ണ്ടാം ലോകയുദ്ധത്തിന്റെ ആദ്യമാസങ്ങൾ. യുദ്ധം അതിന്റെ തീവ്രത കാണിച്ചുതുടങ്ങിയിരിക്കുന്നു. ഹിറ്റ്‌ലറുടെ നാസി ജർമനി അതിന്റെ എല്ലാ ഭീകരതയും അഴിച്ചുവിട്ട് ലോകത്തെ കീഴടക്കാൻ നടക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് 1939 സെപ്റ്റംബറിനും നവംബറിനുമിടയിൽ ബ്രിട്ടന്റെ നിരവധി ചരക്കുകപ്പലുകളും യുദ്ധക്കപ്പലുകളും ഇംഗ്ലീഷ് ചാനലിലും തേംസ് നദീമുഖത്തും വെച്ച് ദുരൂഹമായ സ്ഫോടനങ്ങളിൽ തകരുന്നത്. കപ്പലുകളുടെ അടിഭാഗത്താണ് കൂടുതൽ സ്ഫോടനങ്ങളും നടന്നിട്ടുള്ളത്. മൈനുകളാണ് അപകടകാരണം എന്ന് ഏതാണ്ട് ഉറപ്പായിരുന്നു. പക്ഷേ തകർന്ന ഒരു കപ്പലും ആ മൈനുകളിൽപ്പോയി ഇടിച്ചിട്ടേ ഇല്ല!
ഒന്നാം ലോകയുദ്ധത്തിലും കടലിലുള്ള മൈനുകൾ കപ്പലുകളെ തകർത്തിരുന്നു. പക്ഷേ അതെല്ലാം കപ്പലുകളും മൈനുകളും തമ്മിൽ കൂട്ടിമുട്ടുമ്പോഴായിരുന്നു. ജലനിരപ്പിൽ പൊങ്ങിക്കിടക്കുന്ന മൈനുകളോ അന്തർവാഹിനികളിൽ നിന്നുള്ള ടോർപ്പിഡോകളോ അല്ല ഈ സ്ഫോടനങ്ങൾക്ക് കാരണമെന്ന് ബ്രിട്ടീഷ് നാവികസേനയ്ക്ക് മനസ്സിലായി. കാരണം സ്ഫോടനങ്ങൾ നടക്കുമ്പോൾ ജർമ്മനിയുടെ അന്തർവാഹിനികളെ അതിനടുത്തൊന്നും കണ്ടെത്താനായിരുന്നില്ല.
ജർമനിയുടെ ഈ പുതിയ മൈനുകൾ അതോടെ സഖ്യകക്ഷികളുടെ, പ്രത്യേകിച്ചും ബ്രിട്ടന്റെ ഉറക്കം കെടുത്തി. കപ്പലുകൾ തുടർച്ചയായി മുങ്ങിയതോടെ വിൻസ്റ്റൺ ചർച്ചിൽ കടുത്ത ആശങ്കയിലായി. ഇതിന്റെ കാരണമന്വേഷിച്ചായി പിന്നീട് ബ്രിട്ടീഷുകാരുടെ ഗവേഷണങ്ങൾ.
ഒടുവിൽ 1939 നവംബർ അവസാനത്തോടെയാണ് ഇക്കാര്യത്തിൽ വഴിത്തിരിവുണ്ടാകുന്നത്. ഒരു ജർമ്മൻ വിമാനം പാരച്യൂട്ട് വഴി ഇംഗ്ലണ്ടിന്റെ തീരപ്രദേശത്തെ ചെളി നിറഞ്ഞ ഒരു കടൽത്തീരത്ത് മൈൻ ഇടുന്നത് കണ്ടെത്താനായി. ഒരുപക്ഷേ വേലിയേറ്റ സമയത്ത് വെള്ളത്തിൽ വീഴേണ്ടിയിരുന്നതായിക്കാം അത്. പക്ഷേ വേലിയിറക്ക സമയത്താണ് അതുചെന്നു വീണത്. എന്തായാലും ചെളിയിൽ വീണ അത് പൊട്ടിത്തെറിച്ചില്ല. ജീവൻ പണയംവച്ച് ബ്രിട്ടീഷ് നാവികസംഘം ആ മൈൻ വീണ്ടെടുത്ത് വിശദപഠനത്തിനായി തങ്ങളുടെ നാവിക ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കപ്പലിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് പൊട്ടുന്ന എന്തുവിദ്യയാണ് ഇതിലുള്ളതെന്ന് അറിഞ്ഞേ മതിയാകൂ.
