"പ്രഥമദൃഷ്ട്യാ അടുപ്പത്തിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അകൽച്ച ഏറെക്കൂടുതലായിരുന്നു എന്നു വേണം കരുതാൻ." ഡയലോഗിന് എവിടെയോ എന്തോ ഒരു പ്രശ്നംപോലെ എന്നൊക്കെ തോന്നിയേക്കാം. ശങ്കരാടിക്കും ശ്രീനിവാസനുമെല്ലാം ഈ ഡയലോഗിൽ പ്രശ്നം തോന്നിയാലും വ്യാഴത്തിനും ശനിക്കും അത് അങ്ങനെയല്ല.

വ്യാഴവും ശനിയും ഇപ്പോൾ വൈകുന്നേരം പടിഞ്ഞാറേ ആകാശത്ത് കാണാൻ കഴിയുന്നുണ്ട്. കുറെക്കാലമായി അവർ അടുത്ത് നിൽക്കുന്നതായിട്ടാണ് കാണാറ്. ഇപ്പോൾ കുറെക്കൂടി അടുത്തു. ഈ വരുന്ന ഡിസംബർ 21 ആകുമ്പോഴേക്കും അവർ വല്ലാതെ അടുക്കും. ഏറെയേറെ തൊട്ടടുത്തായി അവരിരുവരും കാണപ്പെടും. തൊട്ടു തൊട്ടില്ല എന്ന മട്ടിലാവും ആ കാഴ്ച. നല്ല രസകരമായ ഒരു കാഴ്ച. പ്രഥമദൃഷ്യാ നല്ല അടുപ്പം തോന്നും.
പക്ഷേ യഥാർത്ഥത്തിൽ അവർ തമ്മിലുള്ള അകലം 75കോടി കിലോമീറ്ററാണ് അപ്പോൾ! വ്യാഴത്തിൽനിന്ന് ഒരു ടോർച്ച് ശനിയിലോട്ട് അടിച്ചാൽ ആ വെളിച്ചം 41 മിനിറ്റു കഴിഞ്ഞേ ശനിയിൽ എത്തൂ. അത്രയും അകലം! ചുരുക്കത്തിൽ പ്രഥമദൃഷ്ട്യാ ഉള്ള അടുപ്പമേ അവർ തമ്മിൽ ഉള്ളൂ. യഥാർത്ഥത്തിൽ അവർ തമ്മിലുള്ള അകൽച്ച ഏറെയേറെ കൂടുതലാണ് എന്നു മാത്രം.
അത് എന്തും ആവട്ടേ. കൺജക്ഷൻ എന്നാണ് ഈ സംഭവത്തിനെ നമ്മൾ വിളിക്കുന്ന പേര്. ഗ്രഹയോഗം എന്നു മലയാളത്തിൽ പറയാം. വ്യാഴവും ശനിയും തമ്മിൽ അപ്പോൾ നമ്മുടെ കാഴ്ചയിൽ വെറും 0.1ഡിഗ്രിയിലും കുറവു മാത്രം അകലമേ ഉണ്ടാവൂ. (ചന്ദ്രന്റെ വലിപ്പം ഏകദേശം 0.5ഡിഗ്രി ആണ്.) 1623ൽ ആണ് ഇതിനു മുൻപ് അവർ ഇത്രയും അടുത്തത്. ഇനി 2080ൽ മാത്രമേ ഇത്രത്തോളം അടുത്തു വരികയുള്ളൂ. എന്നാൽ ഗ്രഹയോഗം എന്ന് ഏറെക്കുറെ വിളിക്കാവുന്ന അത്ര അടുത്ത് ഇനിയും പല തവണ അവർ വരും കേട്ടോ. ഇത്രയും അടുപ്പമുണ്ടാവില്ല എന്നു മാത്രം.
എന്തായാലും നമുക്ക് ഏറെ രസകരമായ ഈ കാഴ്ച ആസ്വദിക്കാതെ വിടരുത്. സന്ധ്യാകാശത്ത് ചക്രവാളത്തിലാവും ഇരുവരും അന്ന്. അല്പം ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽനിന്നൊക്കെ നോക്കിയാൽ നന്നായി കാണാം. സമയം വൈകുംതോറും അവ അസ്തമിക്കും. അതിനാൽ സൂര്യൻ മറയുമ്പോൾത്തന്നെ നോക്കിത്തുടങ്ങൂ. തിളക്കമുള്ളത് വ്യാഴവും തിളക്കം കുറവുള്ളത് ശനിയും ആയിരിക്കും. ചിത്രത്തിനു കടപ്പാട്: skyatnightmagazine.com പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/12/jupiter-saturn-conjunction-2020.html