Atmosphere

ബഹിരാകാശത്തിന്റെ സി ടി സ്കാൻ

ബഹിരാകാശത്തിന്റെ സി ടി സ്കാൻ

 ബഹിരാകാശത്തിന്റെ സി ടി സ്കാൻ!


അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ആളുകൾ ഒഴുകിനടക്കുന്നത് നാം കാണാറുണ്ട്. ഏതാണ്ട് 400 കിലോമീറ്റർ ഉയരത്തിലാണ് ബഹിരാകാശനിലയം. സ്പേസ് സ്യൂട്ട് ഇല്ലാതെ പുറത്തിറങ്ങിയാൽ മരണമുറപ്പാണ്. ശൂന്യാകാശമാണല്ലോ, അതിനാൽ ശ്വസിക്കാൻ വായുവില്ല എന്നതും മർദ്ദം ഏതാണ്ട് പൂജ്യമാണ് എന്നതുമാണ് പ്രധാന കാരണം. നമ്മളെ സംബന്ധിച്ചിടത്തോളം അത് ശൂന്യാകാശമാണ്. എന്നുവച്ചാൽ ഒന്നുമില്ല എന്നർത്ഥം. പക്ഷേ ബഹിരാകാശനിലയത്തെ സംബന്ധിച്ചിടത്തോളം അവിടമത്ര ശൂന്യമല്ല. ഒറ്റയ്ക്കും തെറ്റയ്ക്കും നടക്കുന്ന അനേകം വാതകതന്മാത്രകൾ അവിടെ കാണും. മണിക്കൂറിൽ പതിനായിരക്കണക്കിനു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശനിലയത്തിൽ ഈ വാതകതന്മാത്രകൾ നിരന്തരം ഇടിക്കുന്നുണ്ട്. തുടർച്ചയായ ഈ ഇടി കാരണം നിലയത്തിന്റെ ഊർജ്ജം ചെറുതായി കുറയുകയും നിലയം ഭൂമിയിലേക്ക് വീഴാൻ തുടങ്ങുകയും ചെയ്യും. അപ്പോൾ നിലയത്തിൽത്തന്നെയുള്ള റോക്കറ്റുകൾ ജ്വലിപ്പിച്ച് തിരികെ നിലയത്തെ പഴയ പരിക്രമണപഥത്തിലേക്ക് എത്തിക്കണം. ഇല്ലെങ്കിൽ അധികം താമസിയാതെ അന്തരീക്ഷമുള്ളിടത്തേക്കു കടന്ന് നിലയം കത്തിപ്പോകും. ഇത് ബഹിരാകാശനിലയത്തിന്റെ മാത്രം കാര്യമല്ല. നാളിതുവരെ നാം വിക്ഷേപിച്ച പതിനായിരക്കണക്കിന് കൃത്രിമ ഉപഗ്രഹങ്ങൾക്കും ഇതു ബാധകമാണ്. അവയും ഇടയ്ക്കിടെ ത്രസ്റ്ററുകൾ എന്നറിയപ്പെടുന്ന ചെറുറോക്കറ്റുകൾ കത്തിച്ച് പരിക്രമണപഥം കൃത്യമായി നിലനിർത്തിയേ മതിയാവൂ. 

