പതിനാറുവയസ്സുകാരി നിലനിർത്തിയ യുദ്ധസ്മാരകം

(Credit: Oilstreet/Wikimedia Commons)

രുപതാം നൂറ്റാണ്ടിന്റെ തുടക്കകാലം. ജപ്പാനിലെ ഹിരോഷിമ നഗരം വാണിജ്യരംഗത്ത് വലിയ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. നഗരത്തിൽ പലയിടത്തും നിരവധി ഉൽപ്പന്നങ്ങൾ ഉണ്ടാവുന്നു. അവ രാജ്യത്തും മറ്റിടങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. ഹിരോഷിമ നഗരത്തിന്റെ അധികാരികൾക്ക് ആ നഗരത്തെ കച്ചവടരംഗത്തെ ഏറ്റവും മികച്ച കേന്ദ്രമാക്കി മാറ്റണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. നഗരത്തിൽ നിർമ്മിക്കപ്പെടുന്ന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും താത്പര്യമുള്ളവർക്ക് വാങ്ങാനും കഴിയുന്ന ഒരു സംവിധാനം ഉണ്ടാക്കണം. അങ്ങനെയാണ് ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിലെ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) ജാൻ ലെറ്റ്സെൽ എന്ന വാസ്തുശില്പിയെ ഹിരോഷിമയിലെ അധികാരികൾ സമീപിക്കുന്നത്. പ്രദർശനശാലയ്ക്കുള്ള രൂപരേഖ തയ്യാറാക്കിത്തരാമെന്ന് അദ്ദേഹം സമ്മതിച്ചു. യൂറോപ്യൻ വാസ്തുവിദ്യാശൈലിയിലാവും നിർമ്മാണം. അതുവരെ ജപ്പാൻകാർക്ക് അധികം പരിചയമില്ലാത്ത വാസ്തുവിദ്യാരീതിയാണത്. ത‌‌ടികൊണ്ട് ഒന്നോ രണ്ടോ നില മാത്രം ഉയരമുള്ള കെട്ടിടങ്ങളായിരുന്നു അക്കാലത്ത് ഹിരോഷിമ നിറയെ ഉണ്ടായിരുന്നത്. 

കെട്ടിടത്തിന്റെ പണി തുടങ്ങി. ഇഷ്ടികയും കോൺക്രീറ്റും സ്റ്റീലും ഒക്കെ ഉപയോഗിച്ചാണ് നിർമ്മാണം. പ്രധാനമായും മൂന്നു നിലകൾ. മധ്യഭാഗത്ത് അഞ്ചുനിലകളുടെ ഉയരത്തിൽ ഒരു ഗോപുരം. അതിന്റെ മുകളിൽ ഗോളാകൃതിയിലുള്ള മേൽക്കൂര. ഈ ഡോമിനെ ചെമ്പുതകിടുകൾകൊണ്ട് പൊതിയുകയും ചെയ്തു. പണി പൂർത്തിയായതോടെ നഗരത്തിൽ എവിടെനിന്നു നോക്കിയാലും കാണാവുന്നത്ര ഉയരം ഇതിനുണ്ടായിരുന്നു. വൈകിയില്ല, 1915 ആഗസ്റ്റ് മാസത്തിൽ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഹിരോഷിമ പ്രിഫെക്ചറൽ കൊമേഴ്സ്യൽ എക്സിബിഷൻ ഹാൾ എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്. ഹിരോഷിമയുടെ ശ്രദ്ധാകേന്ദ്രമായി ഈ മനോഹരകെട്ടിടം മാറി. പ്രാദേശികമായി ഉണ്ടാക്കുന്ന ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും മിക്ക ദിവസവും തകൃതിയായി നടന്നു. വലിയ കലാപ്രദർശനങ്ങൾക്കും സാംസ്കാരികസമ്മേളനങ്ങൾക്കുമെല്ലാം ഇടയ്ക്ക് ഈ യൂറോപ്യൻ ശൈലിയിലുള്ള കെട്ടിടം വേദിയായി മാറി. 

