astrobiology
30 കോടി കിലോമീറ്റർ അകലെ ഡി എൻ എയിലെ തന്മാത്രകൾ

1969 സെപ്റ്റംബർ 28. മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാൽകുത്തിയിട്ട് വെറും രണ്ടു മാസം ആകുന്നതേ ഉള്ളൂ. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തുള്ള ‘മർച്ചിസൺ’ എന്ന കൊച്ചു ഗ്രാമത്തിന് ഒരു പതിവു ഞായറാഴ്ചയുടെ തുടക്കം മാത്രമായിരുന്നു അന്നു രാവിലെ. പക്ഷേ 11 മണിയോടടുപ്പിച്ച് അവർ ആകാശത്ത് വലിയൊരു തീഗോളം പ്രത്യക്ഷപ്പെടുന്നതു കണ്ടു. സൂര്യനെക്കാൾ തിളക്കമുള്ള വലിയൊരു തീഗോളം. അവർ നോക്കിയിരിക്കെത്തന്നെ അത് ആകാശത്തുവച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മൂന്നായിപ്പിളർന്ന അവ പുകച്ചുരുൾ ബാക്കിയാക്കി താഴേക്കു വീണു. കിലോമീറ്ററുകൾക്ക് അപ്പുറത്തേക്കുവരെ ആ ഉഗ്രശബ്ദം സഞ്ചരിച്ചെത്തിയിരുന്നു.
മർച്ചിസൺ ഗ്രാമം ശരിക്കും ഒരു കല്ലുമഴ വീണപോലെയായി. വീടുകളുടെ മേൽക്കൂരകളിലും റോഡുകളിലും പറമ്പുകളിലുമൊക്കെയായി കറുത്ത നിറമുള്ള നൂറുകണക്കിന് കല്ലുകൾ ചിതറിക്കിടക്കുന്നു. ഒരാളുടെ വീടിന്റെ മേൽക്കൂര തുളച്ച് വീടിനകത്തേക്കുവരെ ആ കല്ലിലൊരെണ്ണം എത്തിയിരുന്നു. എന്തായാലും സംഭവമെന്തെന്നറിയാൻ ഗ്രാമീണർ ആ കല്ലുകൾക്കരികിലേക്കെത്തി. ചിലർ അതു ശേഖരിച്ച് കൊണ്ടുപോവുകയും ചെയ്തു. പല കല്ലുകൾക്കും ഒരു മണം അനുഭവപ്പെടുന്നുണ്ടായിരുന്നു. ആൽക്കഹോളിന്റേതുപോലെ ഒരു രൂക്ഷഗന്ധം.
ആകാശത്തുനിന്നു വന്ന വലിയൊരു ഉൽക്കയായിരുന്നു അത്. അതിൽനിന്നാണ് ആൽക്കഹോളിന്റെ ഗന്ധം വമിക്കുന്നത്. ഉൽക്ക വീണ കാര്യമറിഞ്ഞ് അവിടേക്ക് ശാസ്ത്രജ്ഞരും വന്നെത്തി. ചന്ദ്രനിലെത്തിയതിന്റെ ആവേശം നിറഞ്ഞുനിൽക്കുന്ന സമയത്താണ് ഈ ഉൽക്കയും ഭൂമിയിലെത്തുന്നത്. അതിന്റെ കൗതുകവും അവർക്കുണ്ടായിരുന്നു. ഗ്രാമീണരും ശാസ്ത്രജ്ഞരും ചേർന്ന് നൂറു കിലോഗ്രാമോളം ഉൽക്കാശിലകളെയാണ് അവിടെനിന്നു ശേഖരിച്ചെടുത്തത്.
കല്ലിലെന്തായിരുന്നു?
