്നിടിക്കുമ്പോഴാണ് നേരത്തെ പറഞ്ഞ അറോറകൾ ഉണ്ടാവുക. കൊറോണൽ മാസ് ഇജക്ഷനുകൾ ഉണ്ടാവുമ്പോൾ സൗരക്കാറ്റിന്റെ ശക്തി കൂടും. അപ്പോൾ ഭൂമിയുടെ കാന്തികമണ്ഡലവുമായി ഇവ അതിശക്തമായി പ്രതിപ്രവർത്തിക്കും. അസാധാരണമായ അറോറകളും കാന്തിക കൊടുങ്കാറ്റുകളുമാണ് ഇതുമൂലം ഉണ്ടാവുക.
പുതിയ കണ്ടെത്തൽ
------------------
സൂര്യന്റെ ഈ പ്രവർത്തനങ്ങൾ ഭൗമാന്തരീക്ഷത്തിലും ബഹിരാകാശത്തെ ഉപഗ്രഹങ്ങളിലും എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നത് എന്നതിനെക്കുറിച്ച് നിർണ്ണായകമായ ഒരു പുതിയ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെയും (VSSC) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെയും (IIST) ഒരു കൂട്ടം ഗവേഷകർ. VSSC-യിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞയായ ആയിഷ എം. അഷ്‌റഫ്, അങ്കുഷ് ഭാസ്കർ, സി. വിനീത്, തരുൺ കുമാർ പന്ത് എന്നിവരടങ്ങിയ സംഘമാണ് ഈ സുപ്രധാന പഠനത്തിന് പിന്നിൽ. 'ഫ്രോണ്ടിയേഴ്സ് ഇൻ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ്' എന്ന ശാസ്ത്ര ജേണലിൽ ഇവർ പ്രസിദ്ധീകരിച്ച പുതിയ പഠനം ബഹിരാകാശ ഗവേഷണരംഗത്ത് പ്രധാന ചർച്ചയാണിപ്പോൾ!
ബഹിരാകാശത്ത് കറങ്ങിനടക്കുന്ന ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ ഭൂമിയുടെ അന്തരീക്ഷവുമായി നിരന്തരം കൂട്ടിയിടിക്കും. ഇതിലൂടെ ഊർജ്ജം നഷ്ടപ്പെട്ട് അവ പതിയെപ്പതിയെ ഭൂമിക്കരികിലേക്ക് മാറുകയും അവസാനം ഭൂമിയിൽ വീഴുകയും ചെയ്യും. പലപ്പോഴും അന്തരീക്ഷവുമായിട്ടുള്ള ഘർഷണം കാരണം അവ കത്തിപ്പോകാറാണു പതിവ്. സോളാർ മാകിസ്മം ആകുന്ന സമയത്തിനോട് അടുപ്പിച്ച് ഉപഗ്രഹാവശിഷ്ടങ്ങൾ ഭൂമിയിലേക്കു വീഴാനുള്ള സാധ്യതയും കൂടുന്നു എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
ഭൂമിക്കു ചുറ്റുമുള്ള ബഹിരാകാശം ഇന്ന് ഒരു വലിയ മാലിന്യക്കൂമ്പാരമാണെന്നറിയാമല്ലോ. സാധാരണ ഉപഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്ന 200 മുതൽ 2000 കിലോമീറ്റർ വരെയുള്ള ലോ എർത്ത് ഓർബിറ്റ് (LEO) ഭാഗത്താണ് ഇവ കൂടുതൽ. കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങൾ, റോക്കറ്റ് ഭാഗങ്ങൾ, അവ കൂട്ടിയിടിച്ചുണ്ടായ ചെറിയ കഷണങ്ങൾ എന്നിങ്ങനെ ദശലക്ഷക്കണക്കിന് അവശിഷ്ടങ്ങളാണ് (Space debris) അവിടെയുള്ളത്. ഇവയോരോന്നും മണിക്കൂറിൽ ഏകദേശം 28,000 കിലോമീറ്റർ വേഗതയിലൊക്കെയാണ് ഭൂമിയെ ചുറ്റുന്നത് ! അതിലൊരു ചെറിയ തരി മതി പ്രവർത്തനക്ഷമമായ ഒരു ഉപഗ്രഹത്തെ തകർക്കാൻ.