ഇങ്ങനെ സന്തോഷത്തോടെ പൊയ്ക്കൊണ്ടിരുന്ന സമയത്താണ് ലോകരാഷ്ട്രീയം മാറിമറിയുന്നത്. രണ്ടാം ലോകയുദ്ധം ആരംഭിച്ചു. അതോടെ പല കെട്ടിടങ്ങളും പൊതുജനങ്ങളുടെ ഉപയോഗത്തിൽനിന്നു മാറ്റി സർക്കാർ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി. 1933 ൽ ഹിരോഷിമയുടെ സാംസ്കാരിക-വിപണന കേന്ദ്രമായിരുന്ന ഹിരോഷിമ പ്രിഫെക്ചറൽ കൊമേഴ്സ്യൽ എക്സിബിഷൻ ഹാളും സർക്കാർ സംവിധാനങ്ങൾ കൈയേറി. വാണിജ്യപ്രദർശനങ്ങൾ പേരിനുമാത്രമായി ചുരുങ്ങി. സർക്കാർ ഓഫീസുകൾ അതിനകത്തു പ്രവർത്തിച്ചുതുടങ്ങി. അതോടെ ഇതിന്റെ പേരും മാറ്റി. പ്രിഫെക്ചറൽ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ എന്ന പേരിലാണ് അടുത്ത ഒരു ദശാബ്ദത്തിലധികം ഇത് അറിയപ്പെട്ടത്.

പക്ഷേ ഈ കെട്ടിടത്തിന്റെ വിധി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. സഖ്യകക്ഷികൾക്കെതിരെ ജർമനിയും ജപ്പാനും അടക്കമുള്ള അച്ചുതണ്ടുശക്തികൾ വിജയങ്ങൾ കൈവരിച്ച് മുന്നേറുകയാണ്. നാസി ജർമനി ആണവബോംബ് ഉണ്ടാക്കും എന്ന പേടി സഖ്യകക്ഷികൾക്ക് ഉണ്ടായിരുന്നു. അതിനെ മറികടക്കാൻ ആദ്യമായി ആണവബോംബ് നിർമ്മിക്കാൻ അമേരിക്കയിൽ ഓപ്പൺ ഹൈമറുടെയും പട്ടാളമേധാവികളുടെയും നേതൃത്വത്തിൽ ഒരു കൂട്ടം സയന്റിസ്റ്റുകൾ രാപകലില്ലാതെ ജോലി ചെയ്യാൻ തുടങ്ങി. ഒടുവിൽ വിജയകരമായി ആണവസ്ഫോടനം പരീക്ഷിക്കുകയും ചെയ്തു. നാസികളുടെ ജർമനിയെ പേടിച്ചാണ് ആറ്റം ബോംബ് നിർമിച്ചത്.  പക്ഷേ അവസാനം അത് പ്രയോഗിക്കാൻ തിരഞ്ഞെടുത്തത് ജപ്പാനിലായിരുന്നു എന്നു മാത്രം. ജപ്പാൻ അമേരിക്കയ്ക്കെതിരെ നടത്തിയ പേൾഹാർബർ ആക്രമണം ആ തീരുമാനത്തിനു ബലമേകുകയും ചെയ്തു.

1945 ഓഗസ്റ്റ് 6. രാവിലെ 8.15. അമേരിക്കൻ ബോംബർ വിമാനമായ എനോള ഗേ ഹിരോഷിമയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. മനുഷ്യരാശി കണ്ട ഏറ്റവും വിനാശകരവും ദുഖകരവുമായ ദിനമായിരുന്നു അന്ന്. ലിറ്റിൽ ബോയി എന്നു പേരിട്ടുവിളിച്ച ആ ആണവബോംബ് ഹിരോഷിമയുടെ ആകാശത്തിനു മുകളിൽ പൊട്ടിത്തെറിച്ചു. ഹിരോഷിമ നഗരത്തിലെ ഷിമ ക്ലിനിക്കിന്റെ 600മീറ്റർ മുകളിലായിരുന്നു മനുഷ്യരാശിയുടെ ഏറ്റവും ഹീനമായ പ്രവൃത്തിയായി ആ ബോംബ് തന്റെ ചെയിൻറിയാക്ഷൻ പൂർത്തിയാക്കിയത്. ഷിമ ആശുപത്രിക്ക് 160 മീറ്റർ മാത്രം അകലെയായിരുന്നു പ്രിഫെക്ചറൽ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ. അതിരാവിലെ ആയിരുന്നിട്ടുപോലും, ആറ്റംബോംബ് പൊട്ടുന്ന സമയത്ത് അതിനകത്ത് മുപ്പതോളം മനുഷ്യർ ഉണ്ടായിരുന്നു. 