100 മുതൽ 1000 കിലോമീറ്റർവരെ ഉയരത്തിലുള്ള പരിക്രമണപഥത്തിലാണ് കൂടുതൽ ഉപഗ്രഹങ്ങളും ഉള്ളത്. ഈ മേഖലയെ തെർമോസ്ഫിയർ എന്നാണ് നാം വിളിക്കാറ്. ഈ മേഖല പൂർണ്ണമായും ശൂന്യമല്ല എന്നു നാം കണ്ടു. എവിടെയാണ് തന്മാത്രകൾ കൂടുതൽ ഉള്ളത് അവിടം ഉപഗ്രഹങ്ങൾക്ക് കൂടുതൽ ഭീഷണിയാവും. സാധാരണഗതിയിൽ മുകളിലേക്കു പോകുംതോറും അന്തരീക്ഷം തുടർച്ചയായി നേർത്തുവരും. തന്മാത്രകളുടെ അളവ് കുറയും. 400 കിലോമീറ്റർ ഉയരത്തിൽ ഭൗമാന്തരീക്ഷത്തിൽ എവിടെയും ഒരേ സാന്ദ്രതയിൽ തന്മാത്രകൾ കാണും എന്നാവും നമ്മൾ പ്രതീക്ഷിക്കുക. പക്ഷേ അത് അങ്ങനെയല്ല സംഭവിക്കുന്നത്. സൂര്യനിൽനിന്നുള്ള സൗരക്കാറ്റുകൾ, കാന്തികക്കൊടുങ്കാറ്റുകൾ, യു വി കിരണങ്ങൾ തുടങ്ങിയവയൊക്കെ അന്തരീക്ഷത്തിലെ തന്മാത്രകളുടെ സാന്ദ്രതയെ ബാധിക്കുന്നുണ്ട്. അതിനാൽ ഒരേ ഉയരത്തിലായാൽപ്പോലും തന്മാത്രാസാന്ദ്രത ഒരേപോലെയാവില്ല. ഇടയ്ക്കിടയ്ക്ക് മാറിക്കൊണ്ടേയിരിക്കും. 

ഉപഗ്രഹങ്ങളെ കൃത്യമായ പരിക്രമണപഥത്തിൽ പിടിച്ചുനിർത്താൻ ഈ തന്മാത്രസാന്ദ്രതയുടെ കണക്ക് അറിയേണ്ടത് ആവശ്യമാണ്. എത്ര കൃത്യതയോടെ ഈ അളവ് കിട്ടുന്നോ, അത്രയും സൂക്ഷ്മമായി ഉപഗ്രഹങ്ങളെ നിയന്ത്രിക്കാനാവും. തെർമോസ്ഫിയറിലെ ഓരോയിടത്തെയും വാതകതന്മാത്രകളുടെ സാന്ദ്രതയുടെ അളവ് കിട്ടിയാൽ വളരെ നല്ലത്. ഓരോ തവണയും ഇത് മാറിക്കൊണ്ടിരിക്കുന്നതിനാൽ ലൈവ് ആയി ഈ ഡാറ്റ കിട്ടിയാൽ അതീവസന്തോഷം! സംഗതിയൊക്കെ കൊള്ളാം. പക്ഷേ ഈ ഡാറ്റ കിട്ടുക എന്നത് ഒട്ടും എളുപ്പമല്ല. അതിബൃഹത്താണ് ബഹിരാകാശം. അവിടെ ഓരോ ഇടത്തിലെയും സാന്ദ്രത അളന്ന് ഒരു മാപ്പ് തയ്യാറാക്കണം എന്നുതന്നെ ഇരിക്കട്ടേ. എങ്ങനെ ഈ സാന്ദ്രത അളക്കും? സയന്റിസ്റ്റുകൾ ഇത്തരമൊരു കാര്യത്തിനായി ഗവേഷണങ്ങൾ തുടങ്ങിയിട്ട് കാലമേറെയായി. ഇവിടെയാണ് ഇലോൺ മസ്കിന്റെ കമ്പനി വിക്ഷേപിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഒരു പ്രതീക്ഷയായി മാറിയിരിക്കുന്നത്. സ്റ്റാർ ലിങ്ക് ഉപഗ്രഹങ്ങളെ പരോക്ഷമായി പ്രയോജനപ്പെടുത്തി ഭൂമിയിൽ നിന്ന് 482 കിലോമീറ്റർ ഉയരത്തിലുള്ള അന്തരീക്ഷത്തിന്റെ ദ്വിമാന മാപ്പ് (2D Map) തയ്യാറാക്കിയിരിക്കുകയാണ് ക്യോട്ടോ സർവകലാശാലയിലെ ഗവേഷകർ! അങ്ങേയറ്റം രസകരവും തന്ത്രപരവുമായിട്ടാണ് ഗവേഷകർ ഇക്കാര്യം ചെയ്തത്. 