ബഹിരാകാശത്ത് മാലിന്യങ്ങൾ ഒരു പരിധിയിലധികം വർധിച്ചാൽ അവ തമ്മിൽ കൂട്ടിയിടിക്കും. ഓരോ കൂട്ടിയിടിയിലും ലക്ഷക്കണക്കിനു പുതിയ മാലിന്യങ്ങളാണ് ഉണ്ടാവുക. ഇത് കൂട്ടിയിടിയുടെ സാധ്യതകൾ വീണ്ടും കൂട്ടും. അങ്ങനെ ഭൂമിക്കു ചുറ്റും മാലിന്യങ്ങളുടെ ഒരു വലയം രൂപപ്പെടുകയും മനുഷ്യനു ബഹിരാകാശത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ വരുകയും ചെയ്യും. കെസ്ലർ സിൻഡ്രോം (Kessler Syndrome) എന്നാണ് ഈ ഭീഷണി അറിയപ്പെടുന്നത്. അതിനാൽ ഈ മാലിന്യങ്ങൾ എപ്പോഴാണ് ഭൂമിയിലേക്ക് വീഴുന്നത് എന്നു കൃത്യമായി പ്രവചിക്കേണ്ടത് ഭൂമിയുള്ളവരുടെ ആവശ്യമാണ്.
അന്തരീക്ഷ വലിവ് (Atmospheric Drag)
ഭൂമിക്കു ചുറ്റുമുള്ള ബഹിരാകാശം പൂർണ്ണമായും ശൂന്യമല്ല. ഭൂമിയ്ക്കു മുകളിലേക്കുപോകും തോറും അന്തരീക്ഷം നേർത്തുനേർത്തു വരുമെങ്കിലും പൂർണ്ണമായും ശൂന്യമാവില്ല. ലോ എർത്ത് ഓർബിറ്റിൽ (LEO) ഭൂമിയുടെ അന്തരീക്ഷത്തിന്റെ അതിനേർത്ത പാളിയായ തെർമോസ്ഫിയർ (Thermosphere) നിലനിൽക്കുന്നുണ്ട്. അവിടെ ചെറിയ അളവിൽ വാതക തന്മാത്രകളുണ്ട്. സൂര്യനിൽനിന്നുള്ള ഉന്നത ഊർജ്ജമുള്ള അൾട്രാ വയലറ്റി കിരണങ്ങളെ ഭൂമിയിലെത്താതെ തടയുന്നത് ഭൂമിയുടെ അന്തരീക്ഷമാണ്. പക്ഷേ സോളാർ മാക്സിമം സമയത്ത് സൂര്യനിൽനിന്നുള്ള എക്സ്ട്രീം അൾട്രാവയലറ്റ് (EUV) കിരണങ്ങൾ വൻതോതിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കുമ്പോൾ ഈ പാളി ചൂടാകുകയും വികസിക്കുകയും ചെയ്യും. അപ്പോൾ അന്തരീക്ഷം വികസിച്ച് മുകളിലേക്ക് ഉയരും. ഇതിന്റെ ഫലമായി ഉപഗ്രഹങ്ങളുടെ യാത്രാപഥത്തിൽ കൂടുതൽ വായുതന്മാത്രകൾ നിറയുകയും അവ ഉപഗ്രഹങ്ങളുമായി കൂട്ടിയിടിച്ച് അവയുടെ വേഗത കുറയ്ക്കുകയും ചെയ്യും. വേഗത കുറയുമ്പോൾ ഉപഗ്രഹങ്ങൾ ഭൂമിയുടെ ഗുരുത്വാകർഷണം കാരണം താഴേക്ക് വീഴാൻ തുടങ്ങും. ഇതാണ് ‘അന്തരീക്ഷ വലിവ്’ അഥവാ ‘അറ്റ്മോസ്ഫെറിക് ഡ്രാഗ് ’.
ഒരു വാതകം ചൂടായി വികസിക്കുമ്പോൾ അതിന്റെ വ്യാപ്തം കൂടുകയും സാന്ദ്രത കുറയുകയുമാണു ചെയ്യുന്നത്. അപ്പോൾ സാന്ദ്രത കുറഞ്ഞാൽ എങ്ങനെയാണ് ഉപഗ്രഹത്തിനുതടസ്സം നേരിടുക എന്നൊരു സംശയം ഉണ്ടാവാം.
