Energy
ഊർജ്ജസംഭരണം ഇനി ഇലക്ട്രിക് കാറുകളിൽ

വരുംകാലം ഇലക്ട്രിക് വാഹനങ്ങളുടെതാണ്. കാറുകൾ കാര്യം മാത്രം പറയാം. സത്യത്തിൽ ഓരോ ഇലക്ട്രിക് കാറും അതിഭീമമായൊരു പവർബാങ്കാണ്. ശരാശരി 40 യൂണിറ്റെങ്കിലും വൈദ്യുതിയാണ് ഓരോ വാഹനത്തിലും സൂക്ഷിച്ചിരിക്കുന്നത്. പുതിയ കാറുകളിൽ ഇത് 60 യൂണിറ്റിനു മുകളിലാണ്. 100യൂണിറ്റ് വൈദ്യുതി സൂക്ഷിക്കുന്ന കാറുകളും കണ്ടുതുടങ്ങിയിട്ടുണ്ട്. എന്തായാലും പൊതുവിൽ ഒരു വീടിന് രാത്രി ആവശ്യമുള്ള വൈദ്യുതിയുടെ അളവ് 5 മുതൽ 8വരെ യൂണിറ്റ് എന്നു കൂട്ടാം. ഇതിൽത്തന്നെ പീക്ക് അവറിൽ ആവശ്യമുള്ളത് 5 യൂണിറ്റ് കവിയാൻ സാധ്യത കുറവാണ്. അതായത് രണ്ടു മുതൽ നാലു ദിവസം വീടുകളിൽ ഉപയോഗിക്കാനുള്ള വൈദ്യുതി വീട്ടിലെ ഇലക്ട്രിക് കാറിലുണ്ട് എന്നു ചുരുക്കം.
വെഹിക്കിൾ റ്റു ഹോം എന്നൊരു പരിപാടിയുണ്ട്. വാഹനത്തിലെ വൈദ്യുതി ഉപയോഗിച്ച് വീട്ടിലെ വൈദ്യുതാവശ്യങ്ങൾ നിറവേറ്റുന്ന പരിപാടി. സത്യത്തിൽ ലോകമെമ്പാടും ഇവി നയത്തിൽത്തന്നെ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണിത്. വെഹിക്കിൾ റ്റു ഹോം സംവിധാനമില്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കാത്ത നയം ലോകമെമ്പാടും പ്രാബല്യത്തിൽ വരേണ്ടതുണ്ട്. ഒരു പ്രദേശത്ത എല്ലാ ഇവികളെയും സ്മാർട്ട് സോഫ്റ്റുവെയർ സംവിധാനങ്ങളിലൂടെ ഏകോപിപ്പിക്കാൻ കൂടി കഴിഞ്ഞാൽ ഇലക്ട്രിക് കാർ നെറ്റ്‌വർക്ക് വലിയൊരു വെർച്വൽ പവർ പ്ലാന്റ് ആയിപ്പോലും മാറ്റാനാകും.
ഒറ്റ നോട്ടത്തിൽ ഇതിലെന്തു കാര്യം എന്നു തോന്നിയേക്കാം. പക്ഷേ ബുദ്ധിപൂർവം ഉപയോഗിച്ചാൽ ഒരു നാടിന് ഇതിനെക്കാൾ മികച്ചൊരു ഊർജ്ജസംഭരണ സംവിധാനം വേറെയില്ല എന്നു പറയാം. (എന്നിരുന്നാലും പമ്പ്ഡ് സ്റ്റോറേജ പോലെയുള്ള സംവിധാനങ്ങൾക്ക് വേറെ പല ഗുണങ്ങളും ഉണ്ട്.)
