Invention
യുദ്ധത്തിൽനിന്ന് സ്ലിങ്കി പിറന്ന കഥ

1943. രണ്ടാംലോകയുദ്ധം അതിന്റെ തീവ്രതയിലാണ്. അക്കാലത്താണ് ഫിലാഡെൽഫിയയിലെ ഒരു കപ്പൽനിർമ്മാണശാലയിൽ മെക്കാനിക്കൽ എൻജിനീയറായ റിച്ചാഡ് ടി ജയിംസിന്റെ മുന്നിൽ ഒരു പ്രശ്നം എത്തുന്നത്. കപ്പലുകളിലും മറ്റും അനേകം സെൻസിറ്റീവായ ഉപകരണങ്ങൾ ഉണ്ട്. കടലിൽ കപ്പൽ ആടിയുലയുമ്പോൾ ഇത്തരം ഉപകരണങ്ങളും അതിനൊപ്പം അത്തരം ഉപകരണങ്ങളും ചലിക്കും. ആ സമയത്തുണ്ടാകുന്ന കമ്പനങ്ങളും മറ്റും ഇത്തരം ഉപകരണങ്ങളെ കേടാക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല അവയിൽനിന്ന് റീഡിങ് എടുക്കുക എന്നതും ഏറെ ബുദ്ധിമുട്ടാവുന്നു. ആടിയുലയുന്നതു മാത്രമായിരുന്നില്ല പ്രശ്നം. കപ്പലിലെ എൻജിനും പ്രൊപ്പല്ലറും ഒക്കെ ഉണ്ടാക്കുന്ന കമ്പനങ്ങളും ഇത്തരം ഉപകരണങ്ങളിലേക്കെത്തും. ഇതും അവയുടെ പ്രവർത്തനത്തെ ബാധിക്കുന്നു.
കപ്പലിന്റെ ഇത്തരം ചലനങ്ങളിൽനിന്ന് എങ്ങനെ ഉപകരണങ്ങളെ രക്ഷിക്കാം. ഇതായിരുന്നു റിച്ചാഡ് ജെയിംസിന്റെ മുന്നിലെ പ്രശ്നം!
സ്പ്രിങുകൾ ഉപയോഗിച്ച് ഇവയെ സംരക്ഷിക്കാൻ ശ്രമിച്ചാലോ എന്നതായിരുന്നു ജെയിംസിന്റെ ചിന്ത. സ്പ്രിങ് ഉപയോഗിച്ചുള്ള ഒരു സംവിധാനത്തിലൂടെ കപ്പലിന്റെ ചലനങ്ങളും വൈബ്രേഷനുകളും ഉപകരണങ്ങളിലേക്ക് നേരിട്ട് പകരുന്നത് കുറയ്ക്കാനാകേണ്ടതാണ്. കപ്പലിന്റെ ചലനവും വൈബ്രേഷനുകളുമൊക്കെ സ്പ്രിങുകളിൽ ഒതുക്കിനിർത്തിയാൽ ഉപകരണങ്ങളെ ഒരിടത്തുതന്നെ ഉറപ്പിച്ചു നിർത്താനാവും. കപ്പൽ ആടിയാലും ഉപകരണങ്ങൾ സ്ഥിരതയോടെ നിലനിർത്താം. ഇതിനായി പല തരത്തിലുള്ള സ്പ്രിങുകൾ ഉപയോഗിച്ച് അദ്ദേഹം പരീക്ഷണങ്ങൾ നടത്തി.
അങ്ങനെയുള്ള ഒരു പരീക്ഷണത്തിനിടെയാണ് ജയിംസ് ഉപയോഗിച്ചിരുന്ന അല്പം നീളംകൂടിയ ഒരു സ്പ്രിങ് മേശപ്പുറത്തുനിന്ന് താഴേക്കു വീഴുന്നത്. പക്ഷേ അതൊരു രസകരമായ വീഴ്ചയായിരുന്നു. താഴേക്കു വീണ സ്പ്രിങ് അവിടെത്തന്നെ കിടന്നില്ല. പകരം ചില ജീവികളൊക്കെ പോകുന്ന രീതിയിൽ ചാടിച്ചാടി നടക്കുന്നു!
ജയിംസിന് ഇതൊരു കൗതുകമായി. അദ്ദേഹം ആ സ്പ്രിങെടുത്ത് വീണ്ടും വീഴ്ത്തിനോക്കി. അത് നല്ല രസകരമായി ഒരു ജീവിയെപ്പോലെ ചാടിച്ചാടിപ്പോകുന്നു. ചവിട്ടുപടികളിലൂടെയൊക്കെ അവ പോകുന്നതു കാണാൻ നല്ല ചേല്!
