ഭൂമിക്കരികിലൂടെ മറ്റൊരു ഛിന്നഗ്രഹം കൂടി കടന്നുപോകുന്നു. Asteroid 2020SW


ഭൂമിയെ ചുറ്റുന്ന ഭൂസ്ഥിര ഉപഗ്രഹങ്ങളെക്കാൾ അടുത്തുകൂടി ഒരു കുഞ്ഞു ഛിന്നഗ്രഹം നാളെ കടന്നുപോവും. വെറും 27000കിലോമീറ്റർ മാത്രം അകലെക്കൂടി. അഞ്ചു മുതൽ പത്തു മീറ്റർവരെ മാത്രം വലിപ്പമേ ഈ പാറക്കല്ലിന് ഉള്ളൂ. ഈ വലിപ്പത്തിലുള്ള പാറക്കല്ല് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചാൽപ്പോലും കത്തിത്തീരാനാണ് സാധ്യത കൂടുതൽ. അതിനാൽ ഒട്ടും പേടിക്കാനില്ല. 

2020SW എന്നാണ് ഈ പാറക്കല്ലിന്റെ പേര്. ഒന്നോ രണ്ടോ വർഷം കൂടുമ്പോഴൊക്കെ ഏതാണ്ട് ഇത്രയും ഒക്കെ വലിപ്പമുള്ള കുഞ്ഞ് ആസ്ട്രയോഡികൾ ഭൂമിക്കരികിലൂടെ കടന്നുപോകാറുണ്ട്. ചിലതെല്ലാം അന്തരീക്ഷത്തിൽ കടന്ന് ചൂടുമൂലം പല ചെറു കഷണങ്ങളായി മാറി കത്തിത്തീരും. 

ഭൂമിയോട് ഏറെ അടുത്തെത്തിയ ശേഷമാണ് 2020SW എന്ന ഈ അതിഥിയെ നാം കണ്ടെത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച, അതായത് സെപ്തംബർ 18ന്. 

സെപ്തംബർ 24ന് വൈകിട്ട് നാലേ മുക്കാലോടുകൂടിയാവും ഈ ഛിന്നഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തുവരിക. തെക്കുകിഴക്കേ പസഫിക് സമുദ്രത്തിനു മുകളിലൂടെയാവും കടന്നുപോവുക. 

2020SWന്റെ പാതയെക്കുറിച്ച് പഠിച്ചതോടെ ഒരു കാര്യം ഉറപ്പായിട്ടുണ്ട്. 2041വരെ ഇനി ഇത് ഭൂമിയുടെ അടുത്തെങ്ങും എത്തില്ല. 

ഇത്രയും വലിപ്പമുള്ള പത്തുകോടി ഛിന്നഗ്രഹങ്ങളെങ്കിലും നമുക്കരികിലുണ്ട് എന്നാണ് കരുതുന്നത്. പക്ഷേ ഭൂമിയോട് വളരെ അടുത്തെത്താതെ ഇവയെ കണ്ടെത്തുക ബുദ്ധിമുട്ടാണ് എന്നു മാത്രം. 

ഇക്കഴിഞ്ഞ ആഗസ്റ്റ് 16ന് ഇതുപോലെ ഒരു ഛിന്നഗ്രഹം ഭൂമിക്കടുത്തുകൂടി കടന്നുപോയിരുന്നു. വെറും 2950കിലോമീറ്റർ മാത്രം അകലെക്കൂടിയായിരുന്നു ഈ യാത്ര. ചെറുകഷണങ്ങളായി മാറാതെ അത്രയും അടുത്തുകൂടി കടന്നുപോയ മറ്റൊരു ഛിന്നഗ്രഹവും നമ്മുടെ അറിവിൽ ഇല്ല. മൂന്നു മുതൽ ആറ് മീറ്റർവരെ വലിപ്പമായിരുന്നു അതിനുണ്ടായിരുന്നത്. 2020 QG എന്നായിരുന്നു അതിന്റെ പേര്. 

അതിവേഗതയിലാണ് ഈ ഛിന്നഗ്രഹങ്ങളുടെയെല്ലാം കടന്നുപോകൽ. സെക്കൻഡിൽ 12കിലോമീറ്ററിലധികം വേഗത 2020QGക്ക് ഉണ്ടായിരുന്നു. 


ചിത്രം: ഛിന്നഗ്രഹത്തിന്റെ പ്രതീകാത്മക ചിത്രം.

ചിത്രത്തിനു കടപ്പാട്: NASA/JPL-Caltech

പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/09/asteroid-2020sw.html

Comments