(Yamamoto, M. Tomography of thermospheric density from Starlink Ephemeris: initial report. Earth Planets Space 78, 175 (2026). https://doi.org/10.1186/s40623-026-02509-5)

ആ കഥ മനസ്സിലാക്കാൻ നമുക്ക് മറ്റു ചില കാര്യങ്ങളെക്കൂടി മനസ്സിലാക്കേണ്ടതുണ്ട്. തെർമോസ്ഫിയറിനെക്കുറിച്ചു പഠിക്കാനുള്ള വെല്ലുവിളികളിൽ പ്രധാനം ഇവിടത്തെ വായുസാന്ദ്രതതന്നെയാണ്. വളരെ വളരെ കുറവാണ് ഈ സാന്ദ്രത. അതിൽത്തന്നെ 99 ശതമാനവും ചാർജില്ലാത്ത കണങ്ങളാണ്. ചാർജുള്ള കണങ്ങളായിരുന്നെങ്കിൽ ഭൂമിയിൽനിന്ന് റേഡിയോ സിഗ്നലുകൾ അയച്ച് അവയെ പഠിക്കാനാവും. പക്ഷേ ചാർജില്ലാത്ത വാതകതന്മാത്രകളെ ഇത്തരത്തിൽ ഭൂമിയിൽനിന്ന് നോക്കി പഠിക്കുക ഏറെ ബുദ്ധിമുട്ടാണ്. തെർമോസ്ഫിയറിലെ ഒരു ശതമാനം വരുന്ന ചാർജുള്ള കണങ്ങളെ റേഡിയോ സിഗ്നലുകൾ ഉപയോഗിച്ച് പഠിക്കാനാവും. പക്ഷേ ബാക്കി 99 ശതമാനവും നമുക്ക് നഷ്ടമാവും. അതിനാൽ ചെലവേറിയ ഉപകരണങ്ങളുള്ള ഉപഗ്രഹങ്ങളെ അയക്കുക എന്നതു മാത്രമായിരുന്നു അതിനുള്ള പ്രതിവിധി. അതിനാൽ യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച SWARM പോലെയുള്ള ഉപഗ്രഹങ്ങളിലെ ചില ഡാറ്റകളെയൊക്കെ പ്രയോജനപ്പെടുത്തായാണ് പഠനം നടത്തിയിരുന്നത്. പക്ഷേ അവിടെയും പ്രശ്നമുണ്ട്. ഈ ഉപഗ്രഹം പോകുന്ന പാതയിലെ ഡാറ്റ മാത്രമേ കിട്ടൂ. അതുവച്ച് അന്തരീക്ഷത്തിന്റെ പൂർണ്ണമായ മാപ്പ് തയ്യാറാക്കുക എന്നത് പ്രായോഗികമേ അല്ലായിരുന്നു. 

അന്തരീക്ഷത്തിലുള്ള തന്മാത്രകളിൽത്തട്ടി ഉപഗ്രഹത്തിന്റെ ഊർജ്ജം കുറയുമെന്ന കാര്യം നാം നേരത്തേ പറഞ്ഞല്ലോ. ഈ ഊർജ്ജക്കുറവിനെ വേണമെങ്കിലും അന്തരീക്ഷത്തിന്റെ സാന്ദ്രത അറിയാൻ ഉപയോഗിക്കാം. ഊർജ്ജം കുറയുമ്പോൾ ഉപഗ്രഹം താഴ്ന്ന ഓർബിറ്റിലേക്കു മാറുകയും വേഗത കൂടുകയും ചെയ്യും. വേഗതയിലെ ഈ വ്യത്യാസം കണക്കാക്കാൻ കഴിഞ്ഞാൽ ആ പ്രദേശത്തെ വായുവിന്റെ സാന്ദ്രത എത്രയാണെന്ന് ഫിസിക്സിലെ സമവാക്യങ്ങൾ ഉപയോഗിച്ച് കണ്ടെത്താനാകും. ഒന്നോ രണ്ടോ ഉപഗ്രഹങ്ങളുടെ വേഗവ്യത്യാസം കണ്ടെത്തിയാൽ അത് കടന്നുപോകുന്ന ഇടത്തെ ഡാറ്റ മാത്രമേ ലഭ്യമാവൂ. 

