പല തരം പ്രണയസന്ദേശങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. കാളിദാസൻ മുതൽ അമ്മിണിക്കുട്ടിവരെ. എന്നാൽ സൗരയൂഥം കടന്ന് ഇപ്പോഴും സഞ്ചരിക്കുന്നൊരു പ്രണയസന്ദേശമുണ്ട്. ഒരു സയന്റിസ്റ്റും ഒരു എഴുത്തുകാരിയും തമ്മിലുള്ള ആ പ്രണയകഥ ഏറെ രസകരമാണ്. അതിൽ ആ സയന്റിസ്റ്റിനെ എല്ലാവരും അറിയും. കാൾ സാഗൻ! മറ്റേയാൾ അദ്ദേഹത്തിന്റെ പ്രണയിനിയായിരുന്ന ആൻ ഡ്രുയാൻ.
ഈ പ്രണയകഥ തുടങ്ങുന്നത് 1977 ലെ വേനൽക്കാലത്താണ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അന്ന് വലിയൊരു സ്വപ്നത്തിന്റെ പണിപ്പുരയിലായിരുന്നു. വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളെക്കുറിച്ചു പഠിക്കാൻ രണ്ടു പേടകങ്ങൾ വിക്ഷേപിക്കുക. വോയേജർ 1 ഉം വോയേജർ 2 ഉം. എല്ലാം പ്രതീക്ഷിച്ചപോലെ നടന്നാൽ ആ രണ്ടു പേടകങ്ങളും നെപ്റ്റ്യൂണും കടന്ന് സൗരയൂഥത്തിന്റെ അതിരും ഭേദിച്ച് എന്നെന്നേക്കുമായി യാത്ര തുടരും. ഇന്റർസ്റ്റെല്ലാർ സ്പേസിലൂടെ ഇന്നും യാത്ര തുടരുന്ന ആ പേടകങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. ഈ പേടകങ്ങൾക്കു വേണ്ട മുന്നൊരുക്കങ്ങൾക്കിടയിലാണ് രസകരമായ പ്രണയകഥ തുടങ്ങുന്നത്.
കാൾ സാഗൻ അക്കാലത്തുതന്നെ വളരെ പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞനായിരുന്നു. സയൻസിനെ കവിതപോലെ അവതരിപ്പിച്ചിരുന്ന ഒരു മഹാപ്രതിഭ. വോയേജർ പേടകങ്ങളുടെ ലക്ഷ്യം കുറെക്കൂടി ഭംഗിയാക്കണം എന്ന് അദ്ദേഹത്തിനു തോന്നി. അതിനായി സൗരയൂഥം കടന്നുപോകുന്ന പേടകത്തിൽ ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു സന്ദേശം കൂടി ഉൾപ്പെടുത്തണം എന്ന് അദ്ദേഹം നാസയോട് ആവശ്യപ്പെട്ടു. കോടിക്കണക്കിനു വർഷങ്ങൾക്കുശേഷം ഒരുപക്ഷേ ഏതെങ്കിലും അന്യഗ്രഹജീവികളോ മറ്റോ ഈ പേടകം കണ്ടെത്തുകയാണെങ്കിലോ? അങ്ങനെയെങ്കിൽ ഭൂമിയെക്കുറിച്ച് അവർക്ക് അറിയാനാകണം. അതിൽ ജീവിച്ചിരുന്ന മനുഷ്യൻ എന്ന ജീവിയെക്കുറിച്ചും മറ്റു ജീവജാലങ്ങളെക്കുറിച്ചും അറിയണം. ശരിക്കും നമ്മുടെയൊക്കെ അന്നത്തെ അവസ്ഥയെ ഒരു ടൈംകാപ്സൂളിലാക്കി സൂക്ഷിക്കുന്നൊരു സൂപ്പർ ആശയം!
എന്തായാലും ഈ ദൗത്യം നാസ കാൾ സാഗനെത്തന്നെ ഏൽപ്പിച്ചു.
അങ്ങനെയാണ് വോയേജർ ഗോൾഡൻ റെക്കോർഡ് (Voyager Golden Record) എന്ന ലോകപ്രശസ്തമായ ഗ്രാമഫോൺ റെക്കോർഡിന്റെ പിറവി. ചെമ്പുതളികയിൽ സ്വർണ്ണം പൂശിയ 12 ഇഞ്ച് വലുപ്പമുള്ള ഒരു ഗ്രാമഫോൺ റെക്കോർഡ്. അത് എങ്ങനെ പ്രവർത്തിപ്പിക്കണം എന്നും എങ്ങനെ അതിലെ ഡേറ്റ തിരിച്ചെടുക്കാം എന്നുമുള്ള നിർദ്ദേശങ്ങൾപോലും ആ റെക്കോർഡിൽ ഉണ്ടായിരുന്നു. ഒരു ഭാഷയും അറിയില്ലെങ്കിലും ചിത്രങ്ങൾ കണ്ട് മനസ്സിലാക്കാവുന്ന നിർദ്ദേശങ്ങളായിരുന്നു അത്.
