ഭൂമിയെക്കാളും പഴക്കമുള്ള ഉൽക്കാശില വീണ് പരിക്കേറ്റ യുവതിയുടെ കഥ




1954 നവംബർ 30. അമേരിക്കയിലെ സിലാകോഗ പട്ടണത്തിലെ ഒരു വീട്ടിൽ  34 വയസ്സുകാരിയായ ആൻ ഹോഡ്ജസ് തന്റെ വാടകവീട്ടിലെ സോഫയിൽ ഒരു പുതപ്പും പുതച്ച് ഉച്ചയുറക്കത്തിലായിരുന്നു. പെട്ടെന്നാണ് അവൾ വലിയൊരു ശബ്ദം കേട്ടത്. തന്റെ ഇടുപ്പിൽ എന്തോ ശക്തമായി വന്നിടിച്ചിട്ടുമുണ്ട്. അസഹനീയമായ വേദന. വീടിന്റെ മേൽക്കൂരയും തടിപ്പലകകളും തുളച്ച് വന്ന കറുത്തനിറത്തിലുള്ള ഒരു കല്ലായിരുന്നു അത്. മുറിയിലെ വലിയൊരു കൺസോൾ റേഡിയോയെ ഇടിച്ചുതകർത്തശേഷം തെറിച്ചുവീണതാണ് തന്റെ ദേഹത്ത് ആ കല്ല്. മേൽക്കുരയും പലകയും തകർത്ത ആ കല്ലിന്റെ വേഗത റേഡിയോ കൂടി തകർത്തതോടെ ഗണ്യമായി കുറഞ്ഞിരുന്നു. മാത്രമല്ല, കട്ടിയുള്ള പുതപ്പായിരുന്നു ആൻ ഹോഡ്ജസ് പുതച്ചിരുന്നത്. അതും വലിയ അപകടത്തിൽനിന്ന് ഹോഡ്ജസിനെ രക്ഷിച്ചു! പക്ഷേ ഇടുപ്പിൽ മുറിവും രക്തം കട്ടപിടിച്ച വലിയൊരു പാടും ബാക്കിയായിരുന്നു.

അന്ന് അമേരിക്കയിലെ അലബാമ, ജോർജിയ, മിസിസിപ്പി എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ജനങ്ങൾ ആകാശത്ത് അസാധാരണമായ ആ കാഴ്ച കണ്ടിരുന്നു. പകൽ വെളിച്ചത്തിൽ പോലും കണ്ണഞ്ചിപ്പിക്കുന്ന തിളക്കമുള്ള ഒരു തീഗോളം വലിയൊരു ഇരമ്പലോടെ ആകാശത്തുകൂടെ പാഞ്ഞുപോകുന്നു. സെക്കൻഡിൽ പത്തോ ഇരുപതോ കിലോമീറ്റർ വേഗതയിലാവാം അത് അന്തരീക്ഷത്തിലേക്കു കടന്നത്. വായുവുമായിട്ടുള്ള ഉരസലിൽ ചൂടുപിടിച്ച ആ വലിയ ഉൽക്ക വലിയ മർദ്ദംമൂലം അന്തരീക്ഷത്തിൽവച്ചുതന്നെ പൊട്ടിത്തെറിച്ചു. വായുവുമായിട്ടുള്ള ഉരസൽ ആ ശിലയുടെ വേഗതയെ അപ്പോഴേക്കും വലിയതോതിൽ കുറച്ചിട്ടുണ്ടായിരുന്നു. അതിൽ ഒരു കഷണമാണ് ഹോഡ്ജസ് താമസിച്ചിരുന്ന വാടകവീട്ടിലേക്ക് കുതിച്ചെത്തി അവളെ പരിക്കേൽപ്പിച്ചത്. 