ഇവിടെയാണ് ക്യോട്ടോ സർവകലാശാലയിലെ മാമോരു യമമോട്ടോയുടെ ഗവേഷണസംഘം തികച്ചും വ്യത്യസ്തമായി ചിന്തിച്ചത്. സ്പേസ് എക്സ് ആയിരക്കണക്കിനു സ്റ്റാർ ലിങ്ക് ഉപഗ്രഹങ്ങളെയാണ് വിക്ഷേപിച്ചിട്ടുള്ളത്. അതിവേഗ ഇന്റർനെറ്റ് എന്ന ലക്ഷ്യമൊക്കെയാണ് സ്റ്റാർ ലിങ്ക് ഉപഗ്രഹങ്ങൾക്കുള്ളത്. ഭൂമിയിൽനിന്ന് 482 കിലോമീറ്റർ ഉയരത്തിൽ ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ ചുറ്റും അടുക്കും ചിട്ടയുമോടെ ഭൂമിക്കു ചുറ്റും സഞ്ചരിക്കുകയാണ്. ഇവയെ ഒരു സെൻസർപോലെ പ്രയോജനപ്പെടുത്തിക്കൂടേ എന്നായിരുന്നു മാമോരുവും കൂട്ടരും ചിന്തിച്ചത്. ഓരോ ഉപഗ്രഹവും ഓരോ സെൻസർ! അങ്ങനെ ഭൂമിക്കു ചുറ്റും ആയിരക്കണക്കിനു സെൻസറുകൾ! 

ഈ ഉപഗ്രഹങ്ങളിലൊന്നിലും അന്തരീക്ഷത്തിന്റെ സാന്ദ്രത അളക്കാനുള്ള ഉപകരണമൊന്നും ഘടിപ്പിച്ചിട്ടേ ഇല്ല. പക്ഷേ ഇവ സഞ്ചരിക്കുന്നത് അന്തരീക്ഷത്തിലൂടെയാണല്ലോ. അപ്പോൾ അവയുടെ വേഗത തുടർച്ചായി  മാറിക്കൊണ്ടിരിക്കും. ഓരോ ഉപഗ്രഹവും വ്യത്യസ്ത ഇടങ്ങളിലൂടെയാണു സഞ്ചരിക്കുന്നത്. അതിനാൽ വേഗതമാറുന്നതിന്റെയും ഊർജ്ജം കുറയുന്നതിന്റെയും നിരക്കിലും വ്യത്യാസം കാണുമല്ലോ. ഈ ഡാറ്റ കിട്ടിയാൽ ഒരു പരീക്ഷണം നടത്തിനോക്കാവുന്നതേ ഉള്ളൂ. 

(Yamamoto, M. Tomography of thermospheric density from Starlink Ephemeris: initial report. Earth Planets Space 78, 175 (2026). https://doi.org/10.1186/s40623-026-02509-5)