ആ മൈൻ തുറന്നു പരിശോധിച്ച ശാസ്ത്രജ്ഞർ അദ്ഭുതപ്പെട്ടുപോയി. കപ്പൽ വന്നിടിച്ചാൽ പൊട്ടുന്ന ഒരു സംവിധാനവും അതിനുള്ളിലില്ല! പക്ഷേ മറ്റൊരു കാര്യം അവർ കണ്ടെത്തി. വളരെ സെൻസിറ്റിവ് ആയ ഒരു മാഗ്നറ്റിക് സെൻസർ! ഭൂമിയുടെ സ്വാഭാവിക കാന്തികക്ഷേത്രത്തിൽ നിശ്ചിത അളവിലുള്ള വ്യതിയാനം ഉണ്ടായാൽ മൈനിനുള്ളിലെ മാഗ്നറ്റിക് സെൻസർ അതു തിരിച്ചറിയും. തുടർന്ന് ഒരു സർക്യൂട്ട് പ്രവർത്തിച്ച് മൈൻ പൊട്ടിത്തെറിക്കും! വലിയ തിമിംഗലം വന്നിടിച്ചാൽപ്പോലും ഈ മൈൻ പൊട്ടില്ല. പക്ഷേ ഒരു കപ്പൽ അതിന്റെ അടുത്തുകൂടിപ്പോയാൽ മൈൻ പൊട്ടും! ജർമ്മനി വികസിപ്പിച്ചെടുത്ത അത്യാധുനിക മാഗ്നെറ്റിക് മൈൻ (Magnetic Mine) ആയിരുന്നു അത്.
ജർമൻകാരുടെ ഈ സാങ്കേതികവിദ്യ കണ്ട് അക്ഷരാർത്ഥത്തിൽ ഇംഗ്ലണ്ടുകാർ അമ്പരന്നുപോയി. കപ്പലുകൾക്ക് അതിന്റെതായ മാഗ്നറ്റിക് ഫീൽഡ് ഉണ്ടെന്ന് ഒരു നൂറ്റാണ്ടു മുമ്പേ അറിയാമായിരുന്നു. അതിനെ പ്രയോജനപ്പെടുത്തുന്ന ഒരു വിദ്യയാകാം ജർമൻകാർ മൈനുകളിൽ ഉപയോഗിച്ചതെന്ന് മുമ്പുതന്നെ സംശയവും തോന്നിയിരുന്നു. അതാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇപ്പോൾ സ്വാഭാവികമായി തോന്നുന്ന ഒരു സംശയമുണ്ട്. കപ്പലിന് എങ്ങനെയാണ് കാന്തികമണ്ഡലം ഉണ്ടാവുക എന്നത്. ഭൂമിക്ക് സ്വന്തമായി കാന്തികക്ഷേത്രം ഉണ്ടെന്നു കേട്ടാൽ അതിൽ അദ്ഭുതം തോന്നില്ല. അതുപോലെ ഒരു കാന്തികമണ്ഡലം കപ്പലുകൾക്കും ഉണ്ട്. അതുംപോട്ടേ, വലിയ കെട്ടിടത്തിനും റെയിൽപ്പാളത്തിനും ചിലപ്പോൾ ബസ്സിനുമെല്ലാം അവരവരുടേതായ സ്വന്തം കാന്തികക്ഷേത്രം ഉണ്ടെന്നുകൂടി അറിയണം!
ആയിരക്കണക്കിന് ടൺ ഉരുക്ക് ഉപയോഗിച്ചാണ് കപ്പലുകൾ നിർമ്മിക്കുന്നത്. ഇരുമ്പ് ഒരു ഫെറോമാഗ്നറ്റിക് വസ്തുവാണ്. അതിനെ കാന്തമാക്കാൻ കഴിയും. ഒരു കപ്പൽ നിർമ്മിക്കുന്ന സമയത്ത് രണ്ടു കാരണങ്ങൾകൊണ്ട് അതിലെ ഇരുമ്പ് കാന്തമായി മാറാനുള്ള സാധ്യതയുണ്ട്.