വലിയ ശബ്ദം കേട്ട് ആളുകൾ ഹോഡ്ജസിന്റെ വീട്ടിലേക്ക് ഓടിക്കൂടി. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ല. ശീതയുദ്ധകാലമാണ്.  സോവിയറ്റ് യൂണിയൻ എപ്പോൾ വേണമെങ്കിലും അമേരിക്കയെ ആക്രമിച്ചേക്കാം എന്ന ഭയം ജനങ്ങൾക്കിടയിലുണ്ടായിരുന്നു. സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ഏതെങ്കിലും മിസൈലിന്റെയോ വിമാനത്തിന്റെയോ ഭാഗമാണോ എന്നായിരുന്നു ജനങ്ങളുടെ ആദ്യ സംശയം.വിവരമറിഞ്ഞ് സിലാകോഗയിലെ പൊലീസ് മേധാവി സ്ഥലത്തെത്തി. അയാൾ ആ കല്ല് പരിശോധിച്ചു. എന്താണതെന്നു മനസ്സിലാകാതിരുന്ന അദ്ദേഹം തുടർന്ന് അമേരിക്കൻ എയർഫോഴ്സ് ഇന്റലിജൻസിനെ വിവരമറിയിച്ചു. വൈകാതെ ഹെലികോപ്റ്ററിൽ എയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അവർ ആ കല്ലിനെ തങ്ങളുടെ പരിശോധനാകേന്ദ്രത്തിലേക്കു കൊണ്ടുപോയി. വലിയ പരിശോധനകൾ നടന്നു. ഒടുവിൽ അത് റഷ്യൻ നിർമ്മിതമല്ലെന്നും ബഹിരാകാശത്തുനിന്നു വന്ന ‘കോൺഡ്രൈറ്റ്’ (Chondrite) വിഭാഗത്തിൽപ്പെട്ട ഒരു ഉൽക്കാശിലയാണെന്നും അവർ സ്ഥിരീകരിച്ചു.

അതേ. ആരെങ്കിലും എറിഞ്ഞ കല്ലോ, റഷ്യയുടെ ആക്രമണമോ ഒന്നുമായിരുന്നില്ല അത്. ബഹിരാകാശത്തുനിന്ന് സഞ്ചരിച്ചെത്തിയ ഒരു ഉൽക്കാശില മാത്രമായിരുന്നു. പക്ഷേ ഭൂമിയിലെ ഒരു മനുഷ്യനെ ഉൽക്ക ‘ആക്രമിച്ച’ ആദ്യത്തെ സംഭവമായി അത് രേഖപ്പെടുത്തപ്പെട്ടു.

രസകരമായ കഥ തുടങ്ങുന്നത് അവിടെനിന്നാണ്. സിലാകോഗ ഉൽക്ക എന്ന പേരിൽ ഈ സംഭവം ലോകമെമ്പാടും വാർത്തയായി. ആൻ ഹോഡ്ജസും അവർ താമസിച്ചിരുന്ന ആ വാടകവീടും ശ്രദ്ധകേന്ദ്രമായി. വാർത്താപ്രാധാന്യംകൊണ്ടു മാത്രം ആ ഉൽക്കാശിലയ്ക്കു വലിയ സാമ്പത്തികമൂല്യമുണ്ടെന്ന് ആളുകൾ തിരിച്ചറിഞ്ഞു. ഉൽക്കാശില തിരികെ നൽകാനുള്ള എയർഫോഴ്സിന്റെ തീരുമാനം വലിയൊരു നിയമയുദ്ധത്തിനാണ് വഴിവച്ചത്. ഉൽക്കാശില ആർക്കു നൽകണം എന്നതായിരുന്നു പ്രശ്നം. 