പല ഉപഗ്രഹങ്ങളും അവയുടെ ചില ഡാറ്റകൾ പുറത്തുവിടാറുണ്ട്. മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ ഇത് സഹായിക്കും. സ്ഥാനവും വേഗതയുമാണ് ഇതിൽ പ്രധാനം. ഇതിനെ എഫിമെറിസ് ഡാറ്റ എന്നാണു വിളിക്കുക. സ്പേസ് എക്സ് കമ്പനിയും അവരുടെ ആയിരക്കണക്കിനു ഉപഗ്രഹങ്ങളുടെ എഫിമെറിസ് ഡാറ്റ പുറത്തുവിടുന്നുണ്ട്. വേഗതയൊക്കെ മാറ്റം വരുന്നതിനാൽ നിശ്ചിത ഇടവേളകളിൽ ഇത് പുറത്തുവിട്ടുകൊണ്ടിരിക്കണം. ഈ ഡാറ്റ മതി തങ്ങളുടെ ഗവേഷണത്തിന്. 1200 ഓളം സ്റ്റാർ ലിങ്ക് ഉപഗ്രഹങ്ങളു‌ടെ എഫിമെറിസ് ഡാറ്റ ശേഖരിച്ച് അവർ കമ്പ്യൂട്ടർ സഹായത്തോടെ വിശകലനം ചെയ്തു. തന്മാത്രകളുമായുള്ള കൂട്ടിയിടിയിൽ ഓരോ ഉപഗ്രഹത്തിനും എത്രത്തോളം ഊർജ്ജനഷ്ടമുണ്ട്, വേഗതാവ്യതിയാനമുണ്ട് എന്നതെല്ലാം കണക്കാക്കിയെടുത്തു. തെർമോസ്ഫിയറിലെ 482 കിലോമീറ്റർ ഉയരമുള്ള ഭാഗത്തായി 1200 ഉപഗ്രഹങ്ങളുടെ ഊർജ്ജനഷ്ടത്തെക്കുറിച്ചുള്ള ഡാറ്റയാണ് ഇപ്പോൾ കൈയിലുള്ളത്. ഇനി ഈ വിവരങ്ങളെല്ലാം ചേർത്ത് തെർമോസ്ഫിയറിലെ സാന്ദ്രതയുടെ ഒരു ദ്വിമാന മാപ്പ് തയ്യാറാക്കണം.

നമ്മൾ സി ടി സ്കാൻ എടുക്കാറുണ്ടല്ലോ. ടോമോഗ്രഫി എന്ന ഗണിതരീതി ഉപയോഗിച്ച് കമ്പ്യൂട്ടർ സഹായത്തോടെ ശരീരഭാഗത്തിന്റെ ത്രിമാനചിത്രം തയ്യാറാക്കുന്ന പരിപാടിയാണ് സി ടി സ്കാൻ. ശരീരത്തിനുചുറ്റും വിവിധ കോണുകളിൽനിന്ന് എക്സ്-റേ തരംഗങ്ങൾ ഉപയോഗിച്ച് തുടർച്ചയായി ഫോട്ടോയെടുക്കും. ഈ ഫോട്ടോകളെ ഗണിതശാസ്ത്രപരമായ അൽഗോരിഥങ്ങൾ ഉപയോഗിച്ച് ഒരു ത്രിമാനചിത്രമാക്കി മാറ്റും. ഇതുപോലെ ഒരു രീതിയാണ് ക്യോട്ടോ ഗവേഷകർ തെർമോസ്ഫിയറിന്റെ ഡാറ്റയിലേക്കു പകർത്തിയത്. 1200 ഉപഗ്രഹങ്ങളിൽനിന്നു കിട്ടിയ എല്ലാ വിവരവും ഒരുമിച്ചുകൂട്ടി അവരുണ്ടാക്കിയ ടോമോഗ്രഫി അൽഗോരിഥങ്ങളിലൂടെ കടത്തിവിട്ടു. ഉപഗ്രഹങ്ങളുടെ എഫിമെറിസ് ഡാറ്റ വിശകലനം ചെയ്ത് ലോകചരിത്രത്തിൽ ആദ്യമായി തെർമോസ്ഫിയറിലെ വായുസാന്ദ്രതയുടെ ഒരു ദ്വിമാനമാപ്പ് തയ്യാർ! 482 കിലോമീറ്റർ ഉയരത്തിൽ ഓരോയിടത്തും അന്തരീക്ഷത്തിന് എത്ര സാന്ദ്രതയുണ്ട് എന്നു കാണിക്കുന്ന ഒരു ദ്വിമാനചിത്രം! 