ഉള്ളിൽ ഒരു ‘കുട്ടി’ ഉണ്ടായിരുന്ന ജെയിംസിന് അതു കണ്ടപ്പോൾ രസകരമായ ഒരു ആശയമാണു തോന്നിയത്. തന്റെയുള്ളിലെ കുട്ടിയെ ഉണർത്താൻ തോന്നിയ ഈ സ്പ്രിങ് നല്ലൊരു കളിപ്പാട്ടമായാലോ? അദ്ദേഹം തന്റെ ആശയം വീട്ടിലെത്തി ഭാര്യ ബെറ്റിക്കു മുമ്പിൽ അവതരിപ്പിച്ചു. ബെറ്റിക്കും അത് ഏറെ ഇഷ്ടമായി. അതേ നല്ലൊരു കളിപ്പാട്ടംതന്നെയായിരിക്കും അത്. എന്തായാലും അതിനൊരു പേരിടണം. കുറെ ആലോചിച്ച് ഡിക്ഷ്ണറിയൊക്കെ തപ്പി അവസാനം ബെറ്റി അതിനൊരു പേരു നൽകി. സ്ലിങ്കി! അതേ, സ്ലിങ്കി എന്ന് പേരുള്ള ലോകപ്രശസ്തമായ കളിപ്പാട്ടത്തിന്റെ പിറവി ഇവിടെനിന്നായിരുന്നു.
ജയിംസിന്റെ അന്വേഷണം പിന്നെ ഈ സ്പ്രിങിലേക്കു മാറി. ആളുകൾ തമ്മിൽ യുദ്ധക്കപ്പലിലെ ഉപകരണങ്ങളെ സംരക്ഷിക്കുന്നതിനുള്ള വഴി കണ്ടെത്തുന്നതിനെക്കാൾ കൂടുതൽ ശ്രദ്ധ കുട്ടികളുടെ ലോകത്തെ കളിപ്പാട്ട ഗവേഷണത്തിനായി അദ്ദേഹം മാറ്റിവച്ചു. വെറുതേ ഒരു സ്പ്രിങ് പോരായിരുന്നു ജെയിംസിന്. വലിയ തോതിൽ നിർമ്മിക്കേണ്ടതുണ്ട്. ഭംഗിയാക്കേണ്ടതുണ്ട്. ശരിക്കുള്ള സയൻസും എൻജിനീയറിങും ആരംഭിച്ചത് അതിനു ശേഷമാണ്. സ്പ്രിങിന്റെ വയർ എത്തി കട്ടിയുള്ളതാവണം? വ്യാസം (ഡയമീറ്റർ) എത്ര വേണം? എത്ര നീളം വേണം? അത്തരമൊരു സ്പ്രിങിന്റെ ഇലാസ്റ്റിസിറ്റി എത്ര വേണം? … ഇങ്ങനെ നിരവധി നിരവധി ചോദ്യങ്ങൾ. ഇതെല്ലാം പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയാലേ താൻ ഉദ്ദേശിക്കുന്ന നല്ലൊരു കളിപ്പാട്ടം രൂപപ്പെടുത്താനാവൂ. ഇങ്ങനെ നിരവധി പരീക്ഷണനിരീക്ഷണങ്ങൾക്കുശേഷം ജെയിംസ് ഇതിന്റെ ഗുണഗണങ്ങൾ മനസ്സിലാക്കി. ഇനി ഇതിനെ വിപണിയിലിറക്കണം. വെറുതേ കളിപ്പാട്ടമെന്നു പറഞ്ഞ് സ്പ്രിങ് കൊണ്ടുവച്ചാൽ ആരും മേടിക്കില്ലല്ലോ. ബെറ്റിയും ജയിംസും ചേർന്ന് 1945ൽ ഇതിനൊരു പരസ്യതന്ത്രവും കണ്ടെത്തി. 400 സ്ലിങ്കികളുമായി അവർ ക്രിസ്മസ് സമയത്ത് ഒരു സ്റ്റോറിലെത്തി. കളിപ്പാട്ടത്തിന്റെ ഡെമോൺസ്ട്രേഷൻ നടത്താനുള്ള ഒരുക്കങ്ങൾ അവരവിടെ കാലേക്കൂട്ടി ചെയ്തിരുന്നു. ചരിഞ്ഞ ഒരു പ്രതലവും പടിക്കെട്ടുകളും. അവർ തങ്ങളുടെ സ്ലിങ്കിയെ ഇതിന്റെ മുകളിൽവച്ച് താഴേക്കു വിട്ടു. സ്പ്രിങ് ഒരു ജീവിയെപ്പോലെ രസകരമായി താഴേക്കിറങ്ങി! അതാ നടക്കുന്ന സ്പ്രിങ്! കൂടിനിന്ന കുട്ടികളും മുതിർന്നവരും അദ്ഭുതത്തോടെ ആ കാഴ്ച കണ്ടു. പിന്നെ താമസമുണ്ടായില്ല. ഒന്നര മണിക്കൂറുകൊണ്ട് 400 സ്ലിങ്കികളും വിറ്റുപോയി. ഒരു ഡോളറായിരുന്നു ഒരു സ്ലിങിയുടെ വില!