ആൻ ഹോഡ്ജസ് താമസിച്ചിരുന്നത് ബേർഡി ഗൈ (Birdie Guy) എന്നയാളുടെ വാടകവീട്ടിലായിരുന്നു. തന്റെ വസ്തുവിലാണ് അത് വീണതെന്നും, അതിനാൽ നിയമപരമായി ആ കല്ലിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നുമായിരുന്നു ബേർഡി ഗൈയുടെ വാദം. അത് തന്റെ ദേഹത്താണ് വീണതെന്നും തനിക്ക് പരിക്കേൽക്കുക കൂടി ചെയ്തതിനാൽ തനിക്കാണ് പൂർണ്ണ അവകാശമെന്നും ആൻ ഹോഡ്ജസും ഭർത്താവ് യൂജിനും വാദിച്ചു. ആകാശത്തുനിന്നും ദൈവം തനിക്കായി എറിഞ്ഞുതന്നതാണ് ആ കല്ലെന്നുവരെ ഹോഡ്ജസ് അവകാശവാദം മുഴക്കിയതായും പറയപ്പെടുന്നുണ്ട്. 

അക്കാലത്ത് അമേരിക്കൻ നിയമപ്രകാരം ഭൂമിയിൽ വീഴുന്ന വസ്തുക്കൾ ഭൂവുടമയ്ക്കുള്ളതാണ്. അതിനാൽ നിയമപരമായി നോക്കിയാൽ ബേർഡി ഗൈയ്ക്കാണ് ഉൽക്കാശിലയുടെ ഉടമസ്ഥാവകാശം. പക്ഷേ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ മുഴുവൻ ആൻ ഹോഡ്ജസിനായിരുന്നു. നിയമവും നീതിയും രണ്ടു ധ്രുവങ്ങളിലായി വാദങ്ങൾ നടത്തി. പരിക്കേറ്റ ആനിനോട് വാടകവീട്ടുടമ കാണിക്കുന്നത് ക്രൂരതയാണെന്ന് ജനങ്ങൾ വിമർശിച്ചു. ഒടുവിൽ കോടതിക്ക് പുറത്തുവച്ച് 500 ഡോളറോ മറ്റോ ബേർഡി ഗൈയ്ക്ക് നൽകിക്കൊണ്ട് ഹോഡ്ജസ് കുടുംബം ആ ഉൽക്കാശില സ്വന്തമാക്കി.

ഹോഡ്ജസിന്റെ ദേഹത്തുവീണ ആ ഉൽക്കാശില കൂടാതെ മറ്റു പല കഷണങ്ങളും ആ പൊട്ടിത്തെറിയിൽ അന്ന് ഭൂമിയിൽ വീണിരുന്നു. അതിലെ വലിയൊരു കഷണം വീണത് ജൂലിയസ് കെമ്പിസ് മക്കിന്നി എന്ന ഒരു ദരിദ്രനായ കർഷകന്റെ കൃഷിയിടത്തിലായിരുന്നു. ഹോഡ്ജസ് കുടുംബം ഉൽക്കാശിലയ്ക്കു വേണ്ടി നിയമയുദ്ധം നടത്തുന്ന സമയത്താണ് മക്കിന്നി തന്റെ പറമ്പിൽ നിന്നും ആ കല്ല് കണ്ടെടുക്കുന്നത്. നിയമയുദ്ധത്തിന്റെ കാര്യമെല്ലാം ചർച്ചയായിരുന്നതിനാൽ അദ്ദേഹം ഈ വിവരം ആരോടും പരസ്യപ്പെടുത്തിയില്ല. പകരം ഒരു അഭിഭാഷകനെ സമീപിച്ച് രഹസ്യമായി അമേരിക്കയിലെ പ്രശസ്തമായ സ്‌മിത്ത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടുമായി (Smithsonian Institution) ബന്ധപ്പെട്ടു. എന്നിട്ട് ആ ഉൽക്കാകഷണം അദ്ദേഹം വലിയൊരു തുകയ്ക്ക് അവർക്ക് വിറ്റു. ആ തുകയെത്രയാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും  മക്കിന്നിക്ക്  ഒരു പുതിയ വീടും കാറും വാങ്ങാൻ മാത്രം വലിയ തുകയായിരുന്നു അതെന്നാണ് പറയപ്പെടുന്നത്. 