ചിത്രമൊക്കെ ഉണ്ടാക്കി. പക്ഷേ ഇത് കൃത്യമാണോ എന്നറിയണമല്ലോ. അതിനായി അവർ മറ്റൊരു വഴിയാണു സ്വീകരിച്ചത്. യൂറോപ്യൻ സ്പേസ് ഏജൻസി അന്തരീക്ഷപഠനത്തിനായി വിക്ഷേപിച്ച SWARM ഉപഗ്രഹത്തിലെ ഡാറ്റയും തങ്ങളുടെ കണ്ടെത്തലും തമ്മിൽ അവർ ഒത്തുനോക്കി. അവർ ആഹ്ലാദം കൊണ്ട് തുള്ളിച്ചാട‌ി എന്നുതന്നെ പറയണം. രണ്ടു ഡാറ്റയും കൃത്യമായി ഒത്തുപോകുന്നു! സ്വന്തമായി ഒരു ഉപഗ്രഹംപോലും വിക്ഷേപിക്കാതെ, ഒരു സ്വകാര്യകമ്പനി മറ്റൊരാവശ്യത്തിനായി വിക്ഷേപിച്ച ഉപഗ്രഹശൃംഖലയെ അതിസമർത്ഥമായി പ്രയോജനപ്പെടുത്തി ഒരു സയന്റിഫിക് കണ്ടെത്തൽ! തെർമോസ്ഫിയറിനെ സി ടി സ്കാൻ ചെയ്തു എന്നു പറയാവുന്നത്ര രസകരമായ കണ്ടെത്തൽ! 

നേട്ടങ്ങൾ

ഈ പഠനം ഏറെ പ്രധാനമാണ്. പക്ഷേ ഇതിന്റെ പ്രസക്തികിടക്കുന്നത് ഇതുമായി ബന്ധപ്പെട്ട് ഭാവിയിൽ നടന്നേക്കാവുന്ന ഗവേഷണങ്ങളിലാണ്. അതിലൂടെ ഭൂമിയിലെ കാലാവസ്ഥപ്രവചനംപോലെ തെ‌ർമോസ്ഫിയറിലെ കണങ്ങളുടെ സാന്ദ്രതയും മറ്റും നമുക്ക് അറിയാനും പ്രവചിക്കാനുമാകും. സ്റ്റാർലിങ്ക് പോലെയുള്ള ഉപഗ്രഹശൃംഖലകൾ കൂടിക്കൊണ്ടിരിക്കുകയാണ്. അധികം താമസിയാതെ ലക്ഷക്കണക്കിന് ഉപഗ്രഹങ്ങൾ ബഹിരാകാശത്തുണ്ടാവും. ഇവയെല്ലാം ചേർത്ത് ഭൂമിക്കു ചുറ്റുമുള്ള ബഹിരാകാശത്തിന്റെ ത്രിമാന മാപ്പ് തന്നെ ഭാവിയിൽ തയ്യാറാക്കാനാവും. ഉപഗ്രഹഡാറ്റ ലൈവായിട്ടുതന്നെ സ്വീകരിച്ച് ബാഹ്യാന്തരീക്ഷത്തിന്റെ അവസ്ഥയും ലൈവ് ആയി അറിയാനാകുന്ന അവസ്ഥവരെ വരും. അതോടെ സൗരവാതം വരുമ്പോൾ ഉപഗ്രഹങ്ങളെ എന്തു ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാനും അപകടങ്ങൾ ഒഴിവാക്കാനും കഴിയും. 