ഈ റെക്കോർഡിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്നതിലായിരുന്നു വലിയ ചർച്ചകൾ. ശാസ്ത്രചരിത്രത്തിലെ ഒരു വെല്ലുവിളി എന്നുതന്നെ പറയാവുന്നൊരു തെരഞ്ഞെടുപ്പായിരുന്നു അത്. കോടിക്കണക്കിനു വർഷത്തെ ഭൂമിയുടെ ചരിത്രവും മനുഷ്യചരിത്രവുമൊക്കെ ഒരു കുഞ്ഞു റെക്കോർഡിലേക്ക് ചുരുക്കണം. കാൾ സാഗന് ഒറ്റയ്ക്കു ചെയ്യാവുന്ന കാര്യമല്ലല്ലോ അത്. അതിനാൽ അദ്ദേഹം ചെറിയൊരു കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റിയുടെ ക്രിയേറ്റീവ് ഡയറക്ടറായി അദ്ദേഹം നിയമിച്ചത് 27 വയസ്സുള്ള ആൻ ഡ്രുയാൻ (Ann Druyan) എന്ന യുവ എഴുത്തുകാരിയെ ആയിരുന്നു.
ആൻ ഡ്രുയാനും കാൾ സാഗനും മറ്റ് അംഗങ്ങളും രാപകലില്ലാതെ ജോലി ചെയ്തു. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമുള്ള സംഗീതം, പ്രകൃതിയുടെ ശബ്ദങ്ങൾ, മൃഗങ്ങളുടെ ശബ്ദങ്ങൾ എന്നിവ അവർ ശേഖരിച്ചു. കാറ്റ്, മഴ, തിരമാലകൾ, അഗ്നിപർവതം തുടങ്ങിയ പ്രകൃതിശബ്ദങ്ങൾ മുതൽ ട്രാക്ടർ, കുതിരവണ്ടി, ട്രെയിൻ തുടങ്ങിയ മനുഷ്യനിർമ്മിത ശബ്ദങ്ങൾവരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഉറുദു, കന്നഡ, തെലുങ്ക്, ബംഗാളി, ഹിന്ദി തുടങ്ങിയ ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ 55 വിവിധ ഭാഷകളിലുള്ള ആശംസാ സന്ദേശങ്ങളും അതിലുണ്ടായിരുന്നു. താരാട്ടുപാട്ടും ക്ലാസിക്കൽ മ്യൂസിക്കും നാടോടിപ്പാട്ടുകളും ആ ശബ്ദശേഖരത്തിന്റെ ഭാഗമായി. തീർന്നില്ല, ഭൂമിയിലെ പല ചിത്രങ്ങളും ശാസ്ത്രീയവിവരങ്ങളും ശബ്ദരൂപത്തിലാക്കി മാറ്റി അതിലേക്കു ചേർത്തു. മനുഷ്യൻ, ഡി എൻ എ ഘടന, ശരീരഘടന, ഹിമാലയം, താജ്മഹൽ തുടങ്ങിയ ചിത്രങ്ങൾ മുതൽ ട്രാഫിക് ജാം വരെ അതിന്റെ ഭാഗമായി.
ഏറ്റവും പഴക്കമുള്ള സംഗീതം എന്നൊക്കെ അറിയപ്പെട്ടിരുന്ന, 2500 വർഷം പഴക്കമുള്ള സംഗീതപാരമ്പര്യത്തിൽനിന്ന് ഉദ്ഭവിച്ച ‘Flowing Streams’ എന്ന ചൈനീസ് ഗാനം കൂടി അതിൽ ഉൾപ്പെടുത്തണം എന്ന നിർബന്ധം കാൾ സാഗന് ഉണ്ടായിരുന്നു. വളരെ പതിഞ്ഞ ശബ്ദത്തിലുള്ള, ഗുച്ചിൻ എന്ന സംഗീതോപകരണത്തിൽ വായിച്ച ഗാനമാണിത്. അതിന്റെ കോപ്പി കിട്ടാൻ ആൻ ഡ്രുയാൻ ഒത്തിരി അലഞ്ഞുതിരിഞ്ഞു. അവസാനം കൊളംബിയ യൂണിവേഴ്സിറ്റിയിലെ ലൈബ്രറി രക്ഷയായി. അവിടെ അതിന്റെയൊരു കോപ്പി ഉണ്ടായിരുന്നു. ആ റെക്കോർഡ് കിട്ടിയതോടെ ആൻ ഡ്രുയാൻ സന്തോഷംകൊണ്ടു തുള്ളിച്ചാടി.