ഉൽക്കാശിലകൾ ലാബിലെത്തിച്ച് പരിശോധിച്ച ശാസ്ത്രജ്ഞർ ശരിക്കും ഞെട്ടി. അതൊരു സാധാരണ കല്ലായിരുന്നില്ല. ‘കാർബണേഷ്യസ് കോൺഡ്രൈറ്റ്’(Carbonaceous chondrite) എന്ന വളരെ അപൂർവമായ ഇനത്തിൽപ്പെട്ട ഉൽക്കയായിരുന്നു അത്. സൗരയൂഥം ഉണ്ടായ കാലത്തെ പദാർഥങ്ങൾ അടങ്ങിയവയാണ് ഇത്തരം ഉൽക്കകൾ. മർച്ചിസൺ പ്രദേശത്തെ ലോകവാർത്തകളിലേക്കെത്തിക്കാൻപോന്ന കണ്ടെത്തൽ പക്ഷേ വരാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
തൊട്ടടുത്ത വർഷം ഗവേഷകർ അക്കാര്യം സ്ഥിരീകരിച്ചു. അമിനോ ആസിഡുകൾ ധാരാളമായി ഉണ്ടായിരുന്നു ആ കല്ലുകളിൽ. അമിനോ ആസിഡെന്നാൽ ശരിക്കും ജീവന്റെ ഇഷ്ടികകൾതന്നെയാണ്. പ്രോട്ടീനുകളുടെ അടിസ്ഥാന ഘടകങ്ങൾ. വ്യത്യസ്തങ്ങളായ എഴുപതോളം അമിനോ ആസിഡുകളെയാണ് അന്ന് ശാസ്ത്രജ്ഞർ ഇതിൽനിന്നു കണ്ടെത്തിയത്. ജീവന്റെ അടിസ്ഥാന ഘടകങ്ങൾ ഭൂമിയിൽ മാത്രമല്ല, അങ്ങ് ബഹിരാകാശത്തുമുണ്ട് എന്ന് ലോകം തിരിച്ചറിഞ്ഞു. അവിടെക്കൊണ്ടും കണ്ടെത്തലുകൾ പക്ഷേ അവസാനിച്ചിരുന്നില്ല. ഈ ഉൽക്കാശിലകൾ പിന്നെയും പല രഹസ്യങ്ങളും നമുക്കായി ഒളിപ്പിച്ചുവച്ചിരുന്നു. പത്തു വർഷത്തിനുശേഷം ഈ കല്ലുകളിൽ നടത്തിയ പഠനങ്ങൾ കുറെക്കൂടി കാര്യങ്ങൾ വ്യക്തമാക്കി. 1979-ൽ പീറ്റർ സ്റ്റോക്സ്, അലൻ ഷ്വാർട്സ് എന്നീ ശാസ്ത്രജ്ഞർ അഡിനിൻ, ഗ്വാനിൻ, യുറാസിൽ എന്നീ തന്മാത്രകളെ ഈ ശിലകളിൽ കണ്ടെത്തി. ഡി എൻ എയിലും ആർ എൻ എയിലും ഉള്ള ചില തന്മാത്രകളായിരുന്നു അവ. ഭൂമിയിലെ ജീവികളിൽ കാണാത്ത തരത്തിലുള്ള പുതിയ തരം അമിനോ ആസിഡുകളും അവയിൽ ഉണ്ടായിരുന്നു!
ഉൽക്ക വീണപ്പോൾ ഉണ്ടായ ആൽക്കഹോളിന്റേതുപോലെയുള്ള ആ വിചിത്രഗന്ധമുണ്ടല്ലോ. അതിനു കാരണം ഈ ജൈവതന്മാത്രകളായിരുന്നു. ഈ ഉൽക്കയ്ക്കുള്ളിൽ കാർബണും പല തരം ആൽക്കഹോളുകളും ഹൈഡ്രോകാർബണുകളുമൊക്കെ അടങ്ങിയിരുന്നു. ബഹിരാകാശത്തെ കൊടുംതണുപ്പിൽ പാറയോടു ചേർന്ന് ഇവ തണുത്തുറഞ്ഞ് കിടക്കുകയായിരുന്നു. ഉൽക്ക ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടന്നതോടെ ഇത് ചൂടുപിടിക്കാൻ തുടങ്ങി. അതോടെ ഈ രാസവസ്തുക്കൾ ബാഷ്പീകരിച്ച് വാതകങ്ങളായി പുറത്തേക്കു വരാൻ തുടങ്ങി. ഈ വാതകങ്ങളുടെ ഗന്ധമാണ് മർച്ചിസണിലെ ജനങ്ങൾക്കും ഗവേഷകർക്കുമെല്ലാം അനുഭവപ്പെട്ടത്.