ദൃശ്യം സിനിമയിൽ സായികുമാറിന്റെ കഥാപാത്രം പറയുന്നപോലെ ഹോഡ്ജസിന്റെ കഥയ്ക്ക് ദുഃഖസാന്ദ്രമായ മറ്റൊരു ടെയിൽ എന്റ് കൂടിയുണ്ട്. കുറച്ചുകാലം കഴിഞ്ഞ് ഈ ശില സയന്റിസ്റ്റുകളുടെ അടുത്തെത്തിയ ഒരു കഥ! 

ഒട്ടേറെ നിയമപോരാട്ടങ്ങൾക്കുശേഷമാണ് 500 ഡോളറോളം കൊടുത്ത് ഹോഡ്ജ് കുടുംബം ആ ഉൽക്കാശില സ്വന്തമാക്കിയത്. പക്ഷേ അപ്പോഴേക്കും മാധ്യമങ്ങൾക്കെല്ലാം ഈ വാർത്തയോടുള്ള താത്പര്യം നഷ്ടപ്പെട്ടിരുന്നു. അതിഭീമമായ തുക കൊടുത്ത് ഈ ഉൽക്കാശില സ്വന്തമാക്കാൻ അതുകൊണ്ടുതന്നെ ആരും ആൻ ഹോഡ്ജസിനെ സമീപിച്ചതേയില്ല. പരിക്കിന്റെ ആഘാതവും മാധ്യമങ്ങളിലൂടെ കിട്ടിയ സെലിബ്രിറ്റി സ്റ്റാറ്റസും ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കവും അപ്പോഴേക്കും ആൻ ഹോഡ്ജസിന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ആ ഉൽക്ക അവർക്കു സ്വന്തമാകുന്നതും ആരും വാങ്ങാനില്ലാതെ അത് വീട്ടിൽ കിടന്നുപോകുന്നതും. കടുത്ത വിഷാദരോഗത്തിലേക്കാണ് ആൻ വീണുപോയത്. വീട്ടിലെ വാതിൽ ചാരിവയ്ക്കാൻ ഉപയോഗിക്കുന്ന വെറുമൊരു കല്ലായി ആ ചരിത്രവസ്തു കുറെക്കാലം ആ വീട്ടിൽ കിടന്നു. വലിയ തുകയുമായി ആരെങ്കിലും തങ്ങളെത്തേടി വരും എന്ന് അവർ കുറെക്കാലംകൂടി പ്രതീക്ഷിച്ചിരുന്നു. പക്ഷേ എല്ലാം വിഫലമായി. ഇനി വലിയ തുക മോഹിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ആൻ 1956 അത് അലബാമ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന് (Alabama Museum of Natural History) സംഭാവന ചെയ്തു. ലോകശ്രദ്ധയാകർഷിച്ച ഒരു ഉൽക്കാശിലകൊണ്ട് ഒന്നും നേടാനാകാതിരുന്നതോടെ ആനിന്റെ കുടുംബജീവിതംപോലും താറുമാറായി.1964ൽ ആൻ വിവാഹമോചിതയായി. ആകെ തകർന്ന ആൻ ഹോഡ്ജസ് വൃക്കരോഗം ബാധിച്ച് തന്റെ 52ാം വയസ്സിൽ, 1972-ൽ ഒരു നഴ്സിംഗ് ഹോമിൽവച്ച് മരണപ്പെട്ടു. കോടിക്കണക്കിന് മനുഷ്യരിൽ പ്രപഞ്ചം കൃത്യമായി തിരഞ്ഞെടുത്ത ആ മനുഷ്യന്റെ അന്ത്യം ഒട്ടും നീതിപൂർവമല്ലായിരുന്നു എന്നുതന്നെ പറയണം.