അന്ന് ആ സന്തോഷം പങ്കുവയ്ക്കാനാണ് കാൾ സാഗനെ ആൻ ഡ്രുയാൻ ഫോണിൽ വിളിക്കുന്നത്. റെക്കോർഡ് കിട്ടിയ കാര്യം പറഞ്ഞുതുടങ്ങിയ ആ സംഭാഷണം ഒത്തിരിനേരം നീണ്ടുപോയി. തത്വചിന്തകളും ജീവിതചിന്തകളും ഒക്കെയായി ആ സംഭാഷണം വഴിതിരിഞ്ഞുപൊയ്ക്കൊണ്ടിരുന്നു. സഹപ്രവർത്തകർ മാത്രമായിരുന്ന അവർ അന്നാണ് തങ്ങളുടെ മനസ്സുകൾ തമ്മിലുള്ള അദൃശ്യമായ ബന്ധം തിരിച്ചറിയുന്നത്. പ്രപഞ്ചാന്വേഷണത്തെയും ശാസ്ത്രത്തെയും ഒരുപോലെ പ്രണയിക്കുന്ന രണ്ടുപേർ തമ്മിലുള്ള ആത്മബന്ധം! ആ ടെലിഫോൺ സംഭാഷണം അവസാനിക്കുന്നതിനു മുമ്പുതന്നെ കാൾ സാഗൻ ആൻ ഡ്രുയാനോട് ആ ചോദ്യം ചോദിച്ചു.
“നമുക്ക് വിവാഹിതരായാലോ?”
അതുകേൾക്കാൻ കാത്തിരുന്നതുപോലെ ആനും മറുപടി പറഞ്ഞു.
“പിന്നെന്താ, തീർച്ചയായും!”
പ്രണയം തുറന്നുപറഞ്ഞ് ഡേറ്റിങ് ഒക്കെ നടത്തി വിവാഹത്തിലേക്കു കടന്നിരുന്ന അക്കാലത്ത് അതിനൊന്നും നിൽക്കാതെ ഒറ്റ ഫോൺകോളിൽ ഒരു വിവാഹനിശ്ചയം!
വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും തങ്ങളുടെ പ്രധാന ജോലി അവർ മറന്നില്ല. സുവർണ്ണറെക്കോഡിലേക്കുള്ള ഒരു വിധം ശബ്ദങ്ങളും ചിത്രങ്ങളും ഒക്കെ അവർ ശേഖരിച്ചുകഴിഞ്ഞിരുന്നു. അവ അടുക്കും ചിട്ടയുമോടെ സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. പക്ഷേ ആൻ പൂർണ്ണ സംതൃപ്ത ആയിരുന്നില്ല. മനുഷ്യന്റെ ചിന്തകളെക്കൂടി ഈ റെക്കോർഡിൽ കൂട്ടിച്ചേർക്കണം. ലക്ഷക്കണക്കിനു വർഷങ്ങൾക്കു ശേഷമാവും ഒരു പക്ഷേ ഈ റെക്കോർഡ് മറ്റൊരു ജീവവർഗ്ഗത്തിന്റെ കൈയിലെത്തുക. അവർക്ക് മനുഷ്യരെ മനസ്സിലാക്കാൻ ഏറ്റവും നല്ലത് മനുഷ്യരുടെ ചിന്തകൾതന്നെയാവണം.
കാൾ സാഗനാണ് ഇതിനൊരു പരിഹാരം മുന്നോട്ടുവച്ചത്. മനുഷ്യരുടെ തലച്ചോറിലെ വൈദ്യുതതരംഗങ്ങളെ ഒരു ഇ ഇ ജി മെഷീൻവഴി റെക്കോർഡ് ചെയ്ത് അതിനെ ശബ്ദമാക്കി മാറ്റിക്കൂടേ? ഹൃദയമിടിപ്പും അതുപോലെ റെക്കോഡ് ചെയ്യാം. ഇ ഇ ജിയിൽ റെക്കോഡ് ചെയ്യപ്പെട്ട ചിന്തകളെ വായിക്കാനുള്ള കഴിവൊന്നും നമുക്കില്ല. പക്ഷേ ലക്ഷക്കണക്കിനു വർഷങ്ങൾക്ക് അപ്പുറമുള്ള അന്യഗ്രഹജീവികൾക്ക് അതിനു കഴിഞ്ഞെങ്കിലോ?