2020-ൽ മറ്റൊരു കണ്ടെത്തൽ കൂടി ഈ ഉൽക്കകളിൽ നടന്നു. അതിസൂക്ഷ്മമായ ചില പൊടിത്തരികളെ പരിശോധിച്ച ശാസ്ത്രജ്ഞർ അന്തംവിട്ടു. അവയ്ക്ക് 700 കോടി വർഷം പഴക്കമുണ്ടായിരുന്നു! അതായത് സൗരയൂഥരൂപീകരണത്തിനും മുമ്പുള്ള വസ്തുക്കൾവരെ ആ ഉൽക്കയിൽ ഉണ്ടായിരുന്നു എന്നു ചുരുക്കം.
ഈ അമിനോ ആസിഡുകളോ ഡി എൻ എയിലെ ചില തന്മാത്രകളോ ഒക്കെ ഭൂമിയിൽനിന്ന് കയറിക്കൂടിയതായിക്കൂടേ എന്നൊരു സംശയം ശാസ്ത്രജ്ഞർക്ക് ഉണ്ടായിരുന്നു. അതിന്റെ ഉത്തരവും ആ അമിനോ ആസിഡുകളിൽത്തന്നെ ഉണ്ടായിരുന്നു. ഭൂമിയിലെ ഇത്തരം ജൈവതന്മാത്രകളുടെ ഘടന ഏതാണ്ട് എല്ലായ്പ്പോഴും ഇടത്തോട്ടു തിരിഞ്ഞാണു കാണപ്പെടുക. ചിരാലിറ്റി (Chirality) എന്നാണ് രസതന്ത്രജ്ഞർ ഇതിനെ വിളിക്കുക. ഭൂമിയിലെ ബഹുഭൂരിപക്ഷം ജീവജാലങ്ങളും പ്രോട്ടീൻ നിർമ്മിക്കാനായി ഇടത്തോട്ടു തിരിഞ്ഞ അമിനോ ആസിഡുകളാണത്രേ തിരഞ്ഞെടുക്കുക. അതുപോലെ ഊർജത്തിനായി ഉപയോഗിക്കുന്ന ഗ്ലൂക്കോസ്, റൈബോസ് തുടങ്ങിയ പഞ്ചസാരകളാണെങ്കിൽ വലത്തോട്ടു തിരിഞ്ഞതു മാത്രവും. ചുരുക്കത്തിൽ ഇതല്ലാതെ മറ്റൊരു തിരിവുള്ള തന്മാത്ര കിട്ടിയാൽ അത് പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടായതാവാൻ വഴിയില്ല. അല്ലെങ്കിൽ നമ്മൾ ലാബിൽ ഉണ്ടാക്കണം. നമുക്ക് ഉൽക്കയിലെ അമിനോ ആസിഡുകളിലേക്കു തിരികെ വരാം. ഇതു പരിശോധിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി. പകുതി വലത്തോട്ടു തിരിഞ്ഞതും പകുതി ഇടത്തോട്ടു തിരിഞ്ഞതുമായ ജൈവതന്മാത്രകളാണ് അതിലുള്ളത്. അതായത് അവ ഭൂമിയിൽവച്ച് സ്വാഭാവികമായി കയറിക്കൂടിയതല്ല എന്നു ചുരുക്കം!
ഭൂമിക്കു പുറത്ത് ജീവനെ അന്വേഷിക്കുന്ന ഗവേഷകരെ സംബന്ധിച്ചിടത്തോളം വലിയൊരു കണ്ടെത്തലായിരുന്നു മർച്ചിസൺ ഉൽക്കാശിലകളിലെ ഈ ജൈവതന്മാത്രകൾ. ഇങ്ങനെയൊക്കെയാണെങ്കിലും ഭൂമിയിലെ ഏതെങ്കിലുമൊക്കെ തന്മാത്രകൾ ഇതിൽ കയറിക്കൂടെന്നില്ല. അതിനാൽ അക്കാര്യത്തിൽ പരിപൂർണ്ണമായ ഉറപ്പു കിട്ടണമെങ്കിൽ ബഹിരാകാശത്തു കറങ്ങിനടക്കുന്ന ഏതെങ്കിലുമൊക്കെ ഛിന്നഗ്രഹങ്ങളെയോ വാൽനക്ഷത്രങ്ങളെയോ അങ്ങോട്ടുചെന്ന് പരിശോധിക്കണം. അല്ലെങ്കിൽ അവയുടെ സാമ്പിൾ എടുത്ത് ഭൂമിയിലെത്തിക്കണം.