600 മീറ്റർ ഉയരെ, സെക്കൻഡിന്റെ പത്തുലക്ഷത്തിലൊന്നു സമയത്തിനുള്ളിൽ ആണവബോംബിലെ ചെയിൻ റിയാക്ഷൻ പൂർത്തിയായി. ഫിഷൻ നടന്ന ഇടത്തെ താപനില ദശലക്ഷക്കണക്കിനു ഡിഗ്രിയായി ഉയർന്നു. അതിനെത്തുടർന്നുണ്ടായ താപതരംഗവും മർദ്ദതരംഗവും തൽക്ഷണം വ്യാപിച്ച് ആ പ്രദേശത്തെ മുഴുവൻ വിഴുങ്ങി. അങ്ങനെയൊരു ബോംബ് പൊട്ടിയതോ അവിടെ നടന്നതെന്തെന്നോ ഒന്നും അതിനു താഴെ തുറസ്സായ ഇടങ്ങളിൽ നിന്ന ഒരു മനുഷ്യനും അറിഞ്ഞതുപോലുമില്ല. വേദനയുടെ സിഗ്നലുകൾ തലച്ചോറിലെത്തുന്നതിനു മുമ്പുതന്നെ മനുഷ്യരേ ഇല്ലാതാകുന്നു. വേദനയറിയാതെ ആ മനുഷ്യരെല്ലാം കരിഞ്ഞുപോയി. തുടർന്നുവന്ന മർദ്ദതരംഗങ്ങൾ അവരെ ചിതറിച്ചുകളയുകയും ചെയ്തു. 

(Credit: Shigeo Hayashi )

പ്രിഫെക്ചറൽ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാളിന്റെ മുകളിലെ ചെമ്പുഡോമും മറ്റും ഉരുകിപ്പോയി. 3000 മുതൽ 4000ഡിഗ്രിവരെ താപനിലയായിരുന്നു അവിടെ. മർദ്ദതരംഗങ്ങൾ മുകളിൽനിന്ന് നേരെ താഴേക്കാണു പതിച്ചത്. കുത്തനെ ഉയർന്നുനിൽക്കുന്ന കെട്ടിടത്തിന്റെ ഘടന പക്ഷേ അവിടെ ഒരു അദ്ഭുതം കാട്ടി. അത് മുകളിൽനിന്നു വന്ന അതിതീവ്രമർദ്ദതരംഗത്തെപ്പോലും അതിജീവിച്ചു! കെട്ടിടത്തിന്റെ ചില്ലുജാലകങ്ങളും മറ്റും നിമിഷനേരംകൊണ്ട് തകർന്ന് കെട്ടിടത്തിനുള്ളിലെയും പുറത്തെയും മർദ്ദം ഒരുപോലെയാക്കി. സാഹചര്യങ്ങൾ ഒത്തിണങ്ങിവന്നതിനാൽ കോൺക്രീറ്റിലും മറ്റും നിർമ്മിച്ച പ്രധാന ചുമരുകൾ അമിതമായ കേടുപാടുകൾ കൂടാതെ ബാക്കിയായി. ചെമ്പുപാളികൾക്കു താഴെയുണ്ടായിരുന്ന ഇരുമ്പുചട്ടക്കൂടുകളും നിലനിന്നു. പക്ഷേ അതിനുള്ളിലുണ്ടായിരുന്ന ജീവനുകളൊന്നും ബാക്കിയായില്ല. എന്താണു സംഭവിച്ചത് എന്നുപോലും മനസ്സിലാക്കാനാവാതെ അവർ ലോകത്തോടു വിടപറഞ്ഞു. നാലായിരം ഡിഗ്രി സെൽഷ്യസൊക്കെ എത്തിയെങ്കിലും ആ തീവ്രതാപനില അവിടെ അധികസമയം നിലനിന്നില്ല എന്നു മാത്രം. ഏതാനും സെക്കൻഡുകൾക്കുള്ളിൽ അത് കുറഞ്ഞുവന്നു. അതിനാൽ മാത്രമാണ് കോൺക്രീറ്റ് തൂണുകളും ഇരുമ്പുഘടനയുമൊക്കെ വലിയ കുഴപ്പമില്ലാതെ നിലനിന്നത്. ഉരുകാനുള്ള ചൂടുണ്ടായിരുന്നെങ്കിലും ആ ചൂട് പെട്ടെന്നു കുറഞ്ഞതിനാൽ ഉരുകാനുള്ള സമയം കിട്ടിയില്ല. ബോംബ് വീണത് കുറെ അകലെയായിരുന്നെങ്കിൽ മർദ്ദ തംരഗങ്ങൾ കെട്ടിടത്തിന്റെ വശങ്ങളിൽവന്ന് ഇടിച്ചേനെ. അങ്ങനെയായിരുന്നെങ്കിൽ ആ കെട്ടിടം പൂർണ്ണമായും നശിച്ചുപോകുമായിരുന്നു. നേരെ മുകളിൽനിന്നു മർദ്ദതരംഗങ്ങൾ വന്നതിനാൽ മാത്രമാണ് കെട്ടിടത്തിന്റെ ചുമരുകളിൽ പലതും തകരാതിരുന്നത്. 

