History

ഇന്ത്യൻ എഡിസൺ - ജി ഡി നായിഡു

ഇന്ത്യൻ എഡിസൺ - ജി ഡി നായിഡു

 


1920 കൾ. പൊള്ളാച്ചിയിൽനിന്ന് പഴനിയിലേക്ക് ഒരു ചെറിയ ബസ്സ് യാത്ര തുടങ്ങുകയാണ്. മരപ്പലകകളിൽ തീർത്ത ബെഞ്ചുകളാണ് സീറ്റുകളായിട്ടുള്ളത്. നല്ല റോഡൊന്നും ഇല്ല. പലയിടത്തും മൺപാതകൾ. ചിലപ്പോൾ അതുപോലും കൃത്യമായിട്ടില്ല. യാത്രക്കാരെയും കയറ്റി ബസ്സ് പുറപ്പെട്ടു. ഒരേയൊരു ജീവനക്കാരനെ ബസ്സിലുള്ളൂ. അദ്ദേഹം തന്നെയാണ് ഡ്രൈവറും കണ്ടക്ടറും മെക്കാനിക്കുമെല്ലാം. ഡി ജി നായിഡു എന്നായിരുന്നു ആ ജീവനക്കാരന്റെ പേര്. അദ്ദേഹംതന്നെയായിരുന്നു ആ ബസ്സിന്റെ ഉടമയും. മൂന്നു മണിക്കൂർ മാത്രമെടുത്ത് 60കിലോമീറ്ററോളം ദൂരം അദ്ദേഹം അന്ന് ഓടിച്ചെത്തി, അതും പല പല ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടും. 

അക്കാലത്ത് ഇത്തരം ബസ്സുകളൊന്നും ആ റൂട്ടിൽ ഇല്ല. ട്രയിൻ സർവീസും തുടങ്ങിയിട്ടില്ല.  കുതിരവണ്ടിയിലും കാളവണ്ടിയിലുമൊക്കെയാണ് ആളുകൾ അന്ന് പൊള്ളാച്ചിയിൽനിന്ന് പഴനിയിലേക്ക് യാത്ര ചെയ്തിരുന്നത്.  പലപ്പോഴും എട്ടു മണിക്കൂർവരെ എടുക്കും അത്തരം യാത്രകൾക്ക്. അപ്പോഴാണ് ജിഡി നായിഡുവിന്റെ ഈ ബസ് സർവീസ് തുടങ്ങുന്നത്.

 ജനങ്ങൾ ഏറെ ആവേശത്തോടെ ഈ ബസ് സർവീസിനെ സ്വീകരിച്ചു. സമയകൃത്യതയായിരുന്നു ഈ ബസ്സ് സർവീസിന്റെ പ്രത്യേകത. യാത്രക്കാർ ഈ സർവീസിനെ നന്നായി സ്വീകരിച്ചു. പതിയെ ബസ്സുകളുടെ എണ്ണം കൂടി. പുതിയ ഡ്രൈവർമാരെ ജോലിക്കെടുത്തു. കർശനമായ ചിട്ടകളായിരുന്നു ഇവർക്കുണ്ടായിരുന്നത്. യാത്രക്കാരുടെ സൗകര്യം. അതിനു മാത്രമായിരുന്നു നായിഡു പ്രാധാന്യം കൊടുത്തത്.  യൂണിവേഴ്സൽ മോട്ടോർ സർവീസ് (UMS) അതായിരുന്നു ബസ്സ് സർവീസിന്റെ പേര്.

1928 ആയപ്പോഴേക്കും ഈ റൂട്ടിൽ റെയിൽവേ ലൈൻ സജ്ജമായി. പക്ഷേ ഉൾഗ്രാമങ്ങൾക്ക് അപ്പോഴും ബസ്സുതന്നെയായിരുന്നു ആശ്രയം. ബസ്സുകളുടെ എണ്ണം കൂടിയതോടെ സർവീസുകളെ ഏകോപിപ്പിക്കാൻ പല വിധ തന്ത്രങ്ങളും നായിഡു പ്രയോഗിച്ചിരുന്നു. ടിക്കറ്റ് വെൻഡിങ് മെഷീൻപോലും അതിനായി നായിഡു ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. അദ്ദേഹംതന്നെ സ്വന്തമായി നിർമ്മിച്ചെടുക്കുകയായിരുന്നു ഇതെല്ലാം. പെട്രോളായിരുന്നു അന്ന് ഇന്ധനം. ബസ്സിനാവശ്യമുള്ള പെട്രോൾ കാനുകളിൽ വാങ്ങിച്ച് ബസ്സിൽത്തന്നെ സൂക്ഷിച്ചുവേണം കൊണ്ടുപോകാൻ. ഇടയ്ക്കൊന്നും ഇന്ധനം നിറയ്ക്കാനുള്ള സംവിധാനമൊന്നും ഇല്ല. പലപ്പോഴും കോയമ്പത്തൂരിൽനിന്ന് കാനുകളിൽ പെട്രോൾനിറച്ച് കൊണ്ടുവരേണ്ട അവസ്ഥപോലും ഉണ്ടായിരുന്നു. 