ഈയൊരു ലക്ഷ്യം മുൻനിർത്തി പല ദൗത്യങ്ങളും മനുഷ്യർ നടത്തിയിട്ടുണ്ട്. 1999-ൽ നാസ വിക്ഷേപിച്ച സ്റ്റാർഡസ്റ്റ് എന്ന ദൗത്യമാണ് ഇതിൽ ആദ്യത്തേത്. വൈൽഡ് 2 എന്ന വാൽനക്ഷത്രത്തിന്റെ അരികിലൂടെ പറന്ന് അതിലെ പൊടിപടലങ്ങളെ സ്പോഞ്ച്പോലെയുള്ള ഒരു വസ്തുവിൽ കുടുക്കി തിരിച്ചെത്തിച്ച ഒരു ദൗത്യം. 2006 ലാണ് ഈ ദൗത്യം തിരിച്ചെത്തിയത്. 2003-ൽ ജാപ്പനീസ് ദൗത്യമായ ഹയാബൂസ 1 വിക്ഷേപിച്ചു. ഇറ്റോക്കാവ എന്ന ഛിന്നഗ്രഹത്തിലേക്കായിരുന്നു ഇതിന്റെ യാത്ര. ഛിന്നഗ്രഹത്തിലെ സാമ്പിളുമെടുത്ത് 2010-ൽ ഇത് തിരിച്ചെത്തി. 2016-ലെ ഒസിരിസ്-റെക്സ് എന്ന ദൗത്യമായിരുന്നു മറ്റൊന്ന്. ബെന്നു എന്ന ഛിന്നഗ്രഹത്തിൽ ഇറങ്ങി 121 ഗ്രാം സാമ്പിളാണ് ഈ ദൗത്യം 2023-ൽ ഭൂമിയിലെത്തിച്ചത്.
ജപ്പാന്റെ തന്നെ മറ്റൊരു ദൗത്യം ഹയാബൂസ 2 2014-ൽ വിക്ഷേപിക്കപ്പെട്ടു. റ്യുഗു എന്ന ഛിന്നഗ്രഹത്തിലേക്കായിരുന്നു ഇതിന്റെ യാത്ര. വലിയ വിജയം കൈവരിച്ച ദൗത്യമായിരുന്നു ഇത്. 5.4 ഗ്രാം മണ്ണും പാറയുമാണ് ഹയാബൂസ സുരക്ഷിതമായി 2020-ൽ ഭൂമിയിലെത്തിച്ചത്.
ഹയാബൂസ 2-ലെ ഏറ്റവും പുതിയ കണ്ടെത്തൽ!
30 കോടി കിലോമീറ്റർ അകലെയുള്ള റ്യുഗു എന്ന ഛിന്നഗ്രഹത്തിലേക്കുപോയ ഹയാബൂസ 2 ദൗത്യം അതിൽനിന്ന് സാമ്പിളും ശേഖരിച്ച് 2020-ലാണ് ഭൂമിയിൽ തിരിച്ചെത്തിയത്. സൗരയൂഥം രൂപപ്പെട്ട കാലത്തെ അവശിഷ്ടങ്ങളായിട്ടാണ് ഛിന്നഗ്രഹങ്ങളെ കണക്കാക്കുന്നത്. അതിനാൽ സൗരയൂഥത്തിന്റെ ചരിത്രമറിയാൻ ഛിന്നഗ്രഹങ്ങളെക്കൂടി പഠനവിധേയമാക്കേണ്ടതുണ്ട്. ഇതുകൂടി ലക്ഷ്യമിട്ടായിരുന്നു ഹയാബൂസ 2-ന്റെ റ്യുഗു എന്ന ഛിന്നഗ്രഹത്തിലേക്കുള്ള യാത്ര. ഒരു കിലോമീറ്ററിൽ താഴെ മാത്രം വലുപ്പമുള്ള ഛിന്നഗ്രഹമായിരുന്നു ഇത്. 2019-ൽ രണ്ടു തവണ ഹയാബൂസ പേടകം ഈ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ ഇറങ്ങി. ഉപരിതലത്തിലെ പൊടിപടലങ്ങൾ ശേഖരിക്കാനായിരുന്നില്ല ഹയാബൂസയുടെ ശ്രമം. പകരം ഉപരിതലത്തിൽ ഒരു കുഴിയുണ്ടാക്കി അതിനുള്ളിൽനിന്ന് സാമ്പിൾ ശേഖരിക്കണം. ബഹിരാകാശത്തെ റേഡിയേഷനൊന്നും ഏൽക്കാത്ത ഏറ്റവും പ്രാചീനമായ സാമ്പിൾ! അവരതിൽ വിജയിക്കുകതന്നെ ചെയ്തു. ഈ സാമ്പിളിൽ ഭൂമിയിലെ വായുപോലും കലർന്നിട്ടില്ല. അത്രയ്ക്കു സുരക്ഷിതമായിട്ടാണ് ഇത് തിരികെ ഭൂമിയിലെത്തിച്ചത്.