കപ്പൽ നിർമ്മാണശാലകളിൽ വെച്ച് കൂറ്റൻ ഉരുക്കുപാളികൾ മുറിച്ചും ചൂടാക്കിയും തണുപ്പിച്ചും വലിയ ചുറ്റികകൾ കൊണ്ട് അടിച്ചുമൊക്കെയാണ് ഉരുക്കിനെ കപ്പലിന്റെ ചട്ടക്കൂടാക്കി മാറ്റുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ഇരുമ്പ് യാന്ത്രിക മർദ്ദത്തിന് വിധേയമാകുന്നുണ്ട്. ഇതെല്ലാം ഭൂമിയുടെ കാന്തികമണ്ഡലത്തിനുള്ളിൽവച്ചേ നമുക്ക് ചെയ്യാനാകൂ. ഇരുമ്പിലും ഉരുക്കിലുമെല്ലാം ഉള്ള ആറ്റങ്ങൾക്ക് സ്വതേതന്നെ ഒരു കാന്തികസ്വഭാവം ഉണ്ട്. എന്നാൽ സാധാരണഗതിയിൽ ഈ ആറ്റങ്ങളെല്ലാം പല പല ദിശയിലേക്കാവും തിരിഞ്ഞിരിക്കുക. അതിനാൽ ഒരു ആറ്റത്തിന്റെ കാന്തികസ്വഭാവത്തെ മറ്റൊരു ആറ്റത്തിന്റെ കാന്തികസ്വഭാവം ഇല്ലാതാക്കിക്കളയും. എന്നാൽ കപ്പൽ നിർമ്മാണ സമയത്തെ നിരന്തരമായ കമ്പനങ്ങളും മറ്റും കാരണം ആറ്റങ്ങളിലെ ഈ കാന്തികഡൊമെയിനുകളെ ഭൂമിയുടെ കാന്തികക്ഷേത്രത്തിന് അനുസൃതമായി ഒരേ ദിശയിൽ ക്രമീകരിക്കും. അങ്ങനെ കപ്പലിന്റെ നിർമ്മാണം പൂർത്തിയാകുമ്പോഴേക്കും അതൊരു ഭീമാകാരമായ സ്ഥിരകാന്തമായി മാറിക്കഴിഞ്ഞിരിക്കും. എന്നുകരുതി വളരെ ഉയർന്ന കാന്തികതയൊന്നും പ്രതീക്ഷിക്കരുത്. ചെറിയ തോതിലുള്ള കാന്തികതയേ ഉണ്ടാവൂ. പക്ഷേ കപ്പലിന്റെ വലിപ്പം കാരണം ഈ കാന്തികത ഏതാണ്ട് സ്ഥിരമായിത്തന്നെ നിലനിൽക്കും. മാത്രമല്ല പെട്ടെന്നു തിരിച്ചറിയാനുമാവും. രസകരമായ കാര്യം ഈ കാന്തികതയുടെ സ്വഭാവം ഓരോ കപ്പലിനും ഓരോന്നായിരിക്കും എന്നതാണ്.
കാന്തികത ഉണ്ടാകാനുള്ള രണ്ടാമത്തെ കാരണം കപ്പലിന്റെ യാത്രയാണ്. കപ്പൽ സഞ്ചരിക്കുന്നതും ഭൂമിയുടെ കാന്തികക്ഷേത്രത്തിലൂടെയാണല്ലോ. ഇത് കപ്പലിന്റെ കാന്തികതയെ ചെറിയതോതിൽ മാറ്റുന്നുണ്ട്. ഇതുപക്ഷേ കപ്പലിന്റെ സഞ്ചാരദിശയും മറ്റും അനുസരിച്ച് നിരന്തരം മാറിക്കൊണ്ടിരിക്കും എന്നുമാത്രം.
ഇങ്ങനെയുള്ള കാന്തികതയെല്ലാം കൂടിച്ചേർന്ന് ഓരോ കപ്പിലിനും അതിന്റേതായ ഒരു കാന്തികസിഗ്നേച്ചർ ഉണ്ടാവും. കടന്നുപോകുന്ന ഇടത്തെ ഭൂമിയുടെ കാന്തികഫീൽഡിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ കപ്പലിനാകും!