1940 ആയപ്പോൾ ലോകയുദ്ധത്തിന്റെ കെടുതികൾ ഇന്ത്യയിലുമെത്തി. ഇന്ധനമൊന്നും കിട്ടാതായി. ഇന്ധനമില്ലെങ്കിൽ ബസ്സ് സർവീസ് മുടങ്ങും. പക്ഷേ നായിഡു തോൽക്കാൻ തയ്യാറായിരുന്നില്ല. വിദേശങ്ങളിൽ നിലവിലുണ്ടായിരുന്ന വുഡ് ഗാസിഫയർ എന്ന സംവിധാനം അദ്ദേഹം ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായി റീഡിസൈൻ ചെയ്തെടുത്തു. ഓക്സിജൻ കുറഞ്ഞ സാഹചര്യത്തിൽ വിറക് കത്തുമ്പോൾ ഉണ്ടാകുന്ന പ്രൊഡ്യൂസർ ഗ്യാസ് ഉപയോഗിച്ച് വാഹനമോടിക്കുകയായിരുന്നു ലക്ഷ്യം. മികച്ച രീതിയിൽ രൂപകല്പന ചെയ്ത പ്രൊഡ്യൂസർ ഗ്യാസ് പ്ലാന്റായിരുന്നു നായിഡുവിന്റേത്. വിറകിനു പകരം കരിയാണ് പലപ്പോഴും അദ്ദേഹം തന്റെ ഗ്യാസ് നിർമ്മാണത്തിനായി ഉപയോഗിച്ചത്. കരിയും ടാറും ഈർപ്പവും കുറഞ്ഞ ഗ്യാസ് ലഭിക്കാൻ ഇത് സഹായകരമായി. കാർബൺ മോണോക്സൈഡും ഹൈഡ്രജനുമാണ് വുഡ് ഗ്യാസിഫയറിൽനിന്നു കിട്ടുന്ന വാതകങ്ങൾ. ഇവ രണ്ടു കത്തുപിടിക്കുന്ന വാതകങ്ങളാണ്. വലിയ അളവിൽ നൈട്രജനും നേരിയ അളവിൽ കാർബൺഡയോക്സൈഡും ഒക്കെ ഇതിലുണ്ടാവും എന്നു മാത്രം. കരിയും പുകയുമൊന്നും ഗ്യാസിൽ കയറാതിരിക്കാനുള്ള ഫിൽറ്റർസംവിധാനങ്ങൾപോലും നായിഡുവിന്റെ പ്ലാന്റിൽ ഉണ്ടായിരുന്നു. ബസ്സിന്റെ വശങ്ങളിൽ പിടിപ്പിക്കാവുന്ന തരത്തിലുള്ള സംവിധാമാണ് നായിഡു വിഭാവനം ചെയ്തു നടപ്പിലാക്കിയത്. വണ്ടി സ്റ്റാർട്ട് ആവാൻ മാത്രം പെട്രോൾ മതി. ബാക്കി പ്രൊഡ്യൂസർ ഗ്യാസിൽ പ്രവർത്തിക്കും. 

സത്യത്തിൽ ജി ഡി നായിഡു പക്ഷേ വെറുമൊരു സംരംഭകൻ മാത്രമായിരുന്നില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച എൻജിനീയറും സയന്റിസ്റ്റും ഒക്കെയായിരുന്നു. ഒരു ബസ്സ് സർവീസിൽപ്പോലും സ്വന്തം കണ്ടെത്തലുകളെ സമർത്ഥമായി പ്രയോജനപ്പെടുത്തിയ മഹാനായിരുന്നു നായിഡു. പില്ക്കാലത്ത് ഇന്ത്യൻ എഡിസൺ എന്ന വിശേഷണംവരെ അദ്ദേഹത്തെ തേടിയെത്തി എന്നു പറയുമ്പോഴേ ജി ഡി നായിഡുവിന്റെ പ്രസക്തി നമുക്ക് തിരിച്ചറിയാനാവൂ.