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ തമ്മിലുള്ള സഹകരണത്തിന്റെ മാതൃകകൂടിയായിരുന്നു റ്യുഗുവിലേക്കുള്ള ദൗത്യം. 2020 ഡിസംബറിൽ ഭൂമിയിലെത്തിയ സാമ്പിൾ ജപ്പാനിലെ ജാക്സ (JAXA) യുടെ ലാബിൽവച്ചാണ് തുറക്കുന്നത്. കല്ലും മണ്ണും വാതകങ്ങളുമെല്ലാം പ്രാഥമികമായി അവർ പരിശോധിച്ചു. പ്രാഥമികപരിശോധനയിൽത്തന്നെ സൗരയൂഥത്തിലെ ഏറ്റവും പഴയ വസ്തുക്കളിൽ ഒന്നാണ് റ്യുഗു എന്ന് സ്ഥിരീകരിക്കാനായി. ഇതിനുശേഷം ഈ സാമ്പിളുകളുടെ ഒരു ഭാഗം ആറായി ഭാഗിച്ച് ലോകമെമ്പാടുമുള്ള ആറ് പ്രധാന ഗവേഷണസംഘങ്ങൾക്കായി വിതരണം ചെയ്തു. നാസയ്ക്കും നൽകി ഒരു ഭാഗം. കുറെ സാമ്പിളുകൾ ഭാവിയിലെ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പഠിക്കാൻ വേണ്ടി സുരക്ഷിതമായി മാറ്റിവച്ചു.
2022 ജൂണിൽ ജപ്പാൻ ഒരു പ്രഖ്യാപനം നടത്തി. തങ്ങൾ പരിശോധിച്ച സാമ്പിളുകളിൽനിന്ന് ഇരുപതിലധികം അമിനോ ആസിഡുകളെ കണ്ടെത്തിയിരിക്കുന്നു. ഭൂമിയിൽനിന്ന് ഒരു മാലിന്യവും കലരാത്ത സാമ്പിളിൽനിന്നുള്ള കണ്ടെത്തൽ! അമിനോ ആസിഡുകൾ ഭൂമിക്കു പുറത്തും രൂപപ്പെടുന്നുണ്ട് എന്നതിന്റെ ശക്തമായ തെളിവ്. 2023 മാർച്ചിൽ മറ്റൊരു കണ്ടെത്തലും വന്നു. ആർ എൻ എയിലെ ഒരു ഘടകമായ യൂറാസിൽ എന്ന തന്മാത്രയും ഈ സാമ്പിളിൽ ഉണ്ട്. മാത്രമല്ല വൈറ്റമിൻ ബി കൂടി ഇതിനൊപ്പം കണ്ടെത്തി. ഈ മേഖലയിലെ സുപ്രധാനമായ കണ്ടെത്തലായി ഇതിനെ വിശേഷിപ്പിക്കുന്നു.
2026 മാർച്ചിലാണ് ഏറ്റവും മനോഹരമായ കണ്ടെത്തൽ പ്രഖ്യാപിക്കുന്നത്. ജീവന്റെ ജനിതകവിവരങ്ങൾ സൂക്ഷിക്കുന്ന അഞ്ച് ന്യൂക്ലിയോബേസുകളും ഈ സാമ്പിളിൽത്തന്നെ ഉണ്ടെന്നുള്ള സ്ഥിരീകരണം. ഡി എൻ എ, ആർ എൻ എ എന്നിവ നിർമ്മിച്ചിരിക്കുന്നത് ഈ അഞ്ച് ന്യൂക്ലിയോബേസുകൾ ഉപയോഗിച്ചാണ്. ഈ അഞ്ചെണ്ണവും മുപ്പതുകോടി കിലോമീറ്റർ അകലെയുള്ള ഒരു ഛിന്നഗ്രഹത്തിൽ കണ്ടെത്തുക!