1947 ജനുവരി 28ന് ഈ കളിപ്പാട്ടത്തിന് പേറ്റന്റും ലഭിച്ചു. ഹെലിക്കൽ സ്പ്രിങ് ടോയി എന്ന നിലയിലാണ് അദ്ദേഹം പേറ്റന്റ് നേടിയത്. പടിക്കെട്ടുകളിലൂടെ ഗ്രാവിറ്റിയുടെ സഹായം മാത്രം ഉപയോഗിച്ച് സ്വയം നടന്നിറങ്ങുന്ന രസകരമായ ഒരു കളിപ്പാട്ടം.
ഫിസിക്സിന്റെ മനോഹരമായ കളികളാണ് സ്ലിങ്കിയെ ആകർഷമാക്കുന്നത്. വെറുമൊരു കളിപ്പാട്ടം മാത്രമായിരുന്നില്ല ഇത്. സ്പ്രിങ് നടക്കുന്നു എന്നു പറഞ്ഞാൽ അതിന്റെ കോയിലിലൂടെ തുടർച്ചയായി ഊർജ്ജക്കൈമാറ്റം നടക്കുകയാണ്. സ്പ്രിങ് മുഴുവനായി വീഴില്ല. പകരം അതിലെ ഓരോ കോയിലിലൂടെയും ആ ചലനം പകർന്നു പകർന്നു പോകുന്നു. അതാണ് ഇതിന്റെ മനോഹരമാക്കുന്നതും! കുട്ടികളെ ഫിസിക്സ് പഠിപ്പിക്കാനും അനേകം അധ്യാപകർ സ്ലിങ്കിയെ പ്രയോജനപ്പെടുത്തി. വലിച്ചുകെട്ടിയ സ്ലിങ്കിയിലൂടെ കംപ്രഷൻ തരംഗം സഞ്ചരിക്കുന്നതു കാണിക്കാൻ ഇത്ര ലളിതമായ മറ്റൊരു ഉപകരണമില്ല. ഗ്രാവിറ്റിയുടെ സഹായത്തോടെയാണ് സ്ലിങ്കി താഴേക്കു സഞ്ചരിക്കുന്നത്. പക്ഷേ ബഹിരാകാശത്ത് ഇതെങ്ങനെ പ്രവർത്തിക്കും? ഈ കൗതുകം നമ്മുടെ ഈ സ്ലിങ്കിയെ സ്പേസ് ഷട്ടിലേക്കുവരെ എത്തിച്ചു. രസകരമായ പല പരീക്ഷണങ്ങളും അവരവിടെ സ്ലിങ്കി ഉപയോഗിച്ചു നടത്തിയിട്ടുണ്ട്. യുദ്ധത്തിന്റെ ഗവേഷണത്തിനിടയിലെ കൗതുകത്തിലൂടെ ജനിച്ച സ്ലിങ്കി ഇന്നും അനേകം കുട്ടികളെ രസിപ്പിച്ചും പഠിപ്പിച്ചും അവരുടെ പ്രിയപ്പെട്ട കളിപ്പാട്ടമായി തുടരുന്നു.
വാൽക്കണം: മറ്റൊരു കൗതുകകരമായ കാര്യംകൂടി പറഞ്ഞ് നമുക്ക് ഈ സ്പ്രിങ് കഥ അവസാനിപ്പിക്കാം. യുദ്ധകാലത്തെ ഗവേഷണം വഴിതിരിഞ്ഞാണ് സ്ലിങ്കി ജനിച്ചത്. പക്ഷേ ഇതേ സ്ലിങ്കി വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ സൈനികർ റേഡിയോയുടെ ആന്റിന ആയി പ്രയോജനപ്പെടുത്തിട്ടുണ്ട്. യുദ്ധത്തിൽനിന്ന് ജനിച്ച് യുദ്ധാവശ്യത്തിലേക്ക് തിരികെയെത്തി എന്നൊരു ഐറണി കൂടി സ്ലിങ്കിയുടെ കഥയിലുണ്ട്.

Leave a Comment
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