നാസി ജർമനിയുടെ ബുദ്ധിയും അതായിരുന്നു. ഭൂമിയുടെ കാന്തികമണ്ഡലത്തിൽ എന്തെങ്കിലും വ്യതിയാനം വന്നാൽ അതു തിരിച്ചറിഞ്ഞ് പൊട്ടിത്തെറിക്കുന്ന മൈൻ! കപ്പൽ അടുത്തുകൂടെപ്പോകുമ്പോൾ അവിടത്തെ കാന്തികമണ്ഡലത്തിന് മാറ്റം വരും. അതോടെ മൈനിനുള്ളിലെ കാന്തികസൂചിയോ മറ്റോ അതു തിരിച്ചറിഞ്ഞ് തിരിയും. അതുമതി മൈനിനു പൊട്ടിത്തെറിക്കാൻ!
പ്രശ്നം മനസ്സിലായതോടെ ഇംഗ്ലണ്ടുകാർക്ക് പകുതി ആശ്വാസമായി. ഇനി മരുന്നുകണ്ടുപിടിച്ചാൽ മതിയല്ലോ. കപ്പലുകളുടെ കാന്തികക്ഷേത്രം ഇല്ലാതാക്കിയാൽ കാര്യം നടക്കും. അല്ലെങ്കിൽ മൈനുകൾക്ക് തിരിച്ചറിയാൻപോലും കഴിയാത്തവിധം അതിനെ കുറയ്ക്കണം. ബ്രിട്ടീഷ് നാവികസേനയിലെ ഗവേഷണവിഭാഗം ഇതിനായി രാപകൽ തലപുകച്ചു. അവസാനം കനേഡിയൻ വംശജനായ സയന്റിസ്റ്റ് ചാൾസ് എഫ് ഗുഡീവ് ആണ് ഒരു പരിഹാരം നിർദ്ദേശിക്കുന്നത്. വലിയ കപ്പലുകളാണെങ്കിൽ കപ്പലിന്റെ പുറംഭാഗത്ത് മുഴുവൻ കട്ടിയുള്ള ചെമ്പുകേബിളുകൾ ചുറ്റുക. എന്നിട്ട് ഇതിലൂടെ ഡയറക്റ്റ് കറണ്ട് (DC) കടത്തിവിടുക. വലിയ ചെമ്പുവളയത്തിലൂടെ കറണ്ട് കടന്നുപോകുമ്പോൾ അതിനു ചുറ്റും ഒരു കാന്തികക്ഷേത്രം രൂപപ്പെടും. കപ്പലിന്റെ സ്വാഭാവികകാന്തികക്ഷേത്രത്തിന്റെ നേരെ വിപരീതദിശയിലാവണം ഈ സംവിധാനത്തിന്റെ കാന്തികക്ഷേത്രം. അങ്ങനെയെങ്കിൽ അവ പരസ്പരം റദ്ദാക്കപ്പെടുകയും കപ്പലിന്റെ കാന്തികക്ഷേത്രം തത്ക്കാലത്തേക്ക് ഇല്ലാതാവുകയോ വല്ലാതെ കുറയുകയോ ചെയ്യും. അതോടെ മാഗ്നറ്റിക് മൈനുകൾക്ക് കപ്പലിനെ കണ്ടെത്താനാവാതെ വരും! ഈ കണ്ടെത്തലിനെ രസകരമായൊരു പേരിട്ടാണു വിളിച്ചിരുന്നത്. ഡിഗൗസിങ്! കാന്തികക്ഷേത്രത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റാണ് ഗൗസ്. (കാൾ ഫ്രഡറിക് ഗൗസ് എന്ന സയന്റിസ്റ്റിന്റെ ബഹുമാനാർത്ഥം കൊടുത്ത പേര്) ആ ഗൗസിനെ ഇല്ലാതാക്കുന്ന പരിപാടിയാണല്ലോ കപ്പലിൽ നടത്തുന്നത്.