1893 മാർച്ച് 23ന് കോയമ്പത്തൂരിനടുത്തുള്ള കലങ്കൽ എന്ന ഗ്രാമത്തിലാണ് ജി ഡി നായിഡു എന്ന ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു ജനിക്കുന്നത്. കർഷകകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഔപചാരികവിദ്യാഭ്യാസം ലഭിക്കുക അക്കാലത്ത് അത്ര എളുപ്പമല്ല. എന്നിരുന്നാലും അദ്ദേഹത്തെ സ്കൂളിൽചേർക്കാൻ കുടുംബം മടിച്ചില്ല. പക്ഷേ ഔപചാരികവിദ്യാഭ്യാസരീതികളോട് നായിഡുവിന് താത്പര്യമുണ്ടായിരുന്നതേയില്ല. പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാതെ തന്നെ അദ്ദേഹം സ്കൂൾ വിട്ടു. ചുറ്റുപാടുമുള്ള യന്ത്രങ്ങളോടും മറ്റും വല്ലാത്തൊരു കൗതുകമായിരുന്നു ആ കുട്ടിക്ക്. ഉപകരണങ്ങളുടെ പ്രവർത്തനം എന്തെന്നു മനസ്സിലാക്കാൻ എത്ര സമയം ചെലവഴിക്കാനും നായിഡു ഒരുക്കമായിരുന്നു. 

കൃഷിയിടത്തിൽ സഹായിയായിട്ടൊക്കെ നിന്നെങ്കിലും സ്വന്തമായി ജോലി ചെയ്യണമെന്ന് ആഗ്രഹത്തിൽ ചെറുപ്പത്തിലേ അദ്ദേഹം വീടുവിട്ടിറങ്ങി. ഹോട്ടലിൽ ജോലിയെടുത്തും ചെറിയ കച്ചവടങ്ങൾ ചെയ്തുമെല്ലാം അദ്ദേഹം കുറച്ചു പണം സമ്പാദിച്ചു. സാധാരണയാളുകൾ പണം കിട്ടിയാൽ അത് വീട്ടാവശ്യത്തിനായി മാറ്റിവയ്ക്കും. അല്ലെങ്കിൽ പുതിയ വസ്ത്രങ്ങളോ നല്ല ഭക്ഷണമോ ഒക്കെ വാങ്ങും. പക്ഷേ നായിഡു ചെയ്തത് ഇതൊന്നുമല്ലായിരുന്നു. 

ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഓടിച്ചിരുന്ന റഡ്ജ് മൾട്ടി എന്ന മോഡൽ മോട്ടോർ സൈക്കിൾ 1912ലാണ് നായിഡുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. യന്ത്രങ്ങളോട് വല്ലാത്ത ഇഷ്ടമുണ്ടായിരുന്ന നായിഡു താൻ സ്വരൂപിച്ചുവച്ചിരുന്ന പണം കൊടുത്ത് ആ മോട്ടോർ സൈക്കിൾ സ്വന്തമാക്കി. ഓടിച്ചു പഠിക്കലും തന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കലുമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. അത് അഴിച്ച് അതിനുള്ളിൽ നടക്കുന്നതെന്തെന്നു മനസ്സിലാക്കണം. അതിന്റെ പ്രവർത്തനരീതി പഠിക്കണം. പിന്നെ മടിച്ചില്ല. ആ മോട്ടോർസൈക്കിൽ അദ്ദേഹം പൂർണ്ണമായി അഴിച്ചുമാറ്റി. ഓരോ ഘടകങ്ങളും എങ്ങനെയാണ് മോട്ടോർസൈക്കിളിൽ പിടിപ്പിച്ചിരിക്കുന്നത് എന്ന് വിശദമായി മനസ്സിലാക്കി. എൻജിൻ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ഗിയറുകൾ, ചക്രങ്ങൾ തുടങ്ങി എല്ലാം വെവ്വേറെ അഴിച്ച് പഠിച്ചു. ഇതെല്ലാം കഴിഞ്ഞ് അഴിച്ചെടുത്ത എല്ലാ ഘടകങ്ങളും തിരികെ കൂട്ടിച്ചേർത്ത് മോട്ടോർസൈക്കിളിനെ വീണ്ടും പ്രവർത്തനസജ്ജമാക്കി. നാലാംക്ലാസുപോലും ഔപചാരികവിദ്യാഭ്യാസം കിട്ടാത്ത ജി ഡി നായിഡു സ്വന്തമായി മെക്കാനിക്കൽ എൻജിനീയറായി മാറി എന്നു പറയണം! 