ആൻ ഹോഡ്ജസിന്റെ മേൽ പതിച്ച ആ ഉൽക്കയ്ക്കും പറയാനുണ്ടായിരുന്നു ഒത്തിരി കഥകൾ! വളരെ ചെറിയ പഴക്കമൊന്നുമല്ലായിരുന്നു ആ ഉൽക്കയ്ക്കുണ്ടായിരുന്നത്. 460 കോടി കൊല്ലം മുമ്പ് സൗരയൂഥരൂപീകരണഘട്ടത്തിലാണ്  അതിന്റെ ചരിത്രം തുടങ്ങുന്നത്. വാതകങ്ങളും പൊടിപടലങ്ങളും അടങ്ങുന്ന അതിഭീമമായ തന്മാത്രാമേഘം സ്വന്തം ഗുരുത്വാകർഷണത്തിൽ കോടിക്കണക്കിനു വർഷങ്ങൾകൊണ്ട് സങ്കോചിക്കുകയും അതിലൂടെ മധ്യഭാഗത്ത് താപനിലകൂടി ന്യൂക്ലിയർ ഫ്യൂഷൻവരെ നടന്നാണ് സൂര്യന്റെ ജനനം. സൂര്യന് ചുറ്റും കറങ്ങിക്കൊണ്ടിരുന്ന ബാക്കി പദാർത്ഥങ്ങൾ പരസ്പരം കൂട്ടിയിടിച്ച് ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമായി മാറി. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രദേശത്തും ഒരു ഗ്രഹം രൂപപ്പെടേണ്ട എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ വ്യാഴത്തിന്റെ അതിശക്തമായ ഗുരുത്വാകർഷണബലത്താലും മറ്റു പല കാരണങ്ങളാലും ഈ ഭാഗത്തുള്ള പദാർത്ഥങ്ങൾക്ക് പരസ്പരം ചേർന്ന് ഒരു വലിയ ഗ്രഹമായി മാറാൻ കഴിഞ്ഞില്ല. പകരം, അവ ചെറുതും വലുതുമായ പാറക്കഷണങ്ങളായി സൂര്യനെ ചുറ്റിക്കറങ്ങാൻ തുടങ്ങി. ഈ പ്രദേശമാണ് ഇന്നത്തെ ഛിന്നഗ്രഹ വലയം (Asteroid Belt). സൗരയൂഥത്തിന്റെ ശൈശവാവസ്ഥയിൽ അവശേഷിച്ച നിർമ്മാണ വസ്തുക്കളാണവ. അതായത് 450 കോടിയിലധികം വർഷം പഴക്കമുള്ള വസ്തുക്കൾ!

ഇങ്ങനെ ഛിന്നഗ്രഹവലയത്തിൽ ശാന്തമായി സൂര്യനെ വലംവെച്ചിരുന്ന വലിയൊരു ശില ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മറ്റൊരു ബഹിരാകാശ വസ്തുവുമായി അതിശക്തമായി കൂട്ടിയിടിച്ചു. ഈ കൂട്ടിയിടിയിൽ മാതൃശിലയിൽനിന്ന് ചെറിയൊരു കഷണം അടർന്നുമാറി. കൂട്ടിയിടിയിൽ ഇതിന്റെ സഞ്ചാരപഥം  മാറ്റുകയും കുറെക്കാലത്തിനു ശേഷം അത് ഭൂമിയുടെ സഞ്ചാരപഥത്തിലൂടെ കടന്നുപോകുന്ന നിയർ-എർത്ത് ഒബ്ജക്റ്റ് (Near-Earth Object) ആയി മാറുകയും ചെയ്തു. പിന്നീടാണ് ഇത്  ഭൂമിയിലേക്കു പതിച്ചതും അതിലൊരു ഭാഗം ആൻ ഹോ‍ഡ്ജസിന്റെ ജീവിതം മാറ്റിമറിച്ചതും. 