അന്തരീക്ഷം വികസിക്കുന്ന രീതിയിലാണ് ഇതിന്റെ ഉത്തരം. അന്തരീക്ഷം ചൂടാകുമ്പോൾ അത് മുകളിലേക്കാണ് തള്ളപ്പെടുന്നത്. ഇതുകാരണം താഴെയുള്ള തട്ടുകളിലെ (ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ) താരതമ്യേന സാന്ദ്രത കൂടിയ വായു, മുകളിലേക്ക് എത്തുന്നു. ഉപഗ്രഹങ്ങൾ ഒരു നിശ്ചിത ഉയരത്തിലാണ് സഞ്ചരിക്കുന്നത്. അതിനാൽ ഉപഗ്രഹം സഞ്ചരിക്കുന്ന ആ പ്രത്യേക ഉയരത്തിൽ പെട്ടെന്ന് താഴെനിന്നുള്ള കട്ടിയുള്ള വായു എത്തിച്ചേരുകയും, ഉപഗ്രഹത്തിന് സാന്ദ്രത കൂടി ഇടത്തിലൂടെ കടന്നുപോകേണ്ടിയും വരുന്നു. ഇത് ഉപഗ്രഹത്തിന്റെ വേഗത കുറയ്ക്കുകയും അത് പതിയെ ഭൂമിയോട് അടുക്കുകയും ചെയ്യും. ഇതാണ് അറ്റ്‌മോസ്ഫെറിക് ഡ്രാഗ് എന്നറിയപ്പെടുന്നത്.
സൗരപ്രതിഭാസങ്ങൾ മൂലം ഉപഗ്രഹങ്ങൾ ഭൗമോപരിതലത്തിലേക്ക് വലിക്കപ്പെടുന്നുണ്ടെന്നത് മുമ്പേ അറിവുള്ള കാര്യമാണ്. എന്നാൽ ഇത് സൗരചക്രത്തിന്റെ ഏതു ഘട്ടത്തിലാണ് ആരംഭിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായൊരു ധാരണയുണ്ടായിരുന്നില്ല. തിരുവനന്തപുരം വി എസ് എസ് സി യെ ഗവേഷകരുടെ ലക്ഷ്യം ഇതു കണ്ടെത്തലായിരുന്നു. അതിനായി ഇവർ തിരഞ്ഞെടുത്തത് പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളെയല്ല. പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങൾ അന്തരീക്ഷ വലിവ് നേരിട്ട് താഴേക്കു പോയാൽ അതിനെ ഇന്ധനം കത്തിച്ച് വീണ്ടും മുകളിലേക്ക് ഉയർത്തും. അതിനാൽ സൗരപ്രതിഭാസങ്ങളിലൂടെയുള്ള മാറ്റം എത്രത്തോളമുണ്ടെന്ന് അളക്കാൻകഴിയില്ല. പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളെക്കാൾ കൂടുതൽ പ്രവർത്തനം നിർത്തിയ ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ ബഹിരാകാശത്ത് ഇഷ്ടംപോലെയുണ്ട്. ഇന്ധനമില്ലാത്തതിനാൽ അന്തരീക്ഷതന്മാത്രകളിൽത്തട്ടി ഊർജ്ജം നഷ്ടപ്പെട്ട് ഇവ താഴേക്ക് വന്നുകൊണ്ടേയിരിക്കും. 1960 കളിൽ വിക്ഷേപിക്കപ്പെട്ട പഴയ കാലാവസ്ഥാ ഉപഗ്രഹങ്ങളുടെയും (TIROS) സോവിയറ്റ് കാലഘട്ടത്തിലെ റോക്കറ്റുകളുടെയുമടക്കം 17 അവശിഷ്ടങ്ങളെ (Space junk) യാണ് ഗവേഷകർ അങ്ങനെ പഠനത്തിനായി തിരഞ്ഞെടുത്തത്. ഈ പതിനേഴ് അവശിഷ്ടങ്ങളുടെ 1986 മുതൽ 2024 വരെയുള്ള 36 വർഷത്തെ വിവരങ്ങൾ മുഴുവൻ ഗവേഷകർ ശേഖരിച്ചു. മൂന്ന് സൗരചക്രങ്ങൾ (സൈക്കിൾ 22, 23, 24) ഉൾപ്പെടുന്ന വലിയൊരു കാലയളവാണ് 36 വർഷം എന്നത്. ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് ഈ അവശിഷ്ടങ്ങൾ ഓരോ വർഷവും എത്രമാത്രം താഴേക്ക് വന്നു എന്ന് ഇവർ കൃത്യമായി കണക്കാക്കി.