ഈ സംഭവം നടക്കുമ്പോൾ ഹിരോഷിമയിൽ ഒരു വയസ്സു മാത്രമുള്ള ഒരു പെൺകുഞ്ഞ് ജീവിച്ചിരിപ്പുണ്ടായിരുന്നു. പേര് ഹിരോകോ കജിയാമ(Hiroko Kajiyama). സ്ഫോടനത്തിൽ വീടു തകരുകയും റേഡിയേഷൻ ഏൽക്കുകയും ചെയ്തെങ്കിലും അവൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും അവൾ ആരോഗ്യവതിയായിത്തന്നെ വളർന്നു. പക്ഷേ കജിയാമയെയും ആണവബോംബിലെ വികിരണങ്ങൾ വെറുതെ വിട്ടിരുന്നില്ലെന്ന് കുറെക്കഴിഞ്ഞാണ് അറിഞ്ഞത്. 1959 ആയി. അവൾക്ക് 15 വയസ്സ്. അപ്പോഴാണ് ലുക്കീമിയ എന്ന ക്യാൻസർ തന്നെ പിടികൂടിയിരിക്കുന്ന കാര്യം അവൾ തിരിച്ചറിയുന്നത്. പതിനഞ്ചു വർഷം മുമ്പ് ശരീരത്തിലേറ്റ റേഡിയേഷന്റെ പ്രത്യാഘാതം. താമസിയാതെ അവൾ ഹിരോഷിമയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. സഡാക്കോ സസാക്കിയുടെ ആയിരം കൊക്കുകളെപ്പോലെ അവളും തന്നെക്കൊണ്ടു കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. കടുത്ത വേദനയിലും അവൾ തന്റെ ചിന്തകൾ ഡയറിയിലേക്കു പകർത്തിക്കൊണ്ടിരുന്നു. 

ആണവബോംബ് വീണതിനെത്തുടർന്ന് അപ്പോഴേക്കും ജപ്പാൻ കീഴടങ്ങിയിരുന്നു. രണ്ടാം ലോകയുദ്ധവും അവസാനിച്ചിരുന്നു. പക്ഷേ ഒരു യുദ്ധത്തിനും തളർത്താൻ കഴിയുന്നതല്ല തങ്ങളുടെ മനസ്സിനെയും അധ്വാനശീലത്തെയുമെന്ന് ജപ്പാൻ ജനത ഒന്നാകെ തീരുമാനിച്ചിരുന്നു എന്നു മാത്രം. ഹിരോഷിമയും നാഗസാക്കിയും അടക്കമുള്ള നഗരങ്ങൾ അവർ പുനർനിർമ്മിക്കാൻ തുടങ്ങി. യുദ്ധത്തിൽ തകർന്ന പല കെട്ടിടങ്ങളും പൊളിച്ചുമാറ്റപ്പെട്ടു. അവിടെയെല്ലാം പുതിയ കെട്ടിടങ്ങൾ പണിതു. ജപ്പാനെ കൂടുതൽ മികച്ച ജപ്പാനാക്കുക. അതായിരുന്നു അവരുടെ ലക്ഷ്യം. 