എന്തായാലും അതുതന്നെ ചെയ്യാൻ തീരുമാനമായി. ആരുടെ ചിന്തകളാണ് ഇങ്ങനെ ശേഖരിക്കേണ്ടത്? ആൻ ഡ്രുയാൻതന്നെ അതിനു തയ്യാറായി. 1977 ജൂൺ മാസത്തിൽ ന്യൂയോർക്കിലെ ഒരു ആശുപത്രിയിൽ ആൻ ഡ്രുയാൻ എത്തിച്ചേർന്നു. അവർ അവളുടെ തലയിൽ ഇ ഇ ജി യന്ത്രത്തിന്റെ ഇലക്ട്രോഡുകൾ ഘടിപ്പിച്ചു. ഹൃദയമിടിപ്പ് റെക്കോഡ് ചെയ്യാനുള്ള യന്ത്രവും ഘടിപ്പിച്ചിരുന്നു. ഒരു മണിക്കൂർ നേരം ഏകാഗ്രമായി ചിന്തിക്കാനാണ് അവളോട് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. ആ സമയത്ത് അവൾ ചിന്തിക്കുന്ന കാര്യങ്ങൾ തരംഗങ്ങളായി മെഷീനിൽ പതിഞ്ഞാലോ? ചിന്തിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്ന് മുൻകൂട്ടി നിശ്ചയപ്പെട്ടിരുന്നു.
ആൻ ഡ്രുയാൻ ഏകാഗ്രതയോടെ ചിന്തിക്കാനാരംഭിച്ചു. കോടിക്കണക്കിനു വർഷത്തെ ഭൂമിയുടെ പരിണാമത്തെക്കുറിച്ച്, സൂക്ഷ്മജീവിയിൽനിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തെക്കുറിച്ച്, മനുഷ്യർ നടത്തിയ യുദ്ധങ്ങളെക്കുറിച്ച്, സങ്കടങ്ങളെക്കുറിച്ച്, ആശയങ്ങളെക്കുറിച്ച്, കണ്ടെത്തലുകളെക്കുറിച്ച് ഒക്കെ അവൾ ചിന്തിച്ചുകൊണ്ടേയിരുന്നു. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പ്രകാരം മനുഷ്യരാശിയുടെ മുഴുവൻ ചരിത്രവും അവളുടെ ചിന്തകളിലൂടെ കടന്നുപോയി. പക്ഷേ പരീക്ഷണത്തിന്റെ അവസാന മിനിറ്റുകളിൽ മനുഷ്യചരിത്രത്തിൽനിന്ന് അവൾ പതിയെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ചിന്തകളിലേക്കു തിരിഞ്ഞു. കാൾ സാഗനോടു തോന്നിയ തീവ്രമായ പ്രണയത്തെക്കുറിച്ചായി ചിന്തകൾ. സ്നേഹം മനുഷ്യന്റെ ശരീരത്തിലും തലച്ചോറിലും ഉണ്ടാക്കുന്ന എല്ലാ രാസമാറ്റങ്ങളും തരംഗങ്ങളായി മാറി ആ ഇ ഇ ജി യന്ത്രത്തിൽ റെക്കോർഡ് ചെയ്യപ്പെടുമോ എന്നൊന്നും ഉറപ്പില്ലെങ്കിലും അവളുടെ ചിന്ത പ്രണയത്തെക്കുറിച്ചുതന്നെയായിരുന്നു. പ്രണയമെന്ന മനുഷ്യവികാരത്തിന്റെ എല്ലാ ജൈവതരംഗങ്ങളും ഇ ഇ ജി മെഷീനും ഇ സി ജി മെഷീനും റെക്കോർഡ് ചെയ്തിട്ടുണ്ടാവും എന്നുതന്നെ അവർ കരുതി.
ഒരു മണിക്കൂർ നീണ്ട ആ ഇ ഇ ജി റെക്കോർഡിങ് പിന്നീട് വെറും ഒരു മിനിറ്റു മാത്രമുള്ള ഒരു ശബ്ദമാക്കി മാറ്റിയെടുത്തു. എന്നിട്ട് വോയേജർ പേടകത്തിലെ ഗോൾഡൻ റെക്കോർഡിൽ ‘Life Signs’ ('Life Signs') എന്ന ട്രാക്കിൽ രേഖപ്പെടുത്തി!