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കണ്ടെത്തലാണ് ഈ പഠനങ്ങളിൽനിന്ന് ലഭിച്ചത്. സൂര്യന്റെ പ്രവർത്തനങ്ങൾ അതിന്റെ പാരമ്യത്തിൽ, അതായത് സോളാർ മാക്സിമത്തിൽ എത്തുമ്പോഴല്ല ഉപഗ്രഹങ്ങൾ വേഗത്തിൽ താഴേക്ക് വീഴാൻ തുടങ്ങുന്നത്. മറിച്ച്, സോളാർ മാക്സിമത്തിന് ഒരുപാട് മുമ്പുതന്നെ ഇത് സംഭവിക്കുന്നു!
സൂര്യനിലെ സൺസ്പോട്ടുകളുടെ എണ്ണം, ആ സോളാർ സൈക്കിളിൽ പ്രതീക്ഷിക്കുന്ന പരമാവധി എണ്ണത്തിന്റെ ഏകദേശം 67 മുതൽ 75 ശതമാനം വരെ എത്തുമ്പോൾതന്നെ അന്തരീക്ഷ വലിവ് ശക്തമാകും. ത്രെഷോൾഡ് എന്നാണ് ഇതിനെ വിളിക്കുക. അതിനുശേഷം പെട്ടെന്നാവും അന്തരീക്ഷവലിവ് കൂടുക. സോളാർ മാക്സിമത്തിന് ഒന്നോ രണ്ടോ വർഷം മുൻപുതന്നെ ഈ ത്രെഷോൾഡ് പോയിന്റ് കടന്നിരിക്കും. ആ പോയിന്റ് കടന്നാൽപ്പിന്നെ ബഹിരാകാശത്തെ അവശിഷ്ടങ്ങൾ വളരെ വേഗത്തിൽ താഴേക്ക് പതിക്കാൻ തുടങ്ങും.
സൺസ്പോട്ടിന്റെ ഡാറ്റ കൂടാതെ സൂര്യനിൽനിന്നുള്ള റേഡിയേഷന്റെ അളവുവച്ചും ഗവേഷകർ കണക്കുകൂട്ടലുകൾ നടത്തി. അതും നേരത്തേ പറഞ്ഞ ത്രഷോൾഡ് പോയിന്റിൽവച്ച് ഉപഗ്രഹങ്ങളുടെ വീഴ്ചയുടെ തോത് കുതിച്ചുയരുന്നതായി ഗവേഷകർ കണ്ടു.
സൗരപ്രതിഭാസങ്ങൾ കൂടുന്നതിനനുസരിച്ച് അതേ നിരക്കിൽ അന്തരീക്ഷവലിവും കൂടുമെന്നാണ് മുമ്പ് നാം കരുതിയിരുന്നത്. പുതിയ പഠനം അക്കാര്യത്തിലാണ് പുതിയ കണ്ടെത്തൽ നടത്തിയത്. ഒരു നിശ്ചിത പരിധി വരെ വലിയ മാറ്റങ്ങൾ ഇല്ലാതിരിക്കുകയും 67-75% പരിധി കടന്നാൽ പെട്ടെന്ന് അന്തരീക്ഷവലിവ് കൂടുകയും ചെയ്യുന്നു.
കാന്തികക്കൊടുങ്കാറ്റുകളേക്കാളും(Geomagnetic storms) സൗരക്കാറ്റുകളേക്കാളും ഉപഗ്രഹങ്ങളുടെ ദീർഘകാല ആയുസ്സിനെ തീരുമാനിക്കുന്നത് ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുന്ന എക്സ്ട്രീം അൾട്രാ വയലറ്റ് (EUV) വികിരണങ്ങളാണെന്നും പഠനം തെളിയിച്ചു. കാന്തികക്കൊടുങ്കാറ്റുകൾ ഒന്നോ രണ്ടോ ദിവസം മാത്രം നിൽക്കുന്ന പ്രതിഭാസങ്ങളാണ്, എന്നാൽ EUV വികിരണങ്ങൾ മാസങ്ങളോളം അന്തരീക്ഷത്തെ വികസിപ്പിച്ചു നിർത്തുന്നു.