ആൻ ഹോഡ്ജസിനെ ഇടിച്ച കല്ല് സിലാകോഗ ഉൽക്കാശില(Sylacauga Meteorite) എന്നാണ് അറിയപ്പെട്ടത്. ഇതൊരു സാധാരണ ഉൽക്കാശില ആയിരുന്നില്ല.  സയൻസിന് വിലപ്പെട്ട വിവരങ്ങൾ നൽകുന്ന ഒരു കോൺഡ്രൈറ്റ് (Chondrite) വിഭാഗത്തിൽപ്പെട്ട ശിലയാണിത്. ഗ്രഹങ്ങളെപ്പോലെ ഉരുകിപ്പോവുകയോ രൂപമാറ്റം സംഭവിക്കുകയോ ചെയ്യാത്ത ആദിമശിലകളാണ് കോൺഡ്രൈറ്റുകൾ. സൗരയൂഥരൂപീകരണസമയത്ത് രൂപപ്പെട്ട മില്ലിമീറ്റർ വലിപ്പമുള്ള ചെറിയ ഗോളാകൃതിയിലുള്ള തരികൾ ഇത്തരം ശിലയ്ക്കുള്ളിൽ കാണാം ‘കോൺഡ്രൂളുകൾ’ എന്നാണ് ഇതിനെ വിളിക്കുക. സൂര്യൻ രൂപപ്പെട്ട കാലത്ത് ഉരുകിയ തുള്ളികൾ ബഹിരാകാശത്തെ അതിശൈത്യത്തിൽ പെട്ടെന്ന് തണുത്തുറഞ്ഞുണ്ടായ തുള്ളികളാണിവ. ഇത്തരം തുള്ളികൾ ചേർന്ന് വലിയ ശിലയായി മാറുകയും ചെയ്തു. ചുരുക്കത്തിൽ 450 കോടി വർഷം പഴക്കമുള്ള ടൈം ക്യാപ്സൂളുകളാണ് ഇവയൊക്കെ. 


ഇക്കാര്യമൊന്നും ഹോഡ്ജസിന്റെ ദേഹത്ത് ഉൽക്ക വീഴുന്ന കാലത്ത് അത്രത്തോളം അറിയപ്പെടുന്ന വസ്തുതകളല്ല. അതിനാൽത്തന്നെ സയൻസ് ലോകത്തിന്റെ ഉടമസ്ഥാവകാശമുള്ള ഒന്നാണ് ഈ ശിലയെന്ന് ആരും കരുതിയിരുന്നുമില്ല. എന്തായാലും അലബാമ നാച്ചുറൽ മ്യൂസിയത്തിലെത്തിയ ആ ശില പിന്നീട് കൂടുതൽ പഠനങ്ങൾക്ക് വിധേയമായി. അതിനൊപ്പം മക്കിനി കൊടുത്ത ഭാഗവും വിശദമായ പഠനങ്ങൾക്ക് വിധേയമായിരുന്നു. ഐസോടോപ്പിക് ഡേറ്റിംഗ് ഉപയോഗിച്ച് നടത്തിയ പഠനങ്ങളാണ് ഈ ഉൽക്കകൾ 450 കോടി വർഷം പഴക്കമുള്ളതാണെന്നു സ്ഥിരീകരിക്കുന്നത്. അതായത് ഭൂമി രൂപപ്പെടുന്നതിനു മുമ്പുള്ള ശില!  

അലബാമ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രദർശനവസ്തുവാണ് ഇന്ന് ‘ഹോഡ്ജസ് മീറ്റിയോറൈറ്റ്’ (Hodges fragment). മക്കിന്നി കണ്ടെത്തിയ രണ്ടാമത്തെ കഷ്ണം വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ (National Museum of Natural History) ചെന്നാലും കാണാം.


--- നവനീത് കൃഷ്ണൻ എസ്


(ജൂൺ 30. ലോക ഛിന്നഗ്രഹദിനം.  1908 ജൂൺ 30 ന് റഷ്യയിലെ സൈബീരിയയിൽ ഉണ്ടായ ഭീമൻ ഉൽക്കാപതനം വലിയ നാശമാണ് സൃഷ്ടിച്ചത്. തുങ്കുസ്‌ക പതനം എന്നറിയപ്പെടുന്ന ഈ ഉൽക്കാപതനത്തിന്റെ സ്മരണാർത്ഥമാണ് ജൂൺ 30 ലോക ഛിന്നഗ്രഹദിനമായി ആചരിക്കുന്നത്.)