ഇ ഇ ജി റെക്കോർഡിങ്ങിനെക്കുറിച്ച് ആൻ ഡ്രുയാൻ പിന്നീടൊരിക്കൽ പറഞ്ഞിരുന്നു, “അന്യഗ്രഹജീവികൾ എപ്പോഴെങ്കിലും ഈ സന്ദേശം കേട്ട് മനസ്സിലാക്കുകയാണെങ്കിൽ, ഭൂമിയിലെ മനുഷ്യർക്ക് സ്നേഹിക്കാൻ അറിയാമായിരുന്നു എന്ന് അവർ തിരിച്ചറിയട്ടേ. കാൾ സാഗനോടുള്ള എന്റെ പ്രണയം ആ റെക്കോർഡിൽ എക്കാലവും ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.”
ഗോൾഡൻ റെക്കോർഡ് പൂർണ്ണമായും ഒരു സയൻസ് പ്രൊജക്റ്റ് മാത്രമായിരുന്നില്ല. അത് ചരിത്രവും കലയും മനുഷ്യമനസ്സും ഒന്നുചേർന്ന അപൂർവസ്മാരകമായിരുന്നു. ആ മനുഷ്യസന്ദേശവും പേറി 1977 ഓഗസ്റ്റ് 20 ന് വോയേജർ 2 ഉം സെപ്റ്റംബർ 5 ന് വോയേജർ 1 ഉം കേപ് കനാവറലിൽ നിന്ന് കുതിച്ചുയർന്നു. കാൾ സാഗനോടുള്ള ആനിന്റെ പ്രണയം അങ്ങനെ പ്രപഞ്ചത്തിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചു.
നാലു വർഷത്തിനുശേഷം 1981 ൽ ആൻ ഡ്രുയാനും കാൾ സാഗനും വിവാഹിതരായി. ശാസ്ത്രലോകത്തെ അപൂർവ ദമ്പതികൾ. ഇരുവർക്കും പരസ്പരമുള്ള പ്രണയത്തോളംതന്നെ അവർ ശാസ്ത്രത്തെ ജനകീയമാക്കുന്നതിനായും പ്രവർത്തിച്ചു. ഇന്നും ലോകം ഒരു ഇതിഹാസമായി കാത്തുസൂക്ഷിക്കുന്ന കോസ്‌മോസ് എന്ന ടെലിവിഷൻ പരമ്പരയ്ക്കായും പുസ്തകത്തിനായും ഇവർ ഒന്നുചേർന്നു. പ്രപഞ്ചമുള്ളിടത്തോളം പ്രണയം നിലനിൽക്കുമെങ്കിലും കാൾ സാഗനും ആൻ ഡ്രുയാനും തമ്മിൽ ഒരുമിച്ചുള്ള ജീവിതത്തിന് 15 വർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 1996 ഡിസംബറിൽ കാൾ സാഗൻ ലോകത്തോടും തന്റെ പ്രിയതമയോടും വിടപറഞ്ഞു.
പക്ഷേ അവരുടെ പ്രണയം ഒരിക്കലും അവസാനിക്കില്ല. വോയേജറിലെ ആ സ്വർണ്ണത്തളികയ്ക്ക് ഒന്നും സംഭവിക്കില്ല. ശൂന്യതയിൽ വായുവോ ഈർപ്പമോ ഇല്ലാത്തതിനാൽ അത് നശിച്ചുപോകില്ല. കോടിക്കണക്കിനു വർഷങ്ങൾ കഴിഞ്ഞാലും കേടുപാടുകൾ സംഭവിക്കാത്ത രീതിയിലാണ് കാൾ സാഗനും സംഘവും അത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. താജ്‌മഹൽ അടക്കമുള്ള എല്ലാ പ്രണയസ്മാരകങ്ങളും ഇല്ലാതായിപ്പോയാലും ആനിന്റെ പ്രണയചിന്തകൾക്കും രണ്ടു ഗോൾഡൻ റെക്കോഡുകൾക്ക് ഉള്ളിലുള്ള പ്രണയസ്മാരകത്തിനും ഒന്നും സംഭവിക്കില്ല. അവ ഇല്ലാതാവില്ല! സെക്കൻഡിൽ 17 കിലോമീറ്റർ വേഗതയിൽ 2500 കോടി കിലോമീറ്ററുകൾക്കപ്പുറത്തൂടെ, ഇന്റർസ്റ്റെല്ലാർ സ്പേസിലൂടെ ആ പ്രണയസ്മാരകം ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