ധ്രുവങ്ങളിലെ നിഗൂഢത
-------------------------
പഠനവിധേയമാക്കിയ 17 അവശിഷ്ടങ്ങളിൽ 15 എണ്ണത്തിന്റെയും സഞ്ചാരപഥം കമ്പ്യൂട്ടർ മോഡലുകളുടെ പ്രവചനങ്ങളുമായി കൃത്യമായി പൊരുത്തപ്പെട്ടു. എന്നാൽ രണ്ട് അവശിഷ്ടങ്ങൾ മാത്രം തികച്ചും വ്യത്യസ്തമായാണ് പ്രതികരിച്ചത്. അവ രണ്ടും ധ്രുവപ്രദേശങ്ങൾക്കു മുകളിലൂടെ (Polar orbits - 99 ഡിഗ്രി ചരിവുള്ള പാതയിൽ) സഞ്ചരിക്കുന്നവയായിരുന്നു. ഇതിൽനിന്നും ഒരു കാര്യം വ്യക്തമായി; ധ്രുവപ്രദേശങ്ങളിലെ ഭൗമാന്തരീക്ഷം എങ്ങനെയാണ് സൂര്യനോട് പ്രതികരിക്കുന്നത് എന്നു കൃത്യമായി പ്രവചിക്കാൻ ഇന്നുള്ള ശാസ്ത്രീയ മോഡലുകൾക്കു കഴിയുന്നില്ല. കാന്തികക്കൊടുങ്കാറ്റുകളുടെ സ്വാധീനം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ഇടമാണ് ധ്രുവങ്ങൾ എന്നത് ഇതിനൊരു കാരണമാകാം. ഭാവിയിലെ കാലാവസ്ഥാ പ്രവചന മോഡലുകൾ ഇക്കാര്യംകൂടി പരിഗണിക്കണിക്കേണ്ടിവരും.
കണ്ടെത്തലിന്റെ പ്രാധാന്യം.
ഭൂമിക്കു ചുറ്റും വിക്ഷേപിച്ചിട്ടുള്ള ഉപഗ്രഹങ്ങൾ, അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS), സ്റ്റാർലിങ്ക് പോലെയുള്ള മെഗാ കോൺസ്റ്റലേഷനുകൾ എന്നിവയെല്ലാം അന്തരീക്ഷ വലിവ് കാരണം താഴേക്കുവരും. ഇതു പരിഹരിക്കാനായി ഇടയ്ക്കിടെ ഇന്ധനം കത്തിച്ച് പരിക്രമണപഥം ക്രമീകരിക്കും. സോളാർ മാക്സിമം സമയത്ത് മാത്രം ഇന്ധനം കരുതിയാൽ മതിയെന്നായിരുന്നു പഴയ ചിന്ത. എന്നാൽ സോളാർ മാക്സിമത്തിന് ഒരു വർഷം മുമ്പുതന്നെ ഈ പ്രക്രിയ ശക്തമാകുമെന്നു മനസ്സിലായതോടെ കൂടുതൽ കാര്യക്ഷമമായി ഇന്ധനം ചെലവഴിക്കാൻ ഉപഗ്രഹങ്ങൾക്കു കഴിയും.
ബഹിരാകാശത്തെ അവശിഷ്ടങ്ങൾ ഉപഗ്രഹങ്ങൾക്കും നിലയങ്ങൾക്കുമെല്ലാം എപ്പോഴും വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. പ്രവർത്തനരഹിതമായ ഉപഗ്രഹത്തിന്റെയോ മറ്റോ അവശിഷ്ടങ്ങൾ എപ്പോഴാണ് അതിവേഗം താഴേക്കു വരികയെന്നു മുൻകൂട്ടി പ്രവചിക്കാൻ കഴിഞ്ഞാൽ ആ പ്രദേശത്തുള്ള ഉപഗ്രഹങ്ങളുമായിട്ടുള്ള കൂട്ടിയിടി ഒഴിവാക്കാം.വലിയ ബഹിരാകാശ നിലയങ്ങൾക്കും മുൻകൂട്ടി ദിശമാറ്റി രക്ഷപ്പെടാൻ ഇതു സഹായകരമാവും.
മാത്രമല്ല, അന്തരീക്ഷത്തിലേക്ക് വീഴുന്ന മാലിന്യങ്ങൾ എപ്പോൾ കത്തിനശിക്കും എന്നു കൃത്യമായി മനസ്സിലാക്കാനും ഇതു സഹായിക്കും.
(ദേശാഭിമാനി കിളിവാതിലിൽ പ്രസിദ്ധീകരിച്ചത്. ചിത്രത്തിനു കടപ്പാട് : NASA)
.jpg)