പ്രിഫെക്ചറൽ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ പൂർണ്ണമായി തകർന്നിരുന്നില്ല. ആണവസ്ഫോടനത്തെ അതിജീവിച്ച് അതിന്റെ ഘടന തലയുയർത്തിത്തന്നെ നിന്നിരുന്നു. എ-ബോംബ് ഡോം എന്നാണ് പിന്നീട് അത് അറിയപ്പെട്ടത്. ഈ കെട്ടിവും പൊളിച്ചു മാറ്റാൻ വേണ്ടി കുറെപ്പേർ വാദിച്ചുകൊണ്ടിരുന്നു. ചിലർക്കു പക്ഷേ അത് തങ്ങളുടെ പ്രിയപ്പെട്ടവർ ഇല്ലാതായിപ്പോയതിന്റെ വേദനിക്കുന്ന ഓർമ്മയാണ്. ചിലർക്കാകട്ടേ അത് യുദ്ധത്തിനെതിരെയുള്ള സ്മരണയും. എന്തായാലും മരണം മുന്നിലെത്തിനിൽക്കുന്ന ആ പതിനഞ്ചുവയസ്സുകാരി, ഹിരോകോ കജിയാമയും ഈ കെട്ടിടത്തെക്കുറിച്ചു കേട്ടിരുന്നു. അവൾക്ക് ആ കെട്ടിടത്തെക്കുറിച്ച് മറ്റൊരു ചിന്തയായിരുന്നു വന്നത്. ആണവബോംബിന്റെ ഭീകരതയെക്കുറിച്ച് ലോകത്തോടു വിളിച്ചു പറഞ്ഞുകൊണ്ടിരിക്കാൻ ആ കെട്ടിടത്തെ എന്നെന്നേക്കുമായി അവിടെ അവശേഷിപ്പിക്കുക. അതൊരിക്കലും പൊളിച്ചുകളയരുത്. ആ തകർന്ന കെട്ടിടം കാണുമ്പോൾ ലോകം ആണവബോംബിന്റെ ഭീകരതയെക്കുറിച്ച് ഓർക്കണം. മനുഷ്യരാശിക്ക് സംഭവിച്ച ആ വലിയ ദുരന്തത്തിന്റെ ഓർമ്മപ്പെടുത്തലായി ആ കെട്ടിടം നിലനിൽക്കണം. ഇതെല്ലാം തന്റെ ഡയറിയിൽ അവൾ കുറിച്ചുവച്ചു. എന്നാൽ തന്റെ ആഗ്രഹം സഫലമാകുമോ എന്നുപോലും അറിയാതെ 1960 ഏപ്രിൽ 5ന് ആ കുറിപ്പുകളും ചിന്തകളും ലോകത്തിനായി അവശേഷിപ്പിച്ച് വെറും പതിനാറാം വയസ്സിൽ, ഹിരോകോ കജിയാമ ലോകത്തോടു വിടപറഞ്ഞു.