(ജി ഡി നായിഡുവിന്റെ മോട്ടോർ സൈക്കിൾ - Credit: Balaji/Wikimedia Commons)

ഈ പഠനം അദ്ദേഹം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോയി. ഒരു ഗതാഗത സംരംഭം തുടങ്ങാൻ അദ്ദേഹത്തിന് ആത്മവിശ്വാസം നൽകിയതും ഈ സ്വയംപഠനമായിരുന്നു.

വാഹനങ്ങളിൽ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ കണ്ടെത്തലുകളും ഗവേഷണങ്ങളും. ഇന്ത്യയിൽ ആദ്യമായി ഒരു ഇലക്ട്രിക് മോ‌ട്ടോർ നിർമ്മിക്കുന്നത് അദ്ദേഹമാണ്. നാഷണൽ ഇലക്ട്രിക് വർക്സ് എന്ന കമ്പനി സ്ഥാപിച്ച് വാണിജ്യാടിസ്ഥാനത്തിൽ മോട്ടോറുകൾ വിപണിയിലിറക്കാനും അദ്ദേഹത്തിനായി. 1937 ൽ നിർമ്മിച്ച ഈ ഇലക്ട്രിക് മോട്ടോർ ഇന്ത്യൻ വ്യാവസായികരംഗത്തെ മുന്നോട്ടുനയിക്കാൻ സഹായിച്ചിട്ടുണ്ട്. ഷേവ് ചെയ്യാനായി ഒരു ഇലക്ട്രിക് റേസർ അദ്ദേഹം വികസിപ്പിച്ചെടുത്തു എന്നു പറഞ്ഞാൽ വിശ്വസിക്കുമോ. റാസോ റേസർ എന്നായിരുന്നു അതിനു നൽകിയ പേര്. അതിനൊപ്പം കനംകുറഞ്ഞ ഷേവിങ് ബ്ലേഡുകൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾക്കും അദ്ദേഹം രൂപംനൽകി.മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന ഫാൻ നിർമ്മിച്ചതായും പറയപ്പെടുന്നുണ്ട്.  വോട്ടെണ്ണൽ യന്ത്രംപോലും അദ്ദേഹം നിർമ്മിച്ചിരുന്നു. ഇന്നത്തെ ഇ വി എമ്മുകളുടെ ഒരു മെക്കാനിക്കൽ രൂപമായിരുന്നു അത്. കള്ളവോട്ട് തടയാനും വോട്ടെണ്ണൽ എളുപ്പമാക്കാനും ഇതിലൂടെ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. 5 വാൽവുകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന റേഡിയോ, ഫോട്ടോഗ്രഫിയെ സഹായിക്കുന്ന ലെൻസ് അഡ്ജസ്റ്റർ, പഴങ്ങളിൽനിന്ന് ജ്യൂസ് വേർതിരിച്ചെടുക്കുന്ന ജ്യൂസ് എക്സ്ട്രാക്റ്റർ തുടങ്ങി അനേകം കണ്ടെത്തലുകൾ അദ്ദേഹത്തിൽനിന്നുണ്ടായി. ഇതെല്ലാം അക്കാലത്ത് നന്നായി ഉപയോഗിക്കപ്പെടുകയും ചെയ്തു. 

ജി ഡി നായിഡു ഡിസൈൻ ചെയ്ത മോട്ടോർ 
Credit: Rainer Halama / Wikimedia Commons (CC BY-SA 4.0)

കാർഷികകുടുംബത്തിൽനിന്നു വന്നതിനാൽത്തന്നെ ജി ഡി നായിഡുവിന് കാർഷികപരീക്ഷണങ്ങളോടും താത്പര്യമുണ്ടായിരുന്നു. രോഗപ്രതിരോധശേഷിയുള്ള പരുത്തിവിത്ത് വികസിപ്പിച്ചെടുക്കുന്ന പരീക്ഷണങ്ങൾ നടത്തി അദ്ദേഹം അതിൽ വിജയിക്കുകതന്നെ ചെയ്തു. സാധാരണയിൽനിന്ന് ഏറെ വലിപ്പമുള്ള പപ്പായ, ചോളം തുടങ്ങിയവയും വികസിപ്പിച്ചെടുക്കാനായി. 