അഡിനിൻ (Adenine), ഗ്വാനിൻ (Guanine), സൈറ്റോസിൻ (Cytosine), തൈമിൻ (Thymine), യുറാസിൽ (Uracil). ജീവന്റെ അക്ഷരങ്ങളായിട്ടാണ് ഈ ന്യൂക്ലിയോബേസുകളെ കണക്കാക്കുന്നത്. ഏതു ജനിതകവിവരവും ഈ അഞ്ച് ഘടകങ്ങൾ ഉപയോഗിച്ച് സൂക്ഷിച്ചുവയ്ക്കാം. ഭൂമിയിൽ മാത്രമല്ല, പ്രപഞ്ചത്തിൽ എവിടെയും ഈ അഞ്ചു അടിസ്ഥാന തന്മാത്രകളെ കണ്ടെത്താനാവും എന്ന തിരിച്ചറിവാണ് ഈ കണ്ടെത്തൽ നമുക്കു നൽകുന്നത്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ വന്നിടിച്ച ഇത്തരം ഛിന്നഗ്രഹങ്ങളിൽനിന്നാവാം ഭൂമിയിൽ ജീവൻ ഉടലെടുക്കാൻ ആവശ്യമായ രാസഘടകങ്ങൾ വന്നെത്തിയത് എന്ന സാധ്യതയെയാണ് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.
ഡി എൻ എയുടെയും ആർ എൻ എയുടെയും ഈ അടിസ്ഥാനഘടകങ്ങൾ ഉണ്ടാകാൻ അതീവ സങ്കീർണ്ണമായ രാസപ്രക്രിയകളുടെയൊന്നും ആവശ്യമില്ല. ജലം, അമോണിയ, കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ സയനൈഡ് തുടങ്ങിയ പല രാസവസ്തുക്കളും വാതകങ്ങളും കൂടിച്ചേർന്ന് ഇവ ഉണ്ടാകാം. ഛിന്നഗ്രഹത്തിനുള്ളിലോ അല്ലെങ്കിൽ നെബുലകൾക്കുള്ളിലോ ഒക്കെ ഇത്തരം വാതകങ്ങൾ തമ്മിൽ കലരുകയും അതിലേക്ക് ഏതെങ്കിലും തരത്തിലുള്ള റേഡിയേഷൻ കിട്ടുകയുമൊക്കെ ചെയ്താൽ ഇത്തരം തന്മാത്രകൾ നിർമ്മിക്കപ്പെടാം. സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണിത്. എന്നാൽ ഈ അടിസ്ഥാനഘടകങ്ങൾ കൂടിച്ചേർന്ന് ഡി എൻ എ യോ ആർ എൻ എ യോ ഉണ്ടാകുക അത്ര ലളിതമായ കാര്യമല്ല. വിവിധതരം ഷുഗറുകളും ഫോസ്ഫേറ്റുമെല്ലാം കൃത്യമായ അളവിൽ ചേർന്ന് കോശങ്ങളിലെ എൻസൈമുകളുടെ സാന്നിധ്യത്തിലാണ് ഇവ നിർമ്മിക്കപ്പെടുന്നത്. അത്തരം സങ്കീർണ്ണമായ കെമിസ്ട്രി ഒരു ഛിന്നഗ്രഹത്തിൽ ഉണ്ടാകും എന്നു കരുതാൻ വയ്യ.
എന്തായാലും ഭൂമിയിലെ ജീവന്റെ ഉദ്ഭവത്തിന് വ്യക്തമായ വിശദീകരണം തരാൻ ഇതുവരെ ഒരു ദൗത്യത്തിനും കഴിഞ്ഞിട്ടില്ല. എന്നാൽ ജീവന്റെ ഘടകങ്ങൾ പ്രപഞ്ചത്തിലെമ്പാടും ഉണ്ടാകും എന്ന കാര്യത്തിൽ ഹയാബൂസപോലുള്ള ദൗത്യങ്ങൾ നമുക്ക് ഉറപ്പുനൽകുന്നു.
(ദേശാഭിമാനി - കിളിവാതിലിൽ പ്രസിദ്ധീകരിച്ചത്.)
Filed under astrobiologyDND

Leave a Comment
Comments
Post a Comment