ചെറിയ കപ്പലുകളിലും അന്തർവാഹിനികളിലും മറ്റും മറ്റൊരു രീതിയാണ് പ്രയോഗിച്ചത്. വൈപ്പിങ് എന്നാണ് ആ പരിപാടിയെ വിളിച്ചത്. ഉയർന്ന അളവിൽ കറണ്ട് കടന്നുപോകുന്ന ചെമ്പു കേബിൾ കപ്പലിന്റെ വശങ്ങളിലൂടെ മുകളിലേക്കും താഴേക്കും തുടർച്ചയായി ഉരസുന്ന പരിപാടിയാണിത്. കുറെത്തവണ ഇങ്ങനെ ചെയ്യുമ്പോഴേക്കും കപ്പലിന്റെ ഉരുക്കിലുള്ള കാന്തികഡൊമെയിനുകൾ തോന്നിയപോലെ അലൈൻ ചെയ്യാൻ തുടങ്ങും. അതായത് ക്രമരഹിതമായ രീതിയിൽ കാന്തികഡൊമെയിനുകൾ മാറും. കപ്പലിന്റെ സ്ഥിരകാന്തികത അതോടെ ഏറെക്കുറെ നഷ്ടപ്പെടും.
ഈ രണ്ടുപണികളും ചെയ്തതോടെ സഖ്യകക്ഷികളുടെ കപ്പലുകൾ മൈനുകൾക്ക് കാണാൻ പറ്റാതായി! സയൻസിന്റെ തത്വമുപയോഗിച്ച് നാസിയുണ്ടാക്കിയ ഒരു ആയുധത്തിൽനിന്ന് മറ്റൊരു സയൻസ് തത്വം ഉപയോഗിച്ച് രക്ഷപ്പെടുക! ഭൗതികശാസ്ത്രത്തിന്റെ ലളിതമായ തത്വങ്ങൾ ഉപയോഗിച്ച് സയൻസ് ലോകം യുദ്ധരംഗത്ത് നേടിയ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഇത്. നാസിയുടെ കാന്തികമൈനുകളിൽ നിന്ന് കപ്പലുകളെ രക്ഷിക്കുന്ന ഈ ഡിഗൗസിംഗ് വിദ്യയെ പലരും ഓമനപ്പേരിൽ വിളിച്ചിരുന്നത് മാഗ്നെറ്റിക് ഇൻവിസിബിലിറ്റി എന്നാണ്.
ഈ പേരുണ്ടാക്കിയ അബദ്ധവും മറ്റൊരു കഥയാണ്. കാന്തികമൈനുകൾക്ക് കപ്പലുകൾ 'ഇൻവിസിബിൾ' ആണെന്നു മാത്രമേ മാഗ്നെറ്റിക് ഇൻവിസിബിലിറ്റി എന്ന വിളിപ്പേരുകൊണ്ട് അർത്ഥമുള്ളൂ. പക്ഷേ ഈ പേരുകേട്ട, സയൻസ് പശ്ചാത്തലമില്ലാത്ത പലരും തെറ്റിദ്ധരിക്കുകയാണുണ്ടായത്. ഒരു സയൻസ് ഫിക്ഷൻ ഗൂഡാലോചനാസിദ്ധാന്തംതന്നെ ഏറെക്കാലം കഴിഞ്ഞ് ഇതിൽനിന്ന് ഉരുത്തിരിഞ്ഞുവന്നു. ഫിലാഡെൽഫിയ എക്സ്പിരിമെന്റ് (Philadelphia Experiment) എന്നായിരുന്നു ഈ കോൺസ്പിരസി തിയറിയുടെ പേര്. 1943 ഒക്ടോബർ 28 ന് ഫിലാഡെൽഫിയയിലെ നാവിക താവളത്തിൽ വെച്ച് അമേരിക്കൻ നാവികസേനയുടെ ഒരു യുദ്ധക്കപ്പലിൽ രഹസ്യ പരീക്ഷണം നടന്നുവത്രേ. ആ പരീക്ഷണത്തിനിടെ കപ്പൽ പൂർണ്ണമായും അദൃശ്യമാകുകയും 300 കിലോമീറ്റർ അകലെ മറ്റൊരു പ്രദേശത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തു എന്നായിരുന്നു കഥ!
എന്തായാലും ഗൂഡാലോചനാസിദ്ധാന്തക്കാരെ നമുക്ക് വിട്ടുകളയാം. എന്നിട്ട് സയൻസിന്റെ തത്വങ്ങളെ പ്രയോജനപ്പെടുത്തി പുതിയ പുതിയ കണ്ടെത്തലുകൾ നടത്തുന്ന കഥകൾ അന്വേഷിച്ചു കണ്ടെത്താം.