ഉപഗ്രഹടെക്നീഷ്യനുകൾക്ക് പേടിസ്വപ്നമായ കെസ്ലർ സിൻഡ്രോം എന്ന പ്രതിഭാസത്തെപ്പോലും ഒരു പക്ഷേ ഒഴിവാക്കാനാകിയേക്കും. ലോ എർത്ത് ഓർബിറ്റിൽ ഉപേക്ഷിക്കപ്പെട്ടതും അല്ലാത്തതുമായ ലക്ഷക്കണക്കിനു ബഹിരാകാശമാലിന്യങ്ങൾ ഇപ്പോഴേ ഉണ്ട്. അതിവേഗത്തിലാണ് ഇവയുടെ സഞ്ചാരം. ഇവയിൽ കുറച്ചെണ്ണം തമ്മിൽ കൂട്ടിയിടിച്ചാൽ അതിൽനിന്ന് കൂടുതൽ മാലിന്യങ്ങൾ പുറത്തുവരും. അവയുടെ സഞ്ചാരദിശയോ വേഗതയോ പ്രവചിക്കാൻ കഴിയണമെന്നില്ല. അതിൽ ഒരു ഭാഗം പോയി മറ്റേതെങ്കിലും ഉപഗ്രഹത്തിലോ മാലിന്യത്തിലോ ഇടിക്കാനുള്ള സാധ്യതയും കൂടും. ഇത് ഒരു ചെയിൻ റിയാക്ഷൻപോലെ തുടരും. അതോടെ ബഹിരാകാശം ഉപയോഗശൂന്യമാവും. അതുവഴി ഒരു റോക്കറ്റു വിക്ഷേപിക്കാനോ ഉപഗ്രഹം വിക്ഷേപിക്കാനോ കഴിയാതെവരും. ഈയൊരു അവസ്ഥയാണ് കെസ്ലർ സിൻഡ്രോം.

ഇത് ഒഴിവാക്കണമെങ്കിൽ ഓരോ ഉപഗ്രഹവും എവിടെയാണ് നിലവിലുള്ളതെന്ന കൃത്യമായ ഡാറ്റ ആവശ്യമാണ്. ഇതും നേരത്തേ പറഞ്ഞ ത്രിമാനമാപ്പിങും ഉണ്ടെങ്കിൽ ഉപഗ്രഹങ്ങൾ തമ്മിലുള്ള കൂട്ടിയിടികൾ മുൻകൂട്ടി പ്രവചിക്കാനും അതുവഴി മുൻകരുതലുകളെടുത്ത് ഈ പ്രശ്നം ഒഴിവാക്കാനുമാവും. 

അന്തരീക്ഷത്തിലെ തന്മാത്രകളുമായി കൂട്ടിയിടിച്ച് പതിയെ താഴേക്കു പോകുന്ന ഉപഗ്രഹങ്ങളെ ഏതു സമയത്ത് ഉയർത്തിയാലാണ് ഇന്ധനം കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുന്നത് എന്നതും കണക്കുകൂട്ടാനാകും. ഇതിനും ത്രിമാനമാപ്പിങ് സഹായകരമാവും.

ഈയിടെ വി എസ് എസ് സിയിലെ സയന്റിസ്റ്റുകൾ നടത്തിയ ഒരു പഠനവും ഈ മേഖലയുമായി ബന്ധപ്പെട്ടതാണ്. ഏതാനും ബഹിരാകാശ അവശിഷ്ടങ്ങളുടെ 36 വർഷത്തെ സഞ്ചാരഡാറ്റയാണ് അവർ പഠിച്ചത്.  11 വർഷത്തിന്റെ ഇടവേളകളിൽ സോളാർ ആക്റ്റിവിറ്റി കൂടുകയും കുറയുകയും ചെയ്യുന്ന സോളാർ സൈക്കിളിൽ ഏതു സമയത്താണ് ഉപഗ്രഹങ്ങൾ കൂടുതലായി ഭൂമിയിലേക്കു വീഴാൻ സാധ്യതയുള്ളത് എന്ന പഠനമായിരുന്നു അത്. ഈ പഠനവും ക്യോട്ടോ സർവകലാശാലയുടെ പഠനവുംകൂടി ഒരുമിച്ചു പരിഗണിച്ചാൽ ഒരുപക്ഷേ കൂടുതൽ മികവുറ്റ തെർമോസ്ഫിയർ മോഡലുകൾ നിർമ്മിക്കാൻ സയന്റിസ്റ്റുകൾക്കായേക്കും.

(സയൻസ് ജേണലായ Earth, Planets and Space ലാണ്  ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. )

Leave a Comment

Comments