സഡാക്കോ സസാക്കിയുടെ കടലാസുകൊക്കുകൾ നിർമ്മിച്ച കുട്ടികളെല്ലാം ചേർന്ന് വലിയൊരു കൂട്ടായ്മയ്ക്ക് അപ്പോഴേക്കും രൂപംകൊടുത്തിരുന്നു. പേപ്പർ ക്രയിൻ ക്ലബ് എന്നായിരുന്നു അതിന്റെ പേര്. ഇച്ചിറോ കവാമോട്ടോ എന്ന സമാധാനപ്രവർത്തകൻ വഴി ഈ കൂട്ടായ്മയുടെ അടുക്കലാണ് ഹിരോകോയുടെ ഡയറിക്കുറിപ്പുകൾ എത്തിപ്പെട്ടത്. അവരെ ആ വാക്കുകൾ വല്ലാതെ സ്പർശിച്ചു. ആവണബോംബിന്റെ ഇരയായി മാറിയ ഹിരോകോ എന്ന കുട്ടിയുടെ ആഗ്രഹം സഫലമാവണം. പേപ്പർ ക്രയിൻ ക്ലബിലെ കുട്ടികൾ ഈ ആവശ്യം ഉന്നയിച്ച് വലിയ കാമ്പയിൻ ആരംഭിച്ചു. ജപ്പാനിലെ കുട്ടികൾ അതോടെ ആ ആവശ്യം ഏറ്റെടുത്തു. ജപ്പാനിലു‌ടനീളം നടന്ന് സമാധാനപ്രവർത്തകർ ഇതിനായി ഫണ്ടുശേഖരിക്കാൻ തുടങ്ങി. ഈ കാമ്പയിനു ഫലമുണ്ടായി. ജാപ്പനീസ് സർക്കാരിന്റെയും ജനങ്ങളുടെ ചിന്താഗതി മാറിമറിഞ്ഞു. 1966 ൽ ഹിരോഷിമ സിറ്റി കൗൺസിൽ ഒരു പ്രഖ്യാപനം നടത്തി. ആ കെട്ടിടം എന്നെക്കേക്കുമായി സംരക്ഷിക്കും. കെട്ടിടം ഇനി കൂടുതൽ തകരരുത്. അതിനാൽ അത് തകരാതിരിക്കാൻ ആവശ്യമായ ഉരുക്കുസപ്പോർട്ടുകൾ കൊടുത്ത് അധികൃതർ അതിനെ ബലപ്പെടുത്തി അതേ രൂപത്തിൽ സംരക്ഷിച്ചു നിർത്തി. ജനങ്ങളതിനെ പിന്നീട് എ-ബോംബ് ഡോം എന്നു വിളിക്കാൻ തുടങ്ങി. അതിനു ചുറ്റുമുള്ള പ്രദേശം ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക് ആയി മാറ്റിയെടുത്തു. 

ഒരു കൊച്ചുപെൺകുട്ടിയുടെ നിഷ്കളങ്കമായ ഡയറിക്കുറിപ്പുകൾ ഇന്ന് ലോകസമാധാനത്തിന്റെ ഏറ്റവും വലിയ പ്രതീകമായി നിലകൊള്ളുകയാണ്. യുനെസ്‌കോ ലോക പൈതൃകപട്ടികയിലാണ് ഇന്ന് ആ കെട്ടിടത്തിന്റെ സ്ഥാനം. യുദ്ധം വരട്ടേ എന്ന ആരവം മുഴക്കുന്ന അനേകർ ഇപ്പോഴുമുള്ള ലോകമാണിത്. യുദ്ധങ്ങൾ ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇനിയൊരു ആണവയുദ്ധത്തിന് ഭൂമി ബാക്കിയുണ്ടാകില്ല എന്നറിയാമെങ്കിലും അതിനെയും മറികടന്ന് അത്തരമൊരു ദുരന്തത്തിലേക്ക് മനുഷ്യർ പോയിക്കൂടെന്നില്ല. അങ്ങനെയുള്ളവരെ നിരന്തരം തിരുത്താനും മനുഷ്യർ മനുഷ്യരോടുവച്ചു പുലർത്തുന്ന വെറുപ്പിനെ ഇല്ലാതാക്കാനും എ-ബോംബ് ഡോം പോലുള്ള സ്മാരങ്ങളുടെ ഓർമ്മകൾ ഇവിടെ എപ്പോഴുമുണ്ടാവണം. ഹിരാകോ കജിയാമയും സഡാക്കോ സസാക്കിയുമെല്ലാം മനുഷ്യമനസ്സിലെ തിരുത്തൽശക്തികളായി, മനുഷ്യർക്ക് മനുഷ്യരോടുള്ള സ്നേഹത്തിന്റെ പ്രതീകങ്ങളായി എന്നെന്നും നമുക്കൊപ്പം നിലനിൽക്കട്ടേ.