ഈ രണ്ടു കാര്യങ്ങളും ചെയ്യാനായാൽ രാത്രി പീക്ക് അവറിൽ വീടുകളിൽ വാഹനം ചാർജു ചെയ്യുന്ന പരിപാടി ഒഴിവാക്കാനാവും. മാത്രമല്ല പീക്ക് അവറിൽ വീട്ടിലേക്കുള്ള വൈദ്യുതി മുഴുവൻ വാഹനത്തിൽനിന്ന് എടുക്കാനുമാവും. വാഹനത്തിന്റെ ആകെ ചാർജിങ് ശേഷിയുടെ പത്തുമുതൽ പതിനഞ്ചു ശതമാനം ചാർജേ ഇതിന് പൊതുവിൽ ആവശ്യം വരൂ. അതിനാൽത്തന്നെ ബാറ്ററിയുടെ ശേഷിയെയും ആയുസ്സിനെയും ഇത് വളരെയധികം ബാധിക്കുകയും ഇല്ല.ഇത്തരമൊരു പദ്ധതിക്ക് വലിയ ഗുണമാണുള്ളത്. ഒരു വലിയ പ്രദേശത്തെ ലക്ഷക്കണക്കിനു വീടുകളിലേക്കുള്ള വൈദ്യുതി രാത്രി പീക്ക് അവർ സമയങ്ങളിൽ വിച്ഛേദിക്കുന്നതിനു തുല്യമാവും ഇത്. അത്രയും വൈദ്യുതി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാനുമാകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യാപനത്തോടെ ഊർജ്ജാവശ്യങ്ങൾ കൂടും എന്നാണ് പ്രതീക്ഷ. ഇത്തരം സാഹചര്യങ്ങളിൽ വൻതോതിൽ സോളാർ പ്ലാന്റുകളും മറ്റും തുടങ്ങേണ്ടിവരും. സോളാർപാടങ്ങൾ ഉണ്ടാക്കുന്നതിനെക്കാൾ നല്ലത് അപ്പോഴും പുരപ്പുറസോളാർ സംവിധാനങ്ങൾതന്നെയാണ്. പക്ഷേ ഇത്തരത്തിൽ ഏതു സോളാർ പ്ലാന്റാണെങ്കിലും അവയുടെ ഏറ്റവും വലിയ പ്രശ്നം, ഉണ്ടാക്കുന്ന വൈദ്യുതി സംഭരിച്ചുവയ്ക്കാനുള്ള പരിമിതിയാണ്. അതിനായി വലിയ ബാറ്ററി സ്റ്റോറേജ് പ്ലാന്റുകൾ തുടങ്ങുക എന്നതാണ് ഒരു മാർഗ്ഗം. ഇതുപക്ഷേ എല്ലായിടത്തും പ്രാവർത്തികമല്ല. അവിടെയാണ് വെഹിക്കിൾ റ്റു ഗ്രിഡ് സംവിധാനങ്ങളും വെഹിക്കിൾ റ്റു ഹോം സംവിധാനങ്ങളും പ്രതീക്ഷയാവുന്നത്.
ഇതുപക്ഷേ ഒറ്റയടിക്ക് ഒരു സംസ്ഥാനത്തിനോ ഒരു പ്രദേശത്തിനോ മാത്രമായി നടപ്പിലാക്കാവുന്ന സംവിധാനമല്ല. ഒരു രാജ്യത്തിന്റെ പൊതുനയത്തിന്റെ ഭാഗമായേ നടപ്പിലാക്കാനാവൂ. അതിൽ ഏറ്റവും പ്രധാനം വെഹിക്കിൾ റ്റു ഹോം എന്ന സംവിധാനം എല്ലാ ഇവികളിലും നയപരമായിത്തന്നെ നടപ്പിലാക്കുക എന്നതാണ്. ഇക്കാര്യം എല്ലായിടത്തും നടപ്പിലായാൽ ലോകത്തിന്റെ തന്നെ ഊർജ്ജസംഭരണ പ്രശ്നങ്ങൾക്ക് വലിയ പരിഹാരമാവും എന്നുറപ്പാണ്.
Filed under EnergyTechnology

Leave a Comment
Comments
Post a Comment