ഇന്ത്യ സ്വതന്ത്രമാവുന്നതിനു തൊട്ടുമുമ്പ് 1945ൽ അദ്ദേഹം ഒരു പോളിടെക്നിക് സ്ഥാപിച്ചു. ആർതർ ഹോപ് പോളിടെക്സിനിക്. തിയറിയെക്കാളും പ്രാക്ടിക്കലിനു പ്രാധാന്യം കൊടുക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനം. കുറെക്കാലത്തിനുശേഷം ഇതിനെ അദ്ദേഹം സർക്കാരിനു കൈമാറി. കോയമ്പത്തൂരിലെ സർക്കാർ പോളിടെക്നിക് കോളെജ് ആയി ഇപ്പോഴും ഇത് പ്രവർത്തിക്കുന്നുണ്ട്. യന്ത്രങ്ങളുമായി നേരിട്ട് ഇടപഴകി പഠിക്കാനാണ് അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചത്. അത് അക്ഷരാർത്ഥത്തിൽ തന്റെ കോളെജിലൂടെ അദ്ദേഹം നടപ്പിലാക്കുകയും ചെയ്തു. 

യൂറോപ്പും അമേരിക്കയും ജർമനിയുമെല്ലാം സന്ദർശിച്ച് അവിടത്തെ എൻജിനീയറിങ് രീതികൾ കണ്ടുമനസ്സിലാക്കി അത് തന്റെ നാട്ടിൽ പ്രാവർത്തികമാക്കാനും നായിഡു മറന്നില്ല. നിരവധി സയന്റിസ്റ്റുകളുമായും അദ്ദേഹം നിരന്തരം സംവദിച്ചിരുന്നു. പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാത്ത, തികച്ചും സ്വന്തമായി എൻജിനീയറിങ് പഠിച്ചെടുത്ത ഒരാളാണ് ലോകത്തെ പല സയന്റിസ്റ്റുകളോടും ആശയവിനിമയം നടത്തിയത് എന്നോർക്കണം. 

ഇതൊക്കെയാണെങ്കിലും ഇന്ത്യയിൽ പലപ്പോഴും ഒട്ടേറെ പ്രതിസന്ധികളിലൂടെത്തന്നെയാണ് ജി ഡി നായിഡു കടന്നുപോയിരുന്നത്. സർക്കാരുമായി നികുതി സംബന്ധിച്ച ഒട്ടേറെ തർക്കങ്ങളും മറ്റും ഉണ്ടായിരുന്നു. നാട്ടിലെ കണ്ടുപിടുത്തങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം സർക്കാരിന്റെ ഭാഗത്തുനിന്നു ലഭിക്കാതിരുന്നതും അദ്ദേഹത്തെ നിരാശനാക്കിയിരുന്നു. ഇത്തരം അനേകം കാര്യങ്ങളെ തന്റെ കഴിവുകൊണ്ടു മറികടന്നില്ലായിരുന്നെങ്കിൽ ജി ഡി നായിഡുവിന്റെ പല സംരംഭങ്ങളും ഇന്ന് വെളിച്ചം കാണില്ലായിരുന്നു. 

1974 ജനുവരി 4. വ്യാവസായപ്രമുഖനും ഇന്ത്യൻ എഡിസൺ എന്നു വിശേഷണവുമുള്ള ജി. ഡി. നായിഡു അന്തരിച്ചു. കോയമ്പത്തൂരിനെ ഒരു വ്യവസായനഗരമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കുമതി അദ്ദേഹത്തിന്റെ സ്മരണ എന്നെന്നും നിലനിർത്താൻ. എന്നിരുന്നാലും അതിലുപരി സയൻസിനോടും എൻജിനീയറങിനോടും ഉള്ള താത്പര്യവും അദ്ദേഹത്തിന്റെ പ്രശ്നപരിഹാരശേഷിയും ഇന്ത്യയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഒരു മാതൃകയാണ്. ഒരു കണ്ടുപിടുത്തത്തെ തങ്ങളുടെ ചുറ്റുപാടുകൾക്കനുസരിച്ച് എങ്ങനെ മാറ്റിയെടുക്കാം എന്ന വ്യക്തമായ ധാരണയായിരുന്നു അദ്ദേഹത്തെ ഇന്ത്യൻ എഡിസണാക്കി മാറ്റിയത്. 

കോയമ്പത്തൂരിൽ ജി. ഡി. നായിഡു ഇൻഡസ്ട്രിയൽ എക്സിബിഷനിൽ ചെന്നാൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പ്രദർശിപ്പിച്ചിരിക്കുന്നതു കാണാം. 

(ഇന്ത്യൻ എഡിസൺ എന്ന വിശേഷണമുള്ള മറ്റൊരാൾകൂടി ഇന്ത്യയിലുണ്ടായിരുന്നു. 1867 ൽ മഹാരാഷ്ട്രയിൽ ജനിച്ച ഡോ. ശങ്കർ അബാജി ഭിസെ. ഇരുന്നൂറോളം കണ്ടെത്തലുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. )


Leave a Comment

Comments