രണ്ടു നൂറ്റാണ്ടു മുമ്പത്തെ കഥയാണ്. ഇറാഖിലൂടെ ഒഴുകുന്ന ടൈഗ്രിസ് നദിയുടെ തീരത്ത് 1840കളുടെ അവസാനം ഒരു പര്യവേക്ഷണം നടക്കുന്നു. ബ്രിട്ടീഷുകാരനായ ഓസ്റ്റിൻ ഹെൻറി ലയാഡും സഹായി ഹോർമുസ്ദ് റസ്സാമുമാണ് ഇതിനു നേതൃത്വം നൽകുന്നത്. പ്രാചീന അസീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ 'നിനവേ' ഉള്ളത് ഈ പ്രദേശത്തായിരുന്നത്രേ. അങ്ങനെ അതിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള പര്യവേക്ഷണമായിരുന്നു അത്.  ഫ്രഞ്ചുകാരും ഇതേ സമയത്ത് പര്യവേക്ഷണത്തിനായി ഇവിടെ വന്നെത്തിയിരുന്നു. നദിയുടെ തീരത്തുള്ള കുയുൻജിക് മൺകൂനയ്ക്കടുത്തായിരുന്നു ഖനനസ്ഥലം. മൺകൂനയുടെ വടക്കുഭാഗത്തെ പര്യവേക്ഷണത്തിനുള്ള അവകാശം ഫ്രഞ്ചുകാർ സ്വന്തമാക്കിയിരിക്കുകയായിരുന്നു അക്കാലത്ത്. ആ ഭാഗത്താവും അസീറിയൻ രാജാവിന്റെ കൊട്ടാരം ഒളിഞ്ഞിരിപ്പുള്ളതെന്ന് റസ്സാമിന് ഏതാണ്ട് ഉറപ്പായിരുന്നു. 

റസ്സാം ഖനനം ചെയ്യാൻ ആഗ്രഹിച്ച ഭാഗത്ത്  ഫ്രഞ്ചുകാർ അതുവരെ എത്തിയിരുന്നില്ല. എങ്കിലും പകൽവെളിച്ചത്തിൽ ചെന്നാൽ അവർ കാണും. ഫ്രഞ്ചുകാരുടെ കണ്ണുവെട്ടിച്ച് എങ്ങനെയെങ്കിലും അവിടെ ഖനനം ചെയ്തുനോക്കിയേ മതിയാവൂ. അങ്ങനെ 1853 ഡിസംബറിൽ റസ്സാം വലിയൊരു സാഹസം കാണിച്ചു. രാത്രിയിൽ ഫ്രഞ്ചുകാർ അറിയാതെ അവിടെപ്പോയി കുഴിക്കുക. റസ്സാമും കൂട്ടരും അത് നടപ്പിലാക്കുകതന്നെ ചെയ്തു. 

ഡിസംബർ അവസാനത്തോടുകൂടി അവർ ഒരു ഇഷ്ടികമതിലിൽ ചെന്നെത്തി. വലിയൊരു ചരിത്രത്തിലേക്കുള്ള വാതിലായിരുന്നു ആ മതിൽ! ബി സി ഏഴാം നൂറ്റാണ്ടിൽ അസീറിയ ഭരിച്ചിരുന്ന അഷുർബാനിപാലിന്റെ കൊട്ടാരത്തിലെ ഒരു മുറിയായിരുന്നു അത്. നിരവധി കളിമൺഫലകങ്ങളാണ് റസ്സാമിനെയും കൂട്ടരെയും അവിടെ കാത്തിരുന്നത്. അവർക്കാർക്കും പിടികിട്ടാത്ത ലിപിയിൽ എന്തൊക്കയോ കുത്തിക്കുറിച്ച ആയിരക്കണക്കിനു കളിമൺഫലകങ്ങൾ! അതേ, അഷുർബാനിപാൽ രാജാവിന്റെ ലൈബ്രറിയായിരുന്നു അത്. 

കടലാസും പേനയും ഒന്നുമില്ലാതിരുന്ന അക്കാലത്ത് കളിമൺ ഫലകങ്ങളിലാണ് എഴുത്തു നടന്നിരുന്നത്. നനഞ്ഞ കളിമണ്ണ് പരത്തിയെടുത്ത് അതിൽ മരക്കമ്പും മറ്റുംവച്ച് ആവശ്യമുള്ള കാര്യങ്ങൾ രേഖപ്പെടുത്തും. എന്നിട്ട് വെയിലത്തുണക്കിയോ ചുട്ടെടുത്തോ ഉറച്ച ഫലകങ്ങളാക്കും. ഇതായിരുന്നു അന്നത്തെ പുസ്തകം!  ക്യൂണിഫോം എന്ന് പിന്നീട് ചരിത്രജ്ഞർ വിളിച്ച ഒരു തരം ലിപിയിലായിരുന്നു ഈ രേഖപ്പെടുത്തലുകളെല്ലാം നടന്നത്. 

എന്തായാലും കളിമൺ ഫലകങ്ങളിൽ എന്താണെന്നൊന്നും വായിച്ചെടുക്കാൻ കഴിയാതിരുന്ന റസ്സാം ഇതെല്ലാം ഇംഗ്ലണ്ടിലെ ബ്രിട്ടീഷ് മ്യൂസിയത്തിലേക്ക് അയച്ചു. ഭാഷയെന്താണെന്നോ, അതിലെന്താണ് എഴുതിയതെന്നോ അവർക്കും പിടികിട്ടിയിരുന്നില്ല. 

ഈ സംഭവം നടക്കുന്നതിന് ഒരു ദശകം മുമ്പ്, 1835ൽ നടന്ന വേറൊരു പര്യവേക്ഷണകഥ കൂടി ഇനി നമ്മൾ അറിയണം. ഇതു നടക്കുന്നത് ഇറാനിലാണ്. അവിടെയൊരു പാറക്കെട്ടിൽ ബി സി 522ൽ ഡാരിയസ് രാജാവ് കൊത്തിവെപ്പിച്ച ചില ശാസനങ്ങൾ ഉണ്ട്. ബെഹിസ്തൂൺ ശാസനം (Behistun Inscription) എന്നാണ് ഇത് അറിയപ്പെടുന്നത്. രസകരമായ കാര്യമെന്തെന്നാൽ ഒരേ കാര്യംതന്നെ പഴയ പേർഷ്യൻ, ഈലമൈറ്റ്, ബാബിലോണിയൻ എന്നീ മൂന്നു ഭാഷകളിൽ അവിടെ കൊത്തിവച്ചിരുന്നു! ക്യൂണിഫോം ലിപിയുടെ വകഭേദങ്ങളിലായിരുന്നു മൂന്നു ഭാഷകളിലുമുള്ള വിവരങ്ങൾ എഴുതപ്പെട്ടത്. ബാബിലോണിയൻ ഭാഷയിലുള്ളതു മാത്രം ഏറ്റവും സങ്കീർണ്ണവും പ്രാചീനവുമായ ക്യൂണിഫോം ലിപിയിലാണ് എഴുതിയിരുന്നത്. പേർഷ്യൻ, ഈലമൈറ്റ് ഭാഷകൾ ലളിതമായ ക്യൂണിഫോം ലിപിയിലും. പേർഷ്യൻ, ഈലമൈറ്റ് ഭാഷകൾ അറിയുന്നവർക്ക് ഒരുപക്ഷേ ബാബിലോണിയൻ ഭാഷയെഴുതിയ പ്രാചീന ക്യൂണിഫോം ലിപിയുടെ ചുരുളഴിക്കാനായേക്കും. 

എന്തായാലും 1835 മുതൽ ഹെൻറി റോളിൻസൺ എന്നൊരു ബ്രിട്ടീഷ് പര്യവേക്ഷകൻ ബെഹിസ്തൂൺ ശാസനത്തിലെ എഴുത്തുകളെ പകർത്തിയെഴുതിയെടുത്തു. നൂറുകണക്കിന് അടി ഉയരമുള്ള പാറക്കെട്ടുകളാണ് ഇവ. വലിയ വടങ്ങളിൽ തൂങ്ങിക്കിടന്ന് ഏറെ സാഹസികമായിട്ടായിരുന്നു ഈ പകർത്തിയെഴുത്ത്. പിന്നീട് റോളിൻസണും ഭാഷാ പണ്ഡിതരായ എഡ്വേഡ് ഹിങ്സും ജൂലിയസ് ഒപ്പർട്ടും ചേർന്ന് ഈ മൂന്നു ഭാഷയും പരസ്പരം താരതമ്യം ചെയ്ത് ക്യൂണിഫോം ലിപി പഠിച്ചെടുത്തു. അതേ, ഇനി ക്യൂണിഫോം ലിപി എവിടെ കണ്ടാലും അതിന്റെ ഉള്ളടക്കം ഇവർക്കു മനസ്സിലാക്കാനാകും. പക്ഷേ ഇത് ഉറപ്പിക്കണമെങ്കിൽ ചില ടെസ്റ്റുകൾ നടത്തണം. 

1857 ൽ ലണ്ടനിലെത്തിയ ഇവർക്കും സ്വന്തമായി ക്യൂണിഫോം ലിപി പഠിച്ചെടുത്ത ടാൽബോട്ട് (William Henry Fox Talbot) എന്നയാൾക്കും മുന്നിൽ ആ പഴയ കളിമൺഫലകങ്ങളുടെ പകർപ്പുകൾ നൽകി. ഈ ടാൽബോട്ട് പ്രമുഖ ഭാഷാപണ്ഡിതനൊന്നും ആയിരുന്നില്ല. മറിച്ച് ഫോട്ടോഗ്രഫിയുടെ മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം. ഫോട്ടോഗ്രഫി സയന്റിസ്റ്റ് എന്നൊക്കെ വിളിക്കാവുന്ന ഒരാൾ! ടാൽബോട്ടിന്റെ നിർദ്ദേശപ്രകാരമാണ് സത്യത്തിൽ ഈ ടെസ്റ്റു നടന്നതുതന്നെ!

നമുക്ക് ആ ടെസ്റ്റിലേക്കു വരാം. പരസ്പരം സംസാരിക്കാതെയും കാണാതെയും ഇതിലെ ഉള്ളടക്കം എന്തെന്ന് ഇവർ കണ്ടെത്തണം. എന്നിട്ട് പരസ്പരം താരതമ്യം ചെയ്യണം. എന്തായാലും അവർ ഓരോരുത്തരും വെവ്വേറെയിരുന്ന് ആ കളിമൺഫലകത്തിലെ ഉള്ളടക്കം എഴുതിയെടുത്തു! അദ്ഭുതകരമെന്നു പറയട്ടേ, എല്ലാവരും പകർത്തിയെടുത്തത് ഒരേ കാര്യംതന്നെ. അതായത് അവർ ക്യൂണിഫോം ഭാഷ പഠിച്ചുകഴിഞ്ഞിരിക്കുന്നു! 

അങ്ങനെ ക്യൂണിഫോം ലിപിയിൽ എഴുതിയ ആ പുരാതന കോഡുകളിലെന്തെന്ന് ഇവർ തിരിച്ചറിഞ്ഞു!

ആ ഫലകങ്ങൾ വായിച്ചതോടെയാണ് ലോകം യഥാർത്ഥത്തിൽ ഞെട്ടിപ്പോയത്. അതിൽ മിക്കതിലും ഉള്ളത് പ്രാചീന ബാബിലോണിയക്കാരുടെ ജ്യോതിശ്ശാസ്ത്രനിരീക്ഷണങ്ങളായിരുന്നു. കുറെയെണ്ണത്തിൽ അന്നത്തെ ഗണിതവും കാണാം. 

സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള നിരവധി കളിമൺഫലകങ്ങൾ അവർ വായിച്ചെടുത്തു. അക്കാലത്ത് അവർ തയ്യാറാക്കിയ നക്ഷത്രകാറ്റലോഗും അതിലുണ്ടായിരുന്നു. നക്ഷത്രഗണങ്ങളുടെ ഉദയവും അസ്തമയവും വരെ ഇതിലുണ്ടായിരുന്നത്രേ! ഗ്രഹണങ്ങളെക്കുറിച്ചുള്ള അറിവുപോലും ബാബിലോണിയക്കാർക്കുണ്ടായിരുന്നു എന്നുവരെ നമുക്ക് ഈ ഫലകങ്ങളിൽനിന്നാണു മനസ്സിലാക്കാനായത്. എനുമ അനു എൻലിൽ (Enuma Anu Enlil) എന്നായിരുന്നു ജ്യോതിശ്ശാസ്ത്രവിവരങ്ങൾ കൊത്തിവച്ച ഫലകങ്ങളെ പൊതുവിൽ വിളിക്കുന്നത്.

ഇതിൽ ഏറെ പ്രശസ്തമായ ഒരു കളിമൺ ഫലകമാണ് അമ്മിസാദുഖയുടെ വീനസ് ഫലകം (Venus tablet of Ammisaduqa). ബിസി 17ാം നൂറ്റാണ്ടിൽ ബാബിലോണിയ ഭരിച്ചിരുന്ന അമ്മിസാദുഖയുടെ കാലത്താണ് ഈ ഫലകത്തിന്റെ ഒറിജിനൽ തയ്യാറാക്കപ്പെടുന്നത്. തുടർച്ചയായ 21 വർഷക്കാലം ശുക്രൻ എന്ന ഗ്രഹത്തെ മാത്രം നിരീക്ഷിച്ച് ആ നിരീക്ഷണങ്ങളെ ശാസ്ത്രീയമായി രേഖപ്പെടുത്ത ഒരു അദ്ഭുതഫലകമായിരുന്നു ഇത്. ശുക്രൻ ആകാശത്ത് എപ്പോൾ പ്രത്യക്ഷപ്പെടുന്നു, എപ്പോൾ മറയുന്നു എന്നതൊക്കെ 21 വർഷക്കാലം രേഖപ്പെടുത്തുക! ഈ നിരീക്ഷണങ്ങളാണ് ആയിരം വർഷത്തിനുശേഷം അഷുർബാനിപാൽ രാജാവ് പിന്നീട് പകർത്തിയെഴുതി കളമൺ ഫലകത്തിലാക്കി സൂക്ഷിച്ചത്.  സൂര്യോദയത്തിനു മുമ്പും പിമ്പുമെല്ലാം ശുക്രൻ പ്രത്യക്ഷപ്പെടുന്നതും ശുക്രനെ കാണാൻ കഴിയാത്ത മാസങ്ങളുമെല്ലാം ഈ കളിമൺഫലകത്തിൽ ഉണ്ടായിരുന്നു. 

ശുക്രനിരീക്ഷണത്തിലെ കൃത്യതയായിരുന്നു ആധുനികശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിയത്. ആ കൃത്യതകൊണ്ടുതന്നെ പ്രാചീന ബാബിലോണിയൻ രാജാക്കന്മാർ ജീവിച്ചിരുന്ന കാലഘട്ടംവരെ ഇതിൽനിന്ന് കണക്കുകൂട്ടിയെടുക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. ജ്യോതിശ്ശാസ്ത്രജ്ഞർക്കു മാത്രമല്ല, ചരിത്രകാരർക്കും ഈ ഫലകങ്ങൾ പ്രയോജനപ്പെട്ടു എന്നു സാരം. വീനസ് സൈക്കിൾ എന്നൊരു കാര്യമുണ്ട്. ഭൂമിയിൽനിന്നു നോക്കുമ്പോൾ ഇന്നു ശുക്രനെ കാണുന്ന അതേ സ്ഥലത്ത് എട്ടുവർഷത്തിനു ശേഷം ശുക്രൻ പ്രത്യക്ഷപ്പെടും. ഈ ഗണിതശാസ്ത്രപരമായ കൃത്യതയെ പ്രയോജനപ്പെടുത്തിയാണ് ചരിത്രകാരർ ഫലകങ്ങളുടെ കാലപ്പഴക്കവും അന്നത്തെ രാജാക്കന്മാരുടെ കാലഘട്ടവും കണ്ടെത്തിയത്. 

റസ്സാം കണ്ടെത്തിയ ഈ ഫലകങ്ങളുടെയെല്ലാം പകർപ്പുകൾ ഇന്ന് പല മ്യൂസിയങ്ങളിലും കാണാം. അഷുർബാനിപാൽ രാജാവ് കളിമണ്ണിൽ പകർത്തിയെഴുതിച്ച അമ്മിസാദുഖയുടെ വീനസ് ഫലകം ഇന്ന് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഉണ്ട്. 

ടെലിസ്കോപ്പും ആധുനികനിരീക്ഷണസംവിധാനങ്ങളും ഒന്നുമില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ വെറും കണ്ണുകൊണ്ട് 21 വർഷം തുടർച്ചയായി ശുക്രനെ നിരീക്ഷിച്ച് കളിമൺ ഫലകങ്ങളിൽ അതു രേഖപ്പെടുത്തിവച്ചവരുടെ ശാസ്ത്രബോധത്തോട് നാം എന്നെന്നും കടപ്പെട്ടവരായിരിക്കണം. ഇത്തരം ചരിത്രസൂക്ഷിപ്പുകളാണ് മനുഷ്യന്റെ പുരോഗതിയുടെ അടയാളങ്ങൾ!

(യുറീക്കയിൽ എഴുതിയ